സ്വന്തം ലേഖകൻ
ന്യൂഡൽഹി: പത്തു വർഷം കൊണ്ട് ഹിമാലയം ഉരുകി ഇല്ലാതാകുമെന്നു പഠന റിപ്പോർട്ട്. ന്യൂസിലൻഡിലെ പ്രകൃതി പഠന വിഭാഗത്തിലെ ഗവേഷകരാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഹിമാലയത്തിന്റെ പർവത നിരകളെപ്പറ്റിയുള്ള ഗവേഷണ റിപ്പോർട്ട് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.
ഹിമാലയത്തെപ്പറ്റി കഴിഞ്ഞ ഇരുപതു വർഷത്തിലേറെയായി ഈ സർവകലാശാലയിലെ ഗവേഷണ വിഭാഗം പഠനം നടത്തുകയാണ്. ഈ പഠനത്തിൽ ഇതുവരെ കണ്ടെത്തിയിരിക്കുന്നത് ഗുരുതരമായ പ്രശ്‌നങ്ങളാണെന്നാണ് ഈ വിഭാഗത്തിലെ വിദഗ്ധർ പറയുന്നത്. ഹിമാലയത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാനൂറോളം സാമ്പിളുകൾ ഓരോ വർഷവും ഈ സംഘം ശേഖരിച്ചിരുന്നു. ഇത്തരത്തിൽ ശേഖരിച്ച മഞ്ഞു പാളികളുടെ ഘനം ഓരോ വർഷവും കുറഞ്ഞു വരുന്നതായാണ് കണ്ടെത്തുന്നത്. കഴിഞ്ഞ പത്തു വർഷത്തിനിടെ ആയിരം മടങ്ങായാണ് പാളികളുടെ ഘനം കുറഞ്ഞത്. ഇത് ഹിമാലയത്തിലെ മഞ്ഞു പാളികളുടെ നിലനിൽപ്പിനെ തന്നെ സാരമായി ബാധിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
ഹിമാലയത്തിലെ പല മലനിരകളുടെയും ഉയരം നാലു മുതൽ ആറു ശതമാനം വരെ ഓരോ വർഷവും കുറയുന്നുണ്ടെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിൽ മലനിരകളുടെ ഉയരം കുറയുന്നത് ഭാവിയിൽ് വൻ ദുരന്തത്തിൽ കലാശിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.


