വൈറ്റ് കോളര്‍” ഭീകര മൊഡ്യൂളിലെ വനിത ഡോക്ടര്‍ ഡോ. ഷഹീന്‍ ഷാഹിദിന്റെ ചിത്രം പുറത്ത്. കഴിഞ്ഞ ദിവസം ഫരീദാബാദില്‍ വച്ചാണ് ലക്‌നൗ സ്വദേശിയായ ഷഹീന്‍ ഷാഹിദ് അറസ്റ്റിലായത്. ഫരീബാദില്‍ പിടിയിലായ ഡോ. മുസമ്മല്‍ അഹമ്മദിന്റെ കാമുകിയാണ് ഇവര്‍.
ഫരീദാബാദില്‍ വന്‍ സ്ഫോടകവസ്തു ശേഖരം പിടികൂടിയതുമായി ബന്ധപ്പെട്ടാണ് യുവതി അറസ്റ്റിലായത്. അല്‍-ഫലാഹ് സര്‍വകലാശാലയിലെ ഫാക്കല്‍റ്റി അംഗമാണ് ഇവര്‍. ഡോ. മുസമ്മല്‍ അഹമ്മദും ഇവിടെയാണ് ജോലി ചെയ്തിരുന്നത്. യൂണിവേഴ്‌സിറ്റി കാമ്പസില്‍ നിന്ന് വെറും 500 മീറ്റര്‍ അകലെയുള്ള ധൗജ് ഗ്രാമത്തിലെ ഒരു വീട്ടില്‍ നിന്നാണ് 360 കിലോഗ്രാം അമോണിയം നൈട്രേറ്റ് അധികൃതര്‍ കണ്ടെടുത്തത്.
ഷഹീന്‍ ഷാഹിദിന് ജെയ്ഷുമായുള്ള നേരിട്ട് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജെയ്ഷെയുടെ വനിതാ വിഭാഗമായ ജമാഅത്ത് ഉല്‍ മൊമിനാത്തിന്റെ ഇന്ത്യയിലെ മേധാവിയാണ് ഷഹീന്‍. ഇന്ത്യയിലെ തീവ്രവാദ ഗ്രൂപ്പിലേക്ക് യുവതികളെ റിക്രൂട്ട് ചെയ്യുന്നതില്‍ പ്രധാനിയാണ് ഇവര്‍. ഇവരുടെ കാറില്‍ നിന്നും എകെ-47 പിടിച്ചെടുത്തിരുന്നു.
ജെയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ സഹോദരി സാദിയ അസ്ഹറിന്റെ നേതൃത്വത്തിലാണ് വനിതാ വിഭാഗം പ്രവര്‍ത്തിക്കുന്നത്. സാദിയയുടെ ഭര്‍ത്താവ് യൂസഫ് അസ്ഹര്‍ 1999 ലെ കാണ്ഡഹാര്‍ വിമാനറാഞ്ചലിന്റെ സൂത്രധാരന്മാരില്‍ ഒരാളായിരുന്നു.





