അവിഹിത ബന്ധം ആരോപിച്ച് ഭാര്യയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം ആളുകള്‍ നോക്കി നില്‍ക്കെ

ലഖ്‌നൗ: അവിഹിത ബന്ധം ആരോപിച്ച് ഭാര്യയെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. നൂറു കണക്കിന് ആളുകള്‍ നോക്കി നില്‍ക്കെയാണ് ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറിലാണ് നാട്ടുകാര്‍ നോക്കിനില്‍ക്കെ യുവതിയെ മരത്തില്‍ കെട്ടിതൂക്കി അടിച്ചത്. ഓരോ തവണ അടിക്കുമ്പോഴും വേദനയില്‍ പുളയുന്ന യുവതിയെ ജനങ്ങള്‍ വെറുതെ നോക്കി നില്‍ക്കുകയായിരുന്നു. യുവതിയ്‌ക്കെതിരായ ക്രൂരമര്‍ദ്ദനത്തിന്റെ വീഡിയോ കാണുന്നവരെ ഞെട്ടിപ്പിക്കുന്നതാണ്. മറ്റൊരു പുരുഷനുമായി ഭാര്യക്ക് ബന്ധമുണ്ടെന്നുള്ള ഭര്‍ത്താവിന്റെ പരാതി ഗ്രാമപഞ്ചായത്തിലെത്തിയപ്പോള്‍ ഗ്രാമമുഖ്യനാണ് ഇങ്ങനെയൊരു പ്രാകൃതശിക്ഷ വിധിച്ചത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ നിന്നും വെറും 60 കിലോമീറ്റര്‍ അകലെയാണ് ബുലന്ദ്ശഹര്‍. ഗ്രാമത്തില്‍ തന്നെയുള്ള ആരോ ആണ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഒഴിഞ്ഞ സെക്കിള്‍ട്യൂബിലാണ് ഭാര്യയെ മരത്തില്‍ തൂക്കിയിട്ടിരിക്കുന്നത്. വീഡിയോയുടെ ആദ്യഭാഗത്ത് ഉയര്‍ന്നുകേട്ട സ്ത്രീയുടെ നിലവിളി പിന്നീട് നേര്‍ത്ത കരച്ചിലായി മാറുകയും പിന്നീടവളുടെ ബോധം മറിയുകയും ചെയ്യുന്നുണ്ടെങ്കിലും കാഴ്ചക്കാര്‍ ഇടപെടാതെ വെറുതെ നോക്കി നില്‍ക്കുകയാണ്. നൂറോളം വരുന്ന കാഴ്ചക്കാരില്‍ ഭൂരിഭാഗവും പുരുഷന്മാരാണ്. ശിക്ഷയുടെ ഭാഗമായി ഗ്രാമമുഖ്യന്‍ സ്ത്രീയെ ബലാത്സംഗം ചെയ്തതായും ആരോപണമുണ്ട്. സംഭവത്തില്‍ സ്തീയുടെ ഭര്‍ത്താവിനെയും ഗ്രാമമുഖ്യനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇതേക്കുറിച്ച് അറിഞ്ഞയുടന്‍ സ്ത്രീയെ സന്ദര്‍ശിച്ച് പരാതി എഴുതിവാങ്ങിയതിനുശേഷം മൂന്ന് പേര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഗ്രാമത്തിലെ ഇരുപതോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Top