കൊച്ചി: കമ്പകക്കാനം കൊലക്കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇന്ന് ജില്ലാ പൊലീസ് മേധാവി വെളിപ്പെടുത്തിയിരിക്കുന്നത്. മന്ത്രസിദ്ധി തിരിച്ചുപിടിക്കാനായി മന്ത്രവാദിയെ കൊലപ്പെടുത്തിയതു ശിഷ്യന്‍ ആയിരുന്നു .സിനിമയെ വെല്ലുന്ന കഥയാണ് ആ ക്രൂരമായ കൊലപാതകത്തിനു പിന്നിൽ .
മുഖ്യപ്രതി അനീഷ് സാമ്പത്തിക തട്ടിപ്പ് ശൃംഖലയിലെ കണ്ണിയാണെന്നും കൃഷ്ണനുമൊപ്പം മന്ത്രവാദത്തിനായി അനീഷ് തമിഴ്നാട്ടിലും കർണാടകയിലും പോയിരുന്നതായും പൊലീസ് കണ്ടെത്തി. ആറു മാസമായി നടന്ന ആസുത്രണത്തിന്‍റെ ബാക്കിയാണ് കമ്പകക്കാനത്തെ കൊലപാതകം. നാടിനെ നടുക്കിയ സംഭവത്തിന്റെ ചുരുളഴിയുന്നു, കൊലപാതകത്തിന്റെ മുഴുവൻ രൂപം ഇങ്ങനെയായിരുന്നു .
കൃഷ്‌ണന്റെ ഭാര്യയെ യും മക്കളെയും വകവരുത്തിയത് ആക്രമണം തടയാനെത്തിയപ്പോള്‍. കൃഷ്‌ണന്റെ ശിഷ്യനും സഹായിയുമായിരുന്ന അടിമാലി സ്വദേശി അനീഷിനു വേണ്ടി തെരച്ചില്‍ തുടരുന്നതായാണു പോലീസ് ഭാഷ്യമെങ്കിലും ഇയാള്‍ കസ്‌റ്റഡിയിലുള്ളതായാണു സൂചന. കൂട്ടുപ്രതി തൊടുപുഴ കീരികോടി സാലി ഭവനില്‍ ലിബീഷ് ബാബു (28)വിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി.
വര്‍ഷങ്ങളോളം കൃഷ്‌ണന്റെ സഹായിയായിരുന്നു അനീഷ്. പരികര്‍മിയായി ഒപ്പംനിന്നുള്ള പരിചയത്തില്‍ സ്വന്തമായി മന്ത്രവാദം തുടങ്ങിയെങ്കിലും ഫലം കണ്ടില്ല. കൃഷ്‌ണന്‍ തന്റെ മന്ത്രസിദ്ധി അപഹരിച്ചതാണു കാരണമെന്നു കരുതി അതു തിരിച്ചുപിടിക്കാനായാണു കൊലപാതകം ആസൂത്രണം ചെയ്‌തത്. കൃഷ്‌ണനു 300 മൂര്‍ത്തികളുടെ ശക്‌തിയുണ്ടെന്നും കൊലപ്പെടുത്തിയാല്‍ ആ ശക്‌തി തനിക്കു കിട്ടുമെന്നും അനീഷ് വിശ്വസിച്ചു. കൃഷ്‌ണന്റെ പക്കലുണ്ടെന്നു കരുതുന്ന മന്ത്രവാദ താളിയോല ഗ്രന്ഥങ്ങള്‍ കൈവശപ്പെടുത്താനും പദ്ധതിയിട്ടു. കൃഷ്‌ണന്റെ വീട്ടില്‍ വന്‍ തുകയും ഒട്ടേറെ സ്വര്‍ണാഭരണങ്ങളുമുണ്ടെന്നും കൊലപ്പെടുത്തിയാല്‍ അതു പങ്കിടാമെന്നും പ്രലോഭിപ്പിച്ച് തൊടുപുഴയില്‍ വര്‍ക്‌ഷോപ്പ് നടത്തുന്ന ലിബീഷിനെ ഒപ്പംകൂട്ടി.
കഴിഞ്ഞ 29-നു രാത്രിയാണ് വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടില്‍ കൃഷ്‌ണന്‍ (54), ഭാര്യ സുശീല (50), മകള്‍ ആര്‍ഷ (21), മകന്‍ അര്‍ജുന്‍ (17) എന്നിവരെ അനീഷും ലിബീഷും ചേര്‍ന്നു കൊലപ്പെടുത്തിയത്. പിറ്റേന്നു രാത്രി തിരിച്ചെത്തി നാലു പേരെയും കുഴിച്ചുമൂടി. കൃഷ്‌ണന്റെ വീട്ടില്‍നിന്ന് 20 പവനിലേറെ സ്വര്‍ണാഭരണങ്ങളും 3,500 രൂപയും കവര്‍ന്നു. പിടിക്കപ്പെടാതിരിക്കാനായി ഇവര്‍ കോഴിവെട്ട് ഉള്‍പ്പെടെയുള്ള മന്ത്രവാദ കര്‍മ്മങ്ങളും നടത്തിയെന്നു ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംഭവത്തെപ്പറ്റി പോലീസ് വിശദീകരിച്ചത്:
മന്ത്രസിദ്ധി ലക്ഷ്യമിട്ട് ആറു മാസമായി അനീഷ് കൊലപാതകത്തിനുള്ള ഒരുക്കത്തിലായിരുന്നു. പണവും സ്വര്‍ണവും പങ്കിടാമെന്നു പറഞ്ഞ് ലിബീഷിനെ ഒപ്പംകൂട്ടി. 29-ന് അര്‍ധരാത്രിയോടെ ഇരുവരും ബൈക്കില്‍ കൃഷ്‌ണന്റെ വീട്ടിലെത്തി. ബൈക്കിന്റെ ഷോക്ക് അബ്‌സോര്‍ബറിന്റെ രണ്ടു പൈപ്പുകള്‍ കൈവശം കരുതിയിരുന്നു. വീടിനു പിന്നിലെ കൂട്ടില്‍ കെട്ടിയിരുന്ന ആടുകളെ അടിച്ചു കരയിപ്പിച്ചു. ആടുകള്‍ കരയുന്നതുകേട്ടു നോക്കാനെത്തിയ കൃഷ്‌ണനെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തി. ബഹളം കേട്ടെത്തിയ സുശീലയെയും അടിച്ചു. അടിയേറ്റ് വീട്ടിലേക്കോടിയ അവരെ പിന്തുടര്‍ന്നുചെന്ന് കൊലപ്പെടുത്തി. ശബ്‌ദം കേട്ട ആര്‍ഷ ഇരുമ്പു ദണ്ഡുമായെത്തി അനീഷിന്റെ തലയ്‌ക്കടിച്ചു.
ആര്‍ഷയുടെ മുഖം പൊത്തിയ അനീഷിന്റെ വിരലുകളില്‍ കടിയേറ്റു. തുടര്‍ന്ന് ആര്‍ഷയെയും തലയ്‌ക്കടിച്ചു വീഴ്‌ത്തി. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന അര്‍ജുന്റെ തലയ്‌ക്കടിക്കാന്‍ ശ്രമിച്ചെങ്കിലും ഒഴിഞ്ഞുമാറിയതിനാല്‍ മുറിയില്‍നിന്നു കിട്ടിയ വാക്കത്തിയും കത്തിയും ഉപയോഗിച്ച് ആക്രമിച്ചു. മരണം ഉറപ്പാക്കാന്‍ എല്ലാവരയും തുടര്‍ന്നും വെട്ടി. നാലു പേരുടെയും ശരീരം വലിച്ചിഴച്ച് വീടിന്റെ സ്വീകരണമുറിയിലിട്ട ശേഷം പുലര്‍ച്ചെ നാലോടെ വീടു പൂട്ടി ലിബീഷിന്റെ വീട്ടിലെത്തി. പിറ്റേന്ന് അര്‍ധരാത്രിയോടെ കൃഷ്‌ണന്റെ വീട്ടില്‍ തിരിച്ചുചെന്നപ്പോഴും അര്‍ജുനു ജീവന്‍ ശേഷിച്ചിരുന്നു. മരണം ഉറപ്പിക്കാനായി അടുക്കളയില്‍ സൂക്ഷിച്ചിരുന്ന ചുറ്റിക ഉപയോഗിച്ച് വീണ്ടും തലയ്‌ക്കടിച്ചശേഷം നാലു പേരെയും ആട്ടിന്‍കൂടിനോടു ചേര്‍ന്നു കുഴിച്ചുമൂടി. വീടിനകം വെള്ളമൊഴിച്ചു കഴുകി. അതിനു പിറ്റേന്നു വീട് കൂടുതല്‍ വൃത്തിയാക്കാല്‍ ലക്ഷ്യമിട്ട് അനീഷ് തൊടുപുഴയിലെത്തിയെങ്കിലും ലീബീഷ് നിരുത്സാഹപ്പെടുത്തിയതിനാല്‍ വേണ്ടെന്നുവച്ചു.
കൃഷ്‌ണനുമായി ബന്ധപ്പെട്ടുള്ള നൂറോളം പേരെ പോലീസ് വിശദമായി ചോദ്യം ചെയ്‌തിരുന്നു. ഏറെ അടുപ്പമുണ്ടായിരുന്നിട്ടും അനീഷ് സംസ്‌കാരച്ചടങ്ങുകള്‍ക്ക് എത്തിയിരുന്നില്ലെന്ന മൊഴി നിര്‍ണായകമായി. ഈ അന്വേഷണമാണ് അനീഷിന്റെ സുഹൃത്തായ ലിബീഷില്‍ എത്തിയത്. അനീഷ് പോലീസിന്റെ കസ്‌റ്റഡിയിലുണ്ടെന്നു സ്‌ഥിരീകരിക്കാത്ത വിവരമുണ്ട്.


