ഹാര്‍ലി ഡേവിഡ്സണിന്റെ റോഡ് ഗ്ലൈഡ് കേരളത്തിലും; വില അര കോടി !

കണ്ണൂര്‍: ഇരുചക്രവാഹന കമ്പക്കാരുടെ മനസിലെ സ്വപ്നമാണ് ഹാര്‍ലി
ഡേവിഡ്സണ്‍ ബൈക്ക്.  അമേരിക്കന്‍ കമ്പനിയായ ഹാര്‍ലി ഡേവിഡ്സണിന്റെ ഈ
വര്‍ഷത്തെ ഏറ്റവും പുതിയ മോഡലായ റോഡ് ഗ്ലൈഡ് ഇന്ത്യയിലാദ്യമായി
സ്വന്തമാക്കിയത് ഒരു മലയാളി. സൗദിയില്‍ സര്‍ക്കാര്‍ തലത്തിലെ
കണ്‍സ്ട്രക്ഷന്‍ ജോലികള്‍ ഏറ്റെടുത്തു നടത്തുന്ന വന്‍കിട ഗ്രൂപ്പിന്റെ
തലവനായ കണ്ണൂര്‍ അഴീക്കോട്ടെ എന്‍. കെ സൂരജാണ് ആഡംബര ബൈക്ക് ഭ്രമത്തില്‍
ഹാര്‍ലി ഡേവിഡ്സണിന്റെ ഏറ്റവും പുതിയ മോഡല്‍ സ്വന്തമാക്കിയത്. വില
കേട്ടാല്‍ ഞെട്ടും. റോഡിലിറക്കുമ്പോള്‍ ബൈക്കിനു വരുന്ന ചിലവ് 60
ലക്ഷത്തോളം രൂപ.

ടൂറിങ് ബൈക്കുകളിലെ കേമന്‍ ആരെന്ന ചോദ്യത്തിന് ഒരേയ1രു ഉത്തരമാണ് ഹാര്‍ലി
ഡേവിഡ്സണ്‍ ബൈക്കുകള്‍. ബൈക്കിലെ ദൂരയാത്രകള്‍ ലക്ഷ്വറി കാര്‍ യാത്ര
പോലെ സുഗമമാക്കുന്ന ബൈക്ക്. പാശ്ചാത്യ രാജ്യങ്ങളില്‍ ബൈക്ക് പ്രേമികളുടെ
ഹരമായ ഈ വാഹനത്തിന്റെ ഏറ്റവും പുതിയ മോഡലിനെയാണ് സൂരജ് സ്വന്തമാക്കിയത്.
ഇന്ത്യയില്‍ ഈ മോഡല്‍ ആദ്യമായി കോഴിക്കോട്ടെ ഹാര്‍ലി ഡേവിഡ്സണ്‍ ഷോറൂം
മുഖേന സൂരജ് വാങ്ങിക്കുകയായിരുന്നു. അമേരിക്കയില്‍ നിന്നുമെത്തിയ
ബൈക്കിനെ രാജകീയമായാണ് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ അഴീക്കോട്ടെ
സൂരജിന്റെ വീട്ടിലെത്തിച്ച് കമ്പനി കൈമാറിയത്.

ഒരു ആഡംബര കാറിലുള്ളതിലധികം സജ്ജീകരണങ്ങളാണ് കാഴ്ചയില്‍ ഭീമാകാരനായ ഈ
ബൈക്കിലുള്ളത്. എബിഎസ് ബ്രേക്കിങ് സിസ്റ്റമുള്ളതിനാല്‍ പിടിച്ചിടത്തു
നിര്‍ത്താം. ഒറ്റ നോട്ടത്തില്‍ തന്നെ കുലീനത്വം വിളിച്ചോതുന്നതാണ് ഈ
വാഹനം.

ഹോളിവുഡ് സിനിമകളില്‍ കാണുന്ന പോലീസ് ബൈക്കുകളുടെ അതേ രൂപമാണ് റോഡ്
ഗ്ലൈഡിനുള്ളത്. മൂന്ന് ഹെഡ്ലൈറ്റുകളും ഇന്റിക്കേറ്ററുകളും വളരെ ഭംഗിയായി
ക്രമീകരിച്ചിരിക്കുന്നു. വലിയ വൈസര്‍ കം വിന്‍ഡ് ഷീല്‍ഡിന്റെ പിന്നിലായി
ഒളിപ്പിച്ചു വച്ചിരിക്കുന്ന സെന്റര്‍ കണ്‍സോള്‍. അതില്‍ ടാക്കോമീറ്റര്‍,
ഫ്യൂവല്‍ ഗേജ്, സ്പീഡോ മീറ്റര്‍, വോള്‍ട്ട് മീറ്റര്‍, മ്യൂസിക് സിസ്റ്റം
എന്നിവയുമുണ്ട്. വൈസറിന്റെ ഇരുവശങ്ങളിലും താഴെയായി രണ്ട്
സ്പീക്കറുകളുമുണ്ട്. ഇവയെ കൂടാതെ പിറകില്‍ ബാക്ക് റെസ്റ്റിന്റെ
ഇരുവശത്തായും രണ്ട് സ്പീക്കറുകള്‍ ഉണ്ട്.

