ഗാസ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ്ട്രംപിന്റെ 20 ഇന നിര്‍ദേശങ്ങള്‍ അടങ്ങിയ ഗാസ പദ്ധതിയെ അംഗീകരിച്ച് ഹമാസ്. ഇസ്രയേലി ബന്ദികളെ വിട്ടയക്കാനും ഗസയുടെ ഭരണം കൈമാറുന്നതിനും തയാറാണെന്ന് ഹമാസ് അറിയിച്ചു. മധ്യസ്ഥ ചർച്ചകൾക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയ ഹമാസ് മറ്റ് ഉപാധികളിന്മേൽ കൂടുതൽ ചർച്ച വേണമെന്നും പ്രസ്താവനയിലൂടെ അറിയിച്ചു.അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 20 ഇന സമാധാനപദ്ധതിയിൽ പ്രതികരണമറിയിച്ച് ഹമാസ്.
നിര്‍ദേശങ്ങളില്‍ ചില കാര്യങ്ങളില്‍ ഇനിയും ചര്‍ച്ച ആവശ്യമാണെന്നാണ് ഹമാസിന്റെ നിലപാട്. എല്ലാ ബന്ദികളെയും മരിച്ചവരുടെ മൃതദേഹങ്ങളും വിട്ടയക്കാമെന്ന് ഹമാസ് അറിയിച്ചു. എന്നാല്‍ നിരായൂധീകരണത്തെ കുറിച്ച് ഹമാസ് പ്രതികരിച്ചിട്ടില്ല. ബന്ദി മോചനത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ മധ്യസ്ഥതയിലൂടെ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും ഹമാസ് അറിയിച്ചു.
പലസ്തീന്‍ ദേശീയസമവായത്തോടെയും അറബ് ഇസ്ലാമിക പിന്തുണയോടെയും കൂടി ഗാസ മുനമ്പിന്റെ ഭരണം പലസ്തീന്‍ സ്വതന്ത്ര സംവിധാനത്തിന് കൈമാറാന്‍ തയ്യാറാണ്’, ഹമാസ് പറയുന്നു. ട്രംപ് മുന്നോട്ട് വെച്ച, ട്രംപും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറും നേതൃത്വം വഹിക്കുന്ന അന്താരാഷ്ട്ര ഗവേണന്‍സ് ബോഡിക്ക് പകരം പലസ്തീനികള്‍ ഗാസ ഭരിക്കണമെന്നാണ് ഹമാസ് പറയുന്നത്. ട്രംപിന്റെ ഗാസ പദ്ധതിയില്‍ ഇനിയും ചര്‍ച്ചകള്‍ ആവശ്യമാണ്. ഗാസ മുനമ്പിന്റെ ഭാവിയും പലസ്തീന്‍ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങളും ഏകകണ്ഠമായ ദേശീയ നിലപാടും അന്താരാഷ്ട്ര നിയമങ്ങളും പ്രമേയങ്ങളും മുന്‍നിര്‍ത്തിയാണ് തീരുമാനിക്കേണ്ടതെന്നും ഹമാസ് പറഞ്ഞു.
ഞായറാഴ്ച വൈകിട്ട് ആറിനകം സമാധാന കരാർ അംഗീകരിക്കണമെന്ന് യുഎസ് പ്രസിഡന്‍റ് ഹമാസിന് അന്ത്യശാസനം നൽകിയിരുന്നു. പദ്ധതി അംഗീകരിക്കാത്ത പക്ഷം വൻ തിരിച്ചടി നേരിടേണ്ടി വരുമെന്നായിരുന്നു ട്രംപിന്‍റെ ഭീഷണി. ഇതിനു പിന്നാലെയാണ് ഹമാസിന്റെ പ്രതികരണം. ഇതോടെ ഒക്ടോബർ 2023ലെ ആക്രമണത്തിൽ ബന്ദികളാക്കപ്പെട്ടവരുടെ മോചനം ഉറപ്പാക്കാനുള്ള മാസങ്ങളായുള്ള ശ്രമങ്ങളിൽ ഇത് നിർണ്ണായകമായ വഴിത്തിരിവാകും.


