ബാലരാമപുരം: മദ്യാപാനം മൂലം വീട്ടില്‍ ശല്ല്യമായി മാറിയ പിതാവിനെ ചോദ്യം ചെയ്ത മകനെ ഉറക്കത്തില്‍ പെട്രോളൊഴിച്ച് കത്തിച്ച് കൊന്നു. പള്ളിച്ചല്‍ അയണിമൂട് മുക്കലമ്പാട് വീട്ടില്‍ രാജേഷ് കുമാര്‍(26) ആണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അച്ഛന്‍ ഭുവനചന്ദ്രന്‍ നായരെ (62) നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 23നു രാത്രി 11.30 മണിയോടെയാണു സംഭവം. മകന്‍ ഉറങ്ങിക്കിടക്കെയായിരുന്നു സംഭവം. ആത്മഹത്യയായി മാറുമായിരുന്ന കേസിനു, വീടിനു പരിസരത്തു നിന്നു രാജേഷിന്റെ സുഹൃത്തുക്കള്‍ കണ്ടെത്തിയ പെട്രോള്‍ കുപ്പിയാണു വഴിത്തിരിവായത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെയാണ്; ..
23നു വൈകിട്ട് വീട്ടില്‍ വച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നു. അതിനിടെ ഉന്തുതള്ളും നടന്നു. അച്ഛനോടു വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ മകന്‍ ആവശ്യപ്പെട്ടുവത്രേ. തുടര്‍ന്ന്, വീടുവിട്ടുപോയ ഇയാള്‍ പാപ്പനംകോട്ടെ ബന്ധുവീടിനു സമീപം ഷെഡില്‍ കിടന്നുറങ്ങുകയും 11.30 മണിയോടെ പള്ളിച്ചലിലെ പെട്രോള്‍ പമ്പില്‍ നിന്ന് ഒരു ലീറ്റര്‍ പെട്രോള്‍ വാങ്ങി വീട്ടിലെത്തുകയും ചെയ്തു. തുടര്‍ന്നു വീടിനു പിന്നിലിരുന്നു മദ്യപിച്ച ശേഷം, മകന്‍ കിടന്നിരുന്ന കട്ടിലില്‍ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി. മുറിപൂട്ടി അകത്തുകിടക്കുകയായിരുന്നു രാജേഷ് കുമാര്‍. മകന്‍ കിടന്നിരുന്ന മുറിയുടെ ഒരു വശത്തെ ജനല്‍പാളി പുറത്തുനിന്നു തുറന്നശേഷമാണ് കട്ടിലിലെ ബെഡില്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ചത്.
തീ അതിവേഗം ആളിപ്പടര്‍ന്നതിനാല്‍ രാജേഷിനു രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. രാജേഷിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ ബന്ധുക്കളും നാട്ടുകാരും നരുവാമൂട് പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് ഇയാളെ 108 ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 90 ശതമാനത്തോളം പൊള്ളലേറ്റ രാജേഷ് 24നു വൈകിട്ടോടെ മരിച്ചു. സംഭവത്തിനു ശേഷം ഭുവനചന്ദ്രന്‍ നായര്‍ ആരുമറിയാതെ പാപ്പനംകോട്ടെത്തി കിടന്നുറങ്ങുകയും ചെയ്തു. ഇതിനിടെ, മകന് അപകടം പറ്റിയെന്നു ബന്ധുക്കള്‍ പറഞ്ഞറിഞ്ഞു മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയ പിതാവ്, അത്യാസന്നനിലയില്‍ കഴിയുന്ന മകനെ കാണാന്‍ ശ്രമിക്കാതിരുന്നതു സംശയം ജനിപ്പിച്ചിരുന്നു. ഒടുവില്‍, മകന്റെ മൃതദേഹവുമായി വീട്ടിലെത്തി സംസ്‌കാര ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കിയ ഭുവനചന്ദ്രന്‍ നായര്‍ ആര്‍ക്കും സംശയം ജനിപ്പിക്കാത്ത രീതിയിലായിരുന്ന പെരുമാറിയത്. സംഭവമറിഞ്ഞു വീട്ടിലെത്തിയ സുഹൃത്തുക്കള്‍, വീടിനു സമീപത്തു കുറച്ചു പെട്രോളുമായി ഒരു കുപ്പി കിടക്കുന്നതു ശ്രദ്ധിച്ചിരുന്നു.
ഇതിന്റെ ഫോട്ടോ അവര്‍ എടുത്തു സൂക്ഷിക്കുകയും ചെയ്തു. രാജേഷ് കുമാറിന്റെ സഞ്ചയനത്തിനു ശേഷം പൊലീസ് ഭുവനചന്ദ്രന്‍ നായരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഉത്തരങ്ങള്‍ മാറിമാറിപ്പറഞ്ഞതോടെ പൊലീസിനും സംശയമായി. ഇതിനിടെ, പെട്രോള്‍ കുപ്പി കിടന്നിരുന്ന സ്ഥലത്തു നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തതോടെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. പെട്രോള്‍ കുപ്പി പാപ്പനംകോട്ട് താമസിച്ചിരുന്ന സ്ഥലത്തുനിന്നു പൊലീസ് കണ്ടെടുക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നു തിങ്കളാഴ്ച വൈകിട്ടോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു. പെയിന്റിങ് തൊഴിലാളികളായ ഇരുവരും മദ്യപിച്ചു വീട്ടില്‍ ബഹളമുണ്ടാക്കുന്നതു പതിവായിരുന്നുവെന്നു പൊലീസ് പറഞ്ഞു. അവിവാഹിതനാണു രാജേഷ്.


