മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ. ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പ്രതിഷേധിച്ച് സിവില്‍ സര്‍വീസില്‍ നിന്നും രാജിവച്ചിരുന്നു

ന്യൂഡല്‍ഹി: മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ .എഐസിസി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചു. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പാര്‍ട്ടി അംഗത്വം നല്‍കി.

ജമ്മു കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യവിരുദ്ധമായ നടപടികള്‍ സ്വീകരിക്കുന്നുവെന്നാരോപിച്ച് സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് കണ്ണന്‍ ഗോപിനാഥന്‍. 2019-ൽ ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പ്രതിഷേധിച്ചാണ് സർവീസിൽ നിന്നും രാജിവച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് പറ്റിയ ഇടമാണ് കോണ്‍ഗ്രസ് എന്നാണ് കണ്ണൻ ഗോപിനാഥൻ കോണ്‍ഗ്രസിലേക്ക് ചേരുന്നതിന് മുമ്പായി പ്രതികരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജമ്മു കശ്മീരിലെ പ്രത്യേക പദവി എടുത്തുകളഞ്ഞ സമയത്താണ് കണ്ണൻ ഗോപിനാഥൻ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. കശ്മീരിലെ ജനങ്ങളുടെ ജനാധിപത്യ അവകാശവും ഭരണഘടന അവകാശവും ലംഘിക്കുന്നുവെന്നും രാജ്യത്തെ ഒരു പൗരൻ എന്ന നിലയിൽ നിശബ്ദനായിരിക്കാൻ കഴിയില്ലെന്നും കണ്ണൻ ഗോപിനാഥൻ തുറന്നടിച്ചിരുന്നു.

നോട്ടുനിരോധനം അടക്കമുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ഒരോ നയങ്ങള്‍ക്കെതിരെയും അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കണ്ണൻ ഗോപിനാഥനെതിരെ കുറ്റപത്രം നൽകിയിരുന്നു. കേന്ദ്രത്തിന്‍റെ പ്രതിച്ഛായ കളയാൻ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രമിച്ചുവെന്ന തരത്തിലായിരുന്നു കുറ്റപത്രം.

2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു കണ്ണന്‍. കോട്ടയം കൂരോപ്പട സ്വദേശിയാണ്. രാജിവെച്ചതിന് ശേഷം രാജ്യത്ത് നടന്ന സിഐഎ വിരുദ്ധ പ്രക്ഷോഭങ്ങളിലും മറ്റ് ജനകീയ സമരങ്ങളിലും കണ്ണന്‍ സജീവമായിരുന്നു.

Top