കണ്ണൂർ: കെ.സുധാകരനെതിരായ പരമാർശം തെറ്റിദ്ധാരണമൂലെന്ന് ബ്രണ്ണൻ കോളജിൽ സുധാകരന്റെ സഹപാഠിയായിരുന്ന ഫ്രാൻസിസിന്റെ മകൻ ജോബി ഫ്രാൻസിസ്. സുധാകരനുമായി പ്രശ്നങ്ങളൊന്നുമില്ല. കാര്യങ്ങൾ വിശദമായി സംസാരിച്ചെന്നും ജോബി ഫ്രാൻസിസ് പറഞ്ഞു. ഞായറാഴ്ച വൈകിട്ടു ഇരുവരും നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ജോബിയുടെ പ്രതികരണം.
തലശ്ശേരി ബ്രണ്ണൻ കോളജിൽ കെഎസ്‌യു പ്രവർത്തകനായിരുന്ന ഫ്രാൻസിസ് കത്തിയുമായി പിണറായി വിജയനെ ആക്രമിച്ചെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവന വേദനിപ്പിച്ചെന്നു ജോബി ഫ്രാൻസിസ് പറഞ്ഞിരുന്നു. കൊലപാതക രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിക്കുന്ന ഒരാളായി ഫ്രാൻസിസിനെ ചിത്രീകരിച്ച സുധാകരൻ തെറ്റു തിരുത്തിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ജീവിതത്തിൽ മറ്റുള്ളവരെ ദ്രോഹിക്കാത്ത സ്വഭാവക്കാരനായ ഫ്രാൻസിസിനെ മരണശേഷം വേട്ടയാടുന്നത് ശരിയല്ല. കെഎസ്‍യുക്കാരനായിരുന്ന ഫ്രാൻസിസ് പിന്നീട് സിപിഎം പ്രവർത്തകനായി. കലാലയ രാഷ്ട്രീയത്തിനു ശേഷവും അദ്ദേഹം പിണറായി വിജയനുമായും ഇടതുപക്ഷ നേതാക്കളുമായും ആത്മബന്ധം പുലർത്തിയിരുന്നതായി ഫ്രാൻസിസിന്റെ മകൻ ജോബി ഫ്രാൻസിസ് പറഞ്ഞു. ഇതിനു പിന്നാലെയാണ് കെ.സുധാകരന്റെ ജോബിയുമായി കൂടിക്കാഴ്ച നടത്തിയത്.
അച്ഛന്‍ ഫ്രാന്‍സിസിന് പിണറായി വിജയനുമായി പില്‍ക്കാലത്തും സൗഹൃദമുണ്ടായിരുന്നു. അച്ഛൻ കത്തിയുമായി നടക്കുന്ന ആളായിരുന്നില്ല. അദ്ദേഹം ഒരിക്കലും ആരെയും ഉപദ്രവിക്കുന്ന ആളല്ല. പിണറായി വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ കൂരാച്ചുകുണ്ടിൽ എത്തിയപ്പോൾ അച്ഛനെ വിളിച്ച് സംസാരിച്ചിരുന്നു. അദ്ദേഹത്തിന്‍റെ വിളിപ്പേര് പോലും ഓർത്തുകൊണ്ടായിരുന്നു അന്ന് പിണറായി സംസാരിച്ചതെന്നും ജോബി പറഞ്ഞിരുന്നു.