ആലിംഗന വിവാദം: സ്‌കൂള്‍ അധികൃതരുടെ പകയെ അതിജീവിച്ച് വിദ്യാര്‍ത്ഥിക്ക് മിന്നുന്ന വിജയം

തിരുവനന്തപുരം: ആലിംഗനം ചെയ്ത് അഭിനന്ദിച്ചതിന് സ്‌കൂള്‍ പുറത്താക്കിയ വിദ്യാര്‍ത്ഥിക്ക് സിബിഎസ്ഇ പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം. പ്ലസ് ടു കൊമേഴ്‌സ് വിഭാഗത്തില്‍ 91.02 ശതമാനം മാര്‍ക്കോടെയാണ് ഈ കുട്ടി മികച്ച വിജയം നേടിയത്.

മുക്കോല സെന്റ് തോമസ് സ്‌കൂളിലെ കലോത്സവത്തില്‍ മികച്ച പ്രകടനം നടത്തിയ പെണ്‍കുട്ടിയെ ആലിംഗനം ചെയ്ത് അഭിനന്ദിച്ചതിനാണ് പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയും അഞ്ച് മാസക്കാലം സ്‌കൂള്‍ പുറത്തു നിര്‍ത്തിയത്.

ജനുവരിയില്‍ സ്‌കൂള്‍ തുറന്നപ്പോള്‍ ഇവരെ തിരികെ പ്രവേശിപ്പിച്ചിരുന്നു. ഈ വിവാദത്തില്‍ പുറത്തുനില്‍ക്കേണ്ടിവന്ന കുട്ടികള്‍ക്ക് നാല് മാസത്തിലേറെ ക്ലാസ് നഷ്ടമായിരുന്നു. ആ ക്ലാസ് നഷ്ടപ്പെട്ടാണ് പരീക്ഷയെഴുതിയത്. മാനസിക പീഡനവും ക്ലാസ് നഷ്ടവും അനുഭവിച്ച് പരീക്ഷയെഴുതിയ കുട്ടി നേടിയത് മികച്ച വിജയമാണ്.

മകന് ഇനി എല്‍എല്‍ബിയ്‌ക്കോ ബിബിഎയ്‌ക്കോ പോകാനാണ് താല്‍പര്യമെന്ന് അച്ഛന്‍ പറഞ്ഞു. നാല് മാസത്തിലേറെ സ്‌കൂളിലെ ക്ലാസ് നഷ്ടപ്പെട്ടിട്ടും കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ലഭിച്ച പിന്തുണ കൊണ്ടാണ് മകന്‍ മാനസികമായി തളരാതിരുന്നത്. മാധ്യമങ്ങളും പൊതുസമൂഹവും പിന്തുണച്ചതുകൊണ്ടാണ് തിരികെ സ്‌കൂളില്‍ ചേരാന്‍ സാധിച്ചതും മികച്ച വിജയം നേടാന്‍ കഴിഞ്ഞതും. ആ സന്തോഷം പങ്ക് വച്ച് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

2017 ജൂണിലാണ് സ്‌കൂള്‍ തുറന്നത്. 2017 ജൂലൈയിലാണ് സ്‌കൂള്‍ അധികൃതരിലെ സദാചാര പൊലീസ് സടകുടഞ്ഞെഴുന്നേറ്റ നടപടി ഉണ്ടായത്. കലോത്സവത്തില്‍? മികച്ച പ്രകടനം കാഴ്ചവച്ച സുഹൃത്തും ജൂനിയറുമായ പെണ്‍കുട്ടിയെ ആണ്‍കുട്ടി ആലിംഗനം ചെയ്ത് അഭിനന്ദിച്ചു. ഇതാണ് സ്‌കൂള്‍ മാനേജ്‌മെന്റിനെ പ്രകോപിപ്പിച്ചത്. അവര്‍ ഇരുവര്‍ക്കെതിരെയും നടപടിയുമായി മുന്നോട്ട് നീങ്ങി. ഓഗസ്റ്റ് 21 നാണ് മാര്‍ത്തോമ്മ ചര്‍ച്ച് എജ്യൂക്കേഷണല്‍ സൊസൈറ്റിയുടെ കീഴിലുള്ള സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളെ അധികൃതര്‍ പുറത്താക്കിയത്.

സ്‌കൂളിന്റെ നടപടിയെ തളളി ബാലവകാശ കമ്മീഷന്‍ വിധി വന്നു. ബാലവകാശ കമ്മീഷന്‍ വിധിക്കെതിരെ കേരളാ ഹൈക്കോടതിയെ സ്‌കൂള്‍ മാനേജ്‌മെന്റ് സമീപിച്ചു. ഹൈക്കോടതി വിധി സ്‌കൂള്‍ മാനേജ്‌മെന്റിന് അനുകൂലമായിരുന്നു. വിദ്യാര്‍ത്ഥികളുടെ നടപടി സ്‌കൂളിന്റെ സല്‍പേരിനെ ബാധിച്ചു എന്ന് വിലയിരുത്തിയ കോടതി തിരിച്ചെടുക്കേണ്ട കാര്യം പ്രിന്‍സിപ്പലിന്റെ അധികാര പരിധിയില്‍ ഉള്ളതാണെന്ന് ഉത്തരവില്‍ പറഞ്ഞു.

ഇരു കൂട്ടര്‍ക്കും സമ്മതമാകുന്ന തരത്തില്‍ ഒരു തീരുമാനം കൈകൊള്ളാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു. സ്‌കൂളിന് പുറത്ത് ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ശശിതരൂര്‍ എംപി ഉള്‍പ്പടെയുളളവര്‍ വിഷയത്തില്‍ ഇടപെട്ടു. ഡിസംബറോടെ സംഭവം ഒത്തുതീര്‍പ്പാക്കി.

പെണ്‍കുട്ടിക്ക് ക്രിസ്മസ് അവധികഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്ന ജനുവരി മൂന്നാം തീയിതി മുതല്‍ സ്‌കൂളില്‍ കയറാനും ആണ്‍കുട്ടിക്ക് നാലാം തീയതി വ്യാഴാഴ്ച ആരംഭിക്കുന്ന പരീക്ഷ എഴുതാനും അനുതി നല്‍കി. ഡിസംബര്‍ 31 ന് ഇരുവീട്ടുകാരും സ്‌കൂള്‍ മാനേജ്‌മെന്രും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്. ശശിതരൂര്‍ എംപിയുടെ മധ്യസ്ഥതയിലാണ് ഒത്തുതീര്‍പ്പുണ്ടായത്.

നാല് മാസത്തിലേറെ പുറത്ത് നിര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ അറ്റന്റന്‍സ് ഇല്ലെന്നും സിബിഎസ്ഇയുടെ പ്രത്യേക അനുമതി വേണമെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ സിബിഎസ്ഇ കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുകയായിരുന്നു.

Top