ഹൈക്കോടതി ജഡ്ജിയെ ട്രോളിയ വീട്ടമ്മ അറസ്റ്റില്‍

മദ്രാസ് ഹൈക്കോടതി ജഡ്ജിക്കെതിരെ സമൂഹ മാധ്യമത്തില്‍ വിമര്‍ശനം ഉന്നയിച്ച വീട്ടമ്മ അറസ്റ്റില്‍. സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കുന്ന വെല്ലൂര്‍ സ്വദേശിയായ നാല്‍പതുകാരി മഹാലക്ഷ്മിയാണ് അറസ്റ്റിലായത്. സെപ്തംബറില്‍ സര്‍ക്കാര്‍ അധ്യാപകര്‍ നടത്തിയ സമരത്തിനെതിരെ ഹൈക്കോടതി ജഡ്ജി എന്‍ കിരുബകരന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ നിരവധി ട്രോളുകള്‍ നിറഞ്ഞിരുന്നു. മഹാലക്ഷ്മിയും ജഡ്ജിയെ ട്രോളി രംഗത്തെത്തിയിരുന്നു. തനിക്കെതിരെ സോഷ്യല്‍മീഡിയയില്‍ നിറയുന്ന ട്രോളുകള്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കണമെന്ന് ജഡ്ജി പൊലീസിനെ ചുമതലപ്പെടുത്തുകയായിരുന്നു. ശമ്പളത്തിനും ആനുകൂല്യങ്ങളിലും കാണിക്കുന്ന അവഗണന ഇല്ലാതാക്കണമെന്ന് കാട്ടിയായിരുന്നു സെപ്തംബറില്‍ സര്‍ക്കാര്‍ അധ്യാപകര്‍ സമരം നടത്തിയത്. ക്ലാസുകള്‍ ബഹിഷ്‌കരിച്ച് സമരം നടത്തിയ അധ്യാപകര്‍ക്കെതിരെ ഹൈക്കോടതി രംഗത്തെത്തുകയും ചെയ്തു. അന്ന് ഹൈക്കോടതി ജഡ്ജി കിരുബകരന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ‘സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് വെറും അഞ്ച് വിദ്യാര്‍ത്ഥികള്‍ മാത്രമാണ് മെഡിക്കല്‍ സീറ്റ് നേടുന്നത്. ഈ വസ്തുത മനസ്സിലാക്കി സമരം നടത്തുന്ന സര്‍ക്കാര്‍ അധ്യാപകര്‍ ലജ്ജിച്ച് തല താഴ്ത്തണം. നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ തിരിച്ചറിയണം. ഇത്തരം ആള്‍ക്കാര്‍ സമരം നടത്തുന്നതില്‍ അര്‍ത്ഥമില്ല’, ജഡ്ജിയുടെ പരാമര്‍ശത്തിനെതിരെ നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ പരിഹസിച്ചത്. സെപ്തംബര്‍ 14നാണ് മഹാലക്ഷ്മിയും ജഡ്ജിയെ പരിഹസിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. അധ്യാപകര്‍ക്കെതിരെ ജഡ്ജിക്ക് ദേഷ്യം ഉളളതിന്റെ സ്വകാര്യമായ കാരണങ്ങള്‍ വിശദീകരിച്ചായിരുന്നു വീട്ടമ്മയുടെ പോസ്റ്റ്. ജഡ്ജിയുടെ പേരും, വ്യക്തിഗത വിവരങ്ങളും ഉള്‍പ്പെടുത്തികൊണ്ടായിരുന്നു പ്രതികരണം രേഖപ്പടുത്തിയത്. കരുണാനിധിയേയും, ഡി.എം.കെ.യും പരസ്യമായി പിന്തുണയ്ക്കുന്ന മഹാലക്ഷ്മി ഇപ്പോഴത്തെ ഗവണ്‍മെന്റിനെതിരെ ശക്തമായി വിമര്‍ശനം നടത്താറുണ്ട്. ഇനിയും നിരവധി പേര്‍ക്കെതിരെ നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Top