വിദ്യാര്‍ത്ഥിനികളെ അച്ചടക്കം പഠിപ്പിക്കാന്‍ സ്കൂൾ അധികൃതർ ചെയ്തത് ഞെട്ടിക്കുന്നത്; സ്‌കൂളിനെതിരെ പരാതിയുമായി മാതാപിതാക്കള്‍

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ സ്‌കൂളിനെതിരേ ഗുരുതരാരോപണവുമായി വിദ്യാര്‍ഥിനികളുടെ മാതാപിതാക്കള്‍. 10 വിദ്യാര്‍ഥിനികളില്‍നിന്ന് നിര്‍ബന്ധപൂര്‍വം തങ്ങള്‍ ‘സ്വവര്‍ഗാനുരാഗി’കള്‍ ആണെന്ന് സ്‌കൂള്‍ അധികൃതര്‍ എഴുതിവാങ്ങിയെന്ന് കുട്ടികളുടെ മാതാപിതാക്കള്‍ ആരോപിച്ചു. എന്നാല്‍, വിദ്യാര്‍ഥിനികളെ ‘നല്ലനടപ്പി’ല്‍ കൊണ്ടുവരുന്നതിനുവേണ്ടിയാണ് അതെഴുതിവാങ്ങിച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ വിശദീകരിച്ചു.

കമല ഗേള്‍സ് ഹൈസ്‌കൂളിലാണ് സംഭവം. വിദ്യാര്‍ഥിനികള്‍ ക്ലാസില്‍ സ്വവര്‍ഗാനുരാഗികളെന്ന രീതിയില്‍ പെരുമാറിയെന്ന് താത്കാലികച്ചുമതലയുള്ള പ്രഥമാധ്യാപിക ശിഖാ സര്‍ക്കാര്‍ പറഞ്ഞു. അതിനെത്തുടര്‍ന്നാണ് അവരെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി ‘സ്വവര്‍ഗാനുരാഗി’കളാണെന്ന് കുറ്റസമ്മതം എഴുതിവാങ്ങിയതെന്നും അവര്‍ അവകാശപ്പെട്ടു.

‘കുട്ടികള്‍ അക്കാര്യം സമ്മതിച്ചതാണ്. കുട്ടികളെ അച്ചടക്കം പഠിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നിസ്സാരനടപടിയാണിത്. മാതാപിതാക്കളെ വിളിപ്പിച്ചത് പ്രശ്നം ചര്‍ച്ചചെയ്ത് പരിഹരിക്കാനാണ്. എന്നാല്‍, അവര്‍ വൈകാരികമായി പെരുമാറി. കുട്ടികളെക്കൊണ്ട് നിര്‍ബന്ധപൂര്‍വം എഴുതിവാങ്ങിയെന്നാണ് അവര്‍ ആരോപിച്ചത്. വിദ്യാര്‍ഥിനികള്‍ ഒപ്പിട്ട കത്തുകള്‍ മാതാപിതാക്കള്‍ക്കുതന്നെ തിരികെനല്‍കിയിട്ടുണ്ട്.’- അവര്‍ പറഞ്ഞു.

സ്വവര്‍ഗ്ഗാനുരാഗം ഒരു കുറ്റമല്ലെന്ന അവബോധം വലിയെ പ്രചാരണ പരിപാടികളോടെ രാജ്യത്തും പുറത്തും നടന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് സ്‌കൂളിന്റെ ഭാഗത്ത് നിന്നുള്ള ഈ പിന്തിരിപ്പന്‍ നടപടി. സ്‌കൂള്‍ അധികൃതര്‍ നടത്തിയ അച്ചടക്ക നടപടി ക്രൂരമാണെന്നും ഒരു വ്യക്തിയുടെ ലൈംഗീകത ആ വ്യക്തിക്ക് തീരുമാനിക്കാനുള്ള അവകാശമുണ്ടെന്നും പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ട്.

Latest
Widgets Magazine