തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ. വിജയന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നായിരുന്നു അജിത്കുമാറിന്റെ മൊഴി. ഇത് പി വിജയന്‍ തള്ളിയിരുന്നു. ആരോപണം അടിസ്ഥാനരഹിതമായ ആരോപണമാണെന്നും നിയമനടപടി വേണമെന്നും ആവശ്യപ്പെട്ട് പി. വിജയന്‍ നല്‍കിയ പരാതിയിലാണ് ഡിജിപി ഈ നിലപാട് കൈക്കൊണ്ടിരിക്കുന്നത്.
സ്വര്‍ണക്കടത്തില്‍ പി വിജയന് പങ്കുണ്ടെന്ന് അജിത് കുമാര്‍ മൊഴി നല്‍കിയിരുന്നു. മുൻ മലപ്പുറം എസ് പി സുജിത് ദാസാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും അജിത് കുമാർ പറഞ്ഞിരുന്നു. ഇതിനെതിരെ പി വിജയൻ ഡിജിപിക്ക് പരാതി നൽകുകയായിരുന്നു. അജിത് കുമാർ നൽകിയത് വ്യാജമൊഴിയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതോടെയാണ് കേസെടുക്കാൻ ഡിജിപി ശുപാർശ നൽകിയിരിക്കുന്നത്. അജിത് കുമാറിനെതിരെ സിവിലായും ക്രിമിനലായും കേസെടുക്കാമെന്ന് ഡിജിപി നൽകിയ ശുപാർശയിൽ പറയുന്നു.
അതേസമയം, ഡിജിപിയുടെ ശുപാര്‍ശയില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പി.വി. അന്‍വര്‍ എം.എല്‍.എ.യുടെ പരാതിയില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ നല്‍കിയ മൊഴിക്കെതിരേയാണ് എ.ഡി.ജി.പി. പി. വിജയന്‍ പരാതി നല്‍കിയിരുന്നത്.
തനിക്ക് ബന്ധമുള്ള തിരുവനന്തപുരത്തെ വ്യവസായി മുജീബുമായി വിജയനും ബന്ധമുണ്ടെന്ന് അജിത്കുമാര്‍ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. കോവിഡ്കാലത്ത് വിജയന്‍ നേതൃത്വം നല്‍കിയ ഭക്ഷണവിതരണ പരിപാടിയില്‍ മുജീബും ബന്ധപ്പെട്ടിരുന്നു. മാമി തിരോധാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട ആഷിക്ക് എന്ന വ്യക്തിയുമായി മലപ്പുറത്തെ ‘നന്മ’ എന്ന സംഘടനവഴി വിജയനു ബന്ധമുണ്ടായിരുന്നെന്നും അജിത്കുമാറിന്റെ മൊഴിയിലുണ്ട്.
തന്നെ കുറ്റവാളിയാക്കാനുള്ള ശ്രമമാണ് അജിത്കുമാര്‍ നല്‍കിയ മൊഴിയെന്നു കാട്ടിയാണ് വിജയന്‍ പരാതിനല്‍കിയത്. അജിത് കുമാറിനെതിരെ സിവിലായും ക്രിമിനലായും കേസെടുക്കാമെന്ന് ഡിജിപി നല്‍കിയ ശുപാര്‍ശയില്‍ വ്യക്തമാക്കിയിരിക്കുന്നത്. തൃശൂര്‍ പൂരം കലക്കല്‍, ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം, എ.ഡി.ജി.പി പി. വിജയനെതിരായ വ്യാജമൊഴി എന്നീ വിഷയങ്ങളില്‍ എം.ആര്‍ അജിത്കുമാര്‍ അന്വേഷണം നേരിടുന്നതിനിടെ ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.










