കണ്ണൂര്‍: സംസ്ഥാനം അഭൂതപൂര്‍വ്വമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് (സി.എം.ഡി.ആര്‍.എഫ്) ഉദാരമായി സംഭാവന നല്‍കാന്‍ വ്യക്തികളോടും സംഘടനകളോടും സ്ഥാപനങ്ങളോടും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. കാലവര്‍ഷത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ പൗരസംഘടനകളും രഗത്തെത്തിയിരിക്കുകയാണ്.
ഈ ദുരന്ത ദുരിതങ്ങള്‍ക്കിടയില്‍ മലയാളികള്‍ക്ക് മാതൃകയായി മറുനാട്ടുകാരനായ വില്‍പ്പനക്കാരന്‍. മാങ്ങോട് നിര്‍മല എല്‍.പി. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് 50 കമ്പിളിപ്പുതപ്പ് സൗജന്യമായി നല്‍കുകയായിരുന്നു മറുനാട്ടുകാരനായ കമ്പിളി വില്പനക്കാരന്‍. മധ്യപ്രദേശുകാരനായ കമ്പിളിപ്പുതപ്പ് വില്പനക്കാരനാണ് നാട്ടുകാര്‍ക്കൊപ്പം ദുരിതബാധിതര്‍ക്ക് കൈത്താങ്ങായത്.
ഇരിട്ടി താലൂക്ക് ഓഫീസില്‍ കമ്പിളിപ്പുതപ്പുമായി എത്തിയ വിഷ്ണുവിനോട് നാട്ടിലുണ്ടായ ദുരിതം താലൂക്കിലെ ജീവനക്കാര്‍ വിവരിച്ചു. ദുരന്തം അറിഞ്ഞതോടെ കൈയിലുള്ള പുതപ്പ് മുഴുവന്‍ ദുരിബാധിതര്‍ക്ക് സൗജന്യമായി നല്‍കാമെന്ന് വിഷ്ണു പറഞ്ഞു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയ കളക്ടര്‍ മിര്‍ മുഹമ്മദലി കമ്പിളിപ്പുതപ്പ് വിഷ്ണുവില്‍നിന്ന് ഏറ്റുവാങ്ങി.