ദൂരയാത്രകളില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് തണുപ്പകറ്റാനുള്ള ഹാന്റില്‍
ബാര്‍ ഹീറ്ററും ഗ്ളൈഡിലുണ്ട്. തണുപ്പുള്ള രാജ്യങ്ങളെ ഉദ്ദേശിച്ചാണിത്.
ദൂരയാത്രകള്‍ക്ക് ഏറ്റവും അനുയോജ്യമായ തരത്തിലാണ് സീറ്റ്
ക്രമീകരിച്ചിരിക്കുന്നത്. വളരെ ആഡംബരപൂര്‍ണ്ണമായ സീറ്റും
പിന്‍യാത്രക്കാരനുള്ള ബാക്ക് റെസ്റ്റും സുഖകരമായ യാത്രാനുഭവം
സമ്മാനിക്കുന്നു. ബൈക്കിന്റെ പുറകിലും, പുറകില്‍ ഇരുവശത്തും യാത്രാ
സാമഗ്രികള്‍ സൂക്ഷിക്കാനായി ബോക്സുകള്‍ ഉണ്ട്. അതില്‍ മൊബൈല്‍,
ലാപ്ടോപ്പ് ചാര്‍ജറുകളും ഉണ്ട്. പിന്‍യാത്രക്കാരനുമായി യാത്രാ വേളയില്‍
സംസാരിക്കാനായി ഇന്റര്‍ കോം സൗകര്യവുമുണ്ട്. ക്രൂയിസ് കണ്‍ട്രോള്‍,
ആന്റിലോക്ക്, സെക്യൂരിറ്റി സിസ്റ്റം, എബിഎസ് എന്നിവ മറ്റ്
പ്രത്യേകതകളാണ്. 450 കിലോഗ്രാമാണ് ബൈക്കിന്റെ ഭാരം.

ഹാര്‍ലിയുടെ മുഖമുദ്രയായ 107 മൈല്‍വോക്വി 8 എഞ്ചിനാണ് റോഡ്
ഗ്ളൈഡിലുള്ളത്. ആറ് സ്പീഡ് ഗിയര്‍, ഷിഫറ്റ് അനായാസമാക്കും വിധം
കൃത്യമായ ഗിയര്‍ റേഷ്യോകള്‍ എന്നിവയൊക്കെ ബൈക്കിന്റെ സവിശേഷത. റൈസ്
കംഫര്‍ട്ടിന്റെയും പെര്‍ഫോമെന്‍സിന്റെയും കാര്യത്തില്‍ ഹാര്‍ലിയെ
തോല്‍പ്പിക്കാന്‍ ലോകത്താരുമില്ലെന്നാണ് പറയാറുള്ളത്. റിലാക്സിഡായി
ബൈക്ക് ഓടിച്ചുപോകാം. തുടക്കത്തില്‍ ഇത്ര വലിയ ബൈക്ക് എങ്ങനെ കൈകാര്യം
ചെയ്യും എന്ന ഭയം ഉണ്ടാകുമെങ്കിലും കുറച്ചു കഴിയുമ്പോള്‍ ആ ഭയത്തിന്റെ
ആവശ്യമില്ല എന്ന് മനസിലാകുമെന്ന് സൂരജ് പറയുന്നു.

ഓരോഗിയര്‍ മാറ്റത്തിലും യാത്രയുടെ സുഖം മാറുന്നു. സ്പീഡ് കൂടുന്തോറും
യാത്ര കൂടുതല്‍ മികച്ചതാകും. ലോക ബൈക്ക് വിപണിയില്‍ ഹാര്‍ലിയെ
മുന്‍നിരയില്‍ നിര്‍ത്തുന്നത് ബൈക്കുകളുടെ പെര്‍ഫെക്ഷനാണ്. ഒരു ലക്ഷ്വറി
കാറിന്റെ വിലയുള്ള ബൈക്കുമായി കണ്ണൂരിലെ റോഡില്‍ ഓടിച്ചു പോകുമ്പോള്‍
സൂരജിന് അതില്‍ പുതുമയില്ല. സൗദിയിലും സിംഗപ്പൂരിലും ദുബായിയിലുമൊക്കെ പല
സംരംഭങ്ങളുമുള്ള സൂരജിന് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികമായുള്ള
പ്രവാസജീവിതത്തില്‍ ഇതു സ്വാഭാവിക കാര്യം മാത്രം.

 

Top