പത്തുലക്ഷത്തിന്റെ ഫോര്‍ഡ് ഫിയസ്റ്റ ഓട്ടത്തിനിടെ പൂര്‍ണ്ണമായും കത്തി നശിച്ചു

കോട്ടയം: ഫോര്‍ഡ് ഫിയസ്റ്റ് ഓട്ടത്തിനിടെ കത്തി. പത്ത് ലക്ഷം രൂപയോളം വിലവരുന്ന കാറാണ് കഴിഞ്ഞ ദിവസം കോട്ടയം നഗരമധ്യത്തില്‍ വച്ച് കത്തിചാമ്പലായത്. കാരിത്താസ് ആശുപത്രിയിലെ ഡോക്ടറുടേതാണ് കാര്‍. അതേ സമയം കാര്‍ എങ്ങിനെയാണ് തീ പിടിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല.

ഇന്നലെ ഉച്ചയ്ക്ക് 12.30നു തിരുനക്കര ആസാദ് ലൈനിലാണ് അപകടമുണ്ടായത്. കാരിത്താസ് ആശുപത്രിയിലെ ന്യൂറോ ഡോക്ടര്‍ ദീപക്കിന്റെ ഉടമസ്ഥതയിലുള്ള ഫോഡ് ഫീയസ്റ്റാ കാറാണ് കത്തിനശിച്ചത്. ദീപക്കിന്റെ അമ്മാവന്‍ ആലപ്പുഴ മാമ്പുഴക്കരി തട്ടാരുപറമ്പില്‍ സുരേഷ് ബോസാണ് കാര്‍ ഓടിച്ചിരുന്നത്.
ഇരട്ടക്കുട്ടികള്‍ക്ക് പോളിയോ വാക്‌സിനേഷന്‍ നല്‍കാന്‍ ഭാരത് ആശുപത്രിയില്‍ എത്തിയതായിരുന്നു സുരേഷും കുടുംബവും. കാറിലുണ്ടായിരുന്ന സുരേഷിന്റെ ഭാര്യ ഓമനകുമാരിയെയും ഒരുമാസം പ്രായമായ ഇരട്ടക്കുട്ടികളെയും സഹോദരി ജെമീലയെയും ആശുപത്രി പരിസരത്ത് ഇറക്കി.

തുടര്‍ന്ന് വാഹനം പാര്‍ക്ക് ചെയ്യുന്നതിനിടെ കാറിന്റെ മുന്‍വശത്ത് നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട സുരേഷ് ഉടനെ ആശുപത്രി പരിസരത്തു നിന്നും കാര്‍ റോഡിലേക്കിറക്കി.
ആസാദ് ലെന്‍ റോഡിനു താഴെക്കിറക്കുന്നതിനിടെ തീപടര്‍ന്നു പിടിക്കുകയായിരുന്നു. കാറില്‍ നിന്നും പുറത്തിറങ്ങിയ സുരേഷ് സമീപത്തു പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാരോട് വാഹനങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെതുടര്‍ന്നു സംഭവസ്ഥലത്തെത്തിയ കോട്ടയം ഫയര്‍ഫോഴ്‌സ് യൂണിറ്റാണ് തീയണച്ചത്. തീപിടുത്തത്തില്‍ കാറിന്റെ ഉള്‍വശം പൂര്‍ണമായും കത്തിനശിച്ചു.

Top