ചെന്നൈ : തമിഴിലെ സൂപ്പര്‍ താരങ്ങളെല്ലാം ഒന്നിന് പിറകെ ഒന്നായി രാഷ്ട്രീയത്തില്‍ ഇറങ്ങിയിരിക്കുകയാണ്. തമിഴകത്തിന്റെ ഇളയ ദളപതി വിജയിയും ഒരു സര്‍ക്കാര്‍ രൂപീരിക്കുകയാണ്, പക്ഷേ അത് സിനിമയിലാണെന്ന് മാത്രം. വിