ലണ്ടന്‍:ഐഎസ് ഭീകരരെ കൊന്നൊടുക്കാന്‍ ജീവന്‍ പോലും അവഗണിച്ച് ബ്രിട്ടീഷ് പെണ്‍കുട്ടി രംഗത്ത് . സിറിയയില്‍ ഐഎസ് തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തിനായി സ്വന്തം ജീവന്‍ പോലും അവഗണിച്ച് ആദ്യമായി ബ്രിട്ടീഷ് യുവതി രംഗത്തു വന്നിരിക്കുന്നത്. മെര്‍സിസൈഡിലുള്ള ഇരുപത്തിയേഴുകാരിയായ ഗണിത ബിരുദധാരി കിംബെര്‍ലി ടെയ്‌ലറാണ് പതിനെട്ടു മാസങ്ങള്‍ക്കു മുമ്പ് വീടുവിട്ട് യുദ്ധമേഖലയില്‍ എത്തിയിരിക്കുന്നത്. ആദ്യം സുഹൃത്തിന്റെ വെബ്‌സൈറ്റില്‍ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ എഴുതിത്തുടങ്ങിയ ടെയ്‌ലര്‍ പിന്നീട് കുര്‍ദിഷ് പോരാളികളുടെ വനിതാ സംരക്ഷണവിഭാഗത്തില്‍ അംഗമാകുകയായിരുന്നു.ഐഎസിനെതിരായ പോരാട്ടത്തില്‍ ജീവന്‍ ത്യജിക്കാനും തയ്യാറാണെന്ന് ടെയ്‌ലര്‍ പറഞ്ഞു.
യുദ്ധം ഐഎസ് ഭീകരരെ കൊല്ലാനോ ബലാത്സംഗങ്ങള്‍ തടയാനോ മാത്രമല്ല. ലോകത്തിനാകെ വേണ്ടിയാണ് പോരാട്ടം. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും മനുഷ്യത്വത്തിനും വേണ്ടി എന്തു പ്രതിസന്ധികളും തരണം ചെയ്യുമെന്നും ടെയ്‌ലര്‍ പറഞ്ഞു. ഇടത് അനുഭാവിയായ ടെയ്‌ലര്‍ ഏതാണ്ട് 20 വര്‍ഷത്തോളം ചെലവഴിച്ചത് ആഫ്രിക്കയിലും സൗത്ത് അമേരിക്കയിലും യൂറോപ്പിലുമാണ്. സിറിയന്‍ സുഹൃത്തിന്റെ ഗ്രാമത്തില്‍ ഐഎസ് ഭീകരര്‍ നടത്തിയ അതിക്രമങ്ങള്‍ അറിഞ്ഞതോടെയാണ് യുദ്ധഭൂമിയിലെത്താന്‍ തീരുമാനിച്ചത്. 5000 യസീദി സ്ത്രീകളെ ഐഎസ് തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമകളാക്കുക കൂടി ചെയ്തതോടെ തിരിച്ചടിച്ചേ മതിയാകൂ എന്ന് ഈ ബ്രിട്ടീഷ് യുവതി തീരുമാനിച്ചു.
ലിവര്‍പൂള്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയ ടെയ്‌ലര്‍ പതിനൊന്നു മാസത്തോളം കുര്‍ദിഷ് വനിതകള്‍ക്കൊപ്പം പരിശീലനം നേടിയ ശേഷമാണ് യുദ്ധരംഗത്തിറങ്ങിയിരിക്കുന്നത്. യുദ്ധതന്ത്രങ്ങള്‍ക്കൊപ്പം നന്നായി കുര്‍ദിഷ് ഭാഷ കൈകാര്യം ചെയ്യാനും ടെയ്‌ലര്‍ പഠിച്ചുകഴിഞ്ഞു. ഐഎസ് ശക്തികേന്ദ്രമായ റാഖയ്‌ക്കെതിരേ ഒക്‌ടോബറില്‍ നടന്ന പോരാട്ടത്തില്‍ ടെയ്‌ലര്‍ പങ്കെടുത്തിരുന്നു. സൈനികവേഷത്തില്‍ തോക്കുമായി സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന നിരവധി ചിത്രങ്ങള്‍ ടെയ്‌ലര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍നിന്നുളള അഭയാര്‍ഥികളുടെ പരിതാപകരമായ അവസ്ഥ നേരില്‍ ബോധ്യപ്പെട്ടതോടെ അവര്‍ക്കായി ജീവന്‍ ത്യജിക്കാന്‍ മനസൊരുക്കി. സിറിയയില്‍ അല്‍ ഹസക്കാഹിലാണ് ടെയ്‌ലര്‍ ഇപ്പോള്‍ കഴിയുന്നത്. സ്‌റ്റോക്ക്‌ഹോം സര്‍വകലാശാലയിലെ രണ്ടാം ബിരുദ പഠനം വേണ്ടെന്നു വച്ചാണ് ടെയ്‌ലര്‍ സിറിയയില്‍ എത്തിയിരിക്കുന്നത്. കുര്‍ദിഷ് പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റുകളുടെ മീഡിയാ സംഘത്തിലും ടെയ്‌ലര്‍ സജീവമാണ്.