ഫ്രാങ്കോ ചില്ലറക്കാരനല്ല: മോദിയുമായി അടുപ്പം, ജെയ്റ്റിലിയുമായി കൂട്ട്; സഭയ്ക്കു മുകളിൽ വളർന്ന ബന്ധങ്ങളുമായി ഫ്രാങ്കോ തലയ്ക്കു മുകളിൽ വളർന്നു; അറസ്റ്റിനു തടസം സഭയെയും ഭയപ്പെടുത്ത ബിഷപ്പിന്റെ ബന്ധങ്ങൾ

സ്വന്തം ലേഖകൻ

ജലന്ധർ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലെന്ന പേര് മലയാളികൾക്കിടയിൽ പ്രശസ്തമായത് കന്യാസ്ത്രീ നൽകിയ പരാതിയോടെയാണ്. പക്ഷേ, കേന്ദ്ര സർക്കാരിനെയും ബിജെപിയെയും സംസ്ഥാന കേന്ദ്ര രാഷ്ട്രീയ പാർട്ടികളെയും വിറപ്പിച്ചു നിർത്തുന്ന ഫ്രാങ്കോയ്ക്കു തണലാകുന്നത് ഈ ബന്ധങ്ങൾ തന്നെയാണ്.
പഞ്ചാബിലെ ജലന്ധർ രൂപതയുടെ അധ്യക്ഷനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ബന്ധങ്ങൾ കേട്ടാൽ ആരും ഒന്ന് ഞെട്ടും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി രാഷ്ട്രീയത്തിനു അതീതമായ ബന്ധങ്ങൾ സൂക്ഷിക്കുന്ന ബിഷപ്പ് ഫ്രാങ്കോ, ജലന്ധറിലെ ഗുണ്ടാ നേതാവ് തന്നെയാണ്. ഗുണ്ടാ സംരക്ഷണത്തിന്റെ തണലിലാണ് ബിഷപ്പ് ഇവിടെ തന്റെ രൂപത കൊണ്ടു നടക്കുന്നത്. പഞ്ചാബിലടക്കം രാഷ്ട്രീയമായ ഭീഷണി നേരിടേണ്ടി വന്നപ്പോൾ തന്റെ രാഷ്ട്രീയവും ഗുണ്ടാ ബന്ധങ്ങളും ഉപയോഗിച്ചാണ് ബിഷപ്പ് നേരിട്ടത്. ഇതിനു തണലായി നിന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ സംരക്ഷണം തന്നെയാണ്.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പഞ്ചാബിലെ അമൃത് സറിൽ മത്സരിക്കാനെത്തിയപ്പോൾ വേണ്ട പിൻതുണ ഉറപ്പ് നൽകിയത് ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലായിരുന്നു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ജയ്റ്റ്‌ലിയെ ധനമന്ത്രാലയത്തിന്റെ നിർണ്ണായക സ്ഥാനത്ത് ഇരുത്തിയതിൽ കൃത്യമായ ഇടപെടൽ നടത്തിയത് ഫ്രാങ്കോ മുളയ്ക്കലായിരുന്നു. ഇടതു മുന്നണിയുടെ എംഎൽഎയായിരുന്ന അൽഫോൺസ് കണ്ണന്താനത്തെ രാത്രിയ്ക്കു രാത്രി മറുകണ്ടം ചാടിച്ച് കേന്ദ്രമന്ത്രി സ്ഥാനത്ത് വരെ എത്തിച്ചതിനു പിന്നിലും ഈ ബിഷപ്പിന്റെ കൈകളുണ്ടായിരുന്നു എന്നത് പകൽ പോലെ വ്യക്തമായ കാര്യമായിരുന്നു. അൽഫോൺസ് കണ്ണന്താനത്തിന്റെ വൈദികനായ സഹോദരനുമായി അടുത്ത ബന്ധമാണ് ഈ ബിഷപ്പ് കാത്തു സൂക്ഷിച്ചിരുന്നത്. അതുകൊണ്ടു തന്നെ കേരളത്തിൽ ഇപ്പോഴുണ്ടാകുന്ന കോലാഹലങ്ങളിൽ മൗനം പാലിക്കണമെന്ന കൃത്യമായ നിർദേശം ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാനത്തിന് നൽകിയിട്ടുണ്ട്.
കോൺഗ്രസ് നേതാക്കളെ വരച്ചവരയിൽ നിർത്താനുള്ള കൃത്യമായ പ്ലാനും പദ്ധതിയും ഈ ബിഷപ്പിന്റെ പോക്കറ്റിലുണ്ട്. രാഹുൽ ഗാന്ധിയുടെ ഏറ്റവും വിശ്വസ്തനായ മലയാളി നേതാവ് ടോം വടക്കൻ ബിഷപ്പിന്റെ പ്രിയ ശിഷ്യനാണ്. ടോം വടക്കന്റെയും രാഹുൽ ഗാന്ധിയുടെയും പഞ്ചാബിലെ കോൺഗ്രസ് നേതൃത്വത്തിന്റെ മൗനവും നിലവിൽ സംസ്ഥാനത്തെ ഉമ്മൻചാണ്ടി അടക്കമുള്ള കോൺഗ്രസുകാരെയും മൗനത്തിലാക്കുന്നു.
സംസ്ഥാനത്തെ ക്രൈസ്തവ സഭയിൽ ഏറ്റവും സ്വാധീനമുള്ള മധ്യകേരളത്തിലെ ഒരു ബിഷപ്പിന്റെ ഇടപെടൽ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിൽ നിന്നു തടയുന്നത്. മുഖ്യമന്ത്രിയുമായി ഏറെ അടുപ്പമുള്ള ഈ ബിഷപ്പിന്റെ വാക്കു കേട്ട് സർക്കാരും പൊലീസും കടുത്ത സമ്മർദനത്തിലായിരിക്കുന്നു. ഈ ബന്ധങ്ങളെല്ലാം ഫ്രാങ്കോയ്ക്കു തണൽ തീർക്കുമ്പോൾ കടുത്ത പ്രതിസന്ധിയിലായിരിക്കുന്നത് കേരള പൊലീസ് തന്നെയാണ്.

Latest
Widgets Magazine