മാപ്പ് എഴുതിക്കൊടുത്തില്ല;ലിംഗവിവേചനത്തിനെതിരെ പ്രതികരിച്ച വിദ്യാര്‍ത്ഥിയെ ഫാറൂഖ് കോളേജ് സസ്‌പെന്‍ഡ് ചെയ്തു

ഫറോക്ക്: കോഴിക്കോട് ഫാറൂഖ് കോളേജില്‍ ലിംഗസമത്വത്തിന് വേണ്ടി ശബ്ദമുയര്‍ത്തി പെണ്‍കുട്ടികള്‍ക്കൊപ്പം ഇരുന്നതിനെ തുടര്‍ന്ന് അച്ചടക്ക നടപടി നേരിടുന്ന വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്തു. ഫാറൂഖ് കോളേജിലെ ബി.എ സോഷ്യോളജി ആദ്യവര്‍ഷ വിദ്യാര്‍ത്ഥിയായ ദിനുവിനെയാണ് കോളേജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തത്. മാപ്പ് എഴുതി നല്‍കാത്തതിനെ തുടര്‍ന്നാണ് തന്നെ സസ്‌പെന്‍ഡ് ചെയ്തത്.നേരത്തെ ദിനു ഉള്‍പ്പെടെയുള്ള ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ മലയാളം ക്ലാസില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം ഇടകലര്‍ന്ന് ഇരുന്നതിനെ തുടര്‍ന്ന് ക്ലാസില്‍ നിന്നും പുറത്താക്കിയിരുന്നു. രക്ഷിതാക്കളെ കൂട്ടിക്കൊണ്ടുവന്ന് മാപ്പെഴുതി നല്‍കി ക്ലാസില്‍ കയറിയാല്‍ മതിയെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശം.dinu-farrok

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ മലയാളം കോമണ്‍ ക്ലാസ്സില്‍ നിന്നും ആണും പെണ്ണും ഒരുമിച്ചിരുന്നതിന്റെ പേരില്‍ കുറച്ച് വിദ്യാര്‍ത്ഥികളോട് ഇറങ്ങിപ്പോകാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ട സംഭവം ഏറെ വിവാദമായിരുന്നു. ക്ലാസ് മുറി വിട്ടിറങ്ങിയ വിദ്യാര്‍ത്ഥികള്‍ മലയാളവിഭാഗം മേധാവിയ്ക്കും പ്രിന്‍സിപ്പാളിനും പരാതി നല്‍കിയെങ്കിലും രക്ഷിതാക്കളേയും കൂട്ടി അടുത്തദിവസം വരണമെന്നാണ് പ്രിന്‍സിപ്പല്‍ ഉത്തരവിട്ടത്. കോളേജ് നടപടിയില്‍ ശക്തമായി പ്രതിഷേധിച്ച ഇവര്‍ക്കെതിരെ വിദ്യാര്‍ത്ഥി യൂണിയനും രംഗത്ത് വന്നു. ഔദ്യോഗികമായി സസ്‌പെന്‍ഡ് ചെയ്തില്ലെങ്കിലും വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും ഒറ്റപ്പെടുത്തുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്. ഇതിനിടെ ആണും പെണ്ണും ഒരുമിച്ചിരുന്നതിന് വിദ്യാര്‍ത്ഥികളെ പുറത്താക്കിയ സംഭവം വാര്‍ത്തയായതോടെ ഫാറൂഖ് കോളേജിന്റെ ലിംഗവിവേചന നിലപാടുകള്‍ക്കെതിരെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ തങ്ങളുടെ നിലപാടില്‍ നിന്നും ഒട്ടും തന്നെ പിന്നോട്ട് പോകാന്‍ ഫാറൂഖ് കോളേജ് അധികൃതര്‍ തയ്യാറായില്ല. ഒടുവില്‍ രക്ഷിതാക്കളുമായി പ്രിന്‍സിപ്പാളെ കണ്ടെങ്കിലും മാപ്പ് എഴുതി നല്‍കണമെന്നായിരുന്നു പ്രിന്‍സിപ്പാളിന്റെ ആവശ്യമെന്ന് ദിനു പറയുന്നു. ഇതിന് തയ്യാറാകാതിരുന്നതോടെയാണ് ദിനുവിനെ ഔദ്യോഗികമായിത്തന്നെ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. അക്കാദമിക രംഗത്ത് ഏറെ മുന്നിലുള്ള ഫാറൂഖ് കോളേജ് പക്ഷെ തങ്ങളുടെ യാഥാസ്ഥിതികവും ലിംഗവിവേചനപരവുമായ നിലപാടുകളില്‍ ഏറെ കാലമായി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന സ്ഥാപനമാണ്.

Top