മെസി വരുമെന്ന പ്രചാരണം: കലൂരിലെ മരംമുറി ചട്ടം പാലിച്ചുകൊണ്ടോ? സ്റ്റേഡിയം നവീകരണത്തിന് കരാറുണ്ടോ?മെസി വരുമെന്ന പ്രചാരണം: കലൂരിലെ മരംമുറി ചട്ടം പാലിച്ചുകൊണ്ടോ? സ്റ്റേഡിയം നവീകരണത്തിന് കരാറുണ്ടോ?

മെസി വരുമെന്ന പ്രചാരണവുമായി ബന്ധപ്പെട്ട കലൂര്‍ സ്റ്റേഡിയ നവീകരണ വിവാദത്തില്‍ ജിസിഡിഎയോട് ചോദ്യങ്ങളുമായി ഹൈബി ഈഡന്‍ എംപി. സ്റ്റേഡിയ നവീകരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തില്‍ തട്ടിപ്പ് നടന്നോ എന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. കലൂര്‍ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് സ്പോണ്‍സര്‍ കമ്പനിയുമായി കരാറില്‍ ഒപ്പിട്ടിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ കരാറിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ എന്നും ജിസിഡിഎയോട് കത്ത് മുഖാന്തരം ഹൈബി ഈഡന്‍ ചോദിച്ചിട്ടുണ്ട്. കലൂരെ മരംമുറിയില്‍ ഉള്‍പ്പെടെ ഇതുവരെ തങ്ങള്‍ മിണ്ടാതിരുന്നത് ലക്ഷക്കണക്കിന് പേര്‍ മെസിയുടെ വരവ് കാത്തിരുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റേഡിയം നവീകരണ പദ്ധതിയുടെ സമയക്രമവും വ്യാപ്തിയും എന്താണ്, നവീകരണ പ്രവര്‍ത്തനത്തില്‍ കേരള സ്പോര്‍ട്സ് ഫൗണ്ടേഷന് എന്തെങ്കിലും പങ്കുണ്ടോ, ഡിസംബറില് ഐഎസ്എല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ സ്റ്റേഡിയും തയ്യാറാകുമോ മുതലായ ചോദ്യങ്ങളാണ് ഹൈബി ഈഡന്‍ ഉയര്‍ത്തിയിരിക്കുന്നത്. കൂടാതെ സ്റ്റേഡിയം പരിസരത്തെ മരങ്ങള്‍ മുറിച്ചുമാറ്റിയത് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണോ എന്നും അന്താരാഷ്ട്ര സൗഹൃദ മത്സരം നടക്കാത്ത സാഹചര്യത്തില്‍ നിലവില്‍ സ്പോണ്‍സര്‍ക്ക് സ്റ്റേഡിയത്തില്‍ എന്തെങ്കിലും അവകാശം നിലനില്‍ക്കുന്നുണ്ടോ എന്നും ഹൈബി ഈഡന്‍ ചോദിച്ചു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മെസി വരുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയാന്‍ കായിക കേരളത്തിന് താത്പര്യമുണ്ട് അതിനാല്‍ അനിശ്ചിതത്വം മാറാന്‍ ജിസിഡിഎ കാര്യങ്ങള്‍ വിശദമാക്കണമെന്ന് ഹൈബി ഈഡന്‍ പറയുന്നു. മെസിയുടെ വരവിനെക്കുറിച്ച് ആള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് യാതൊരു അറിവുമില്ല. കേരള ഫുട്ബോള്‍ അസോസിയേഷന്റെ പ്രസിഡന്റ് നവാസുമായി സംസാരിച്ചപ്പോള്‍ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് അദ്ദേഹവും അറിയിച്ചതെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് പോലും കൊച്ചി വിടുകയാണെന്നാണ് കേള്‍ക്കുന്നത്. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന്റെ ഭാവി പോലും ചോദ്യചിഹ്നത്തിലാകുന്ന ഒരു അവസ്ഥ പോലും നിലനില്‍ക്കുന്നുണ്ടെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

 

Top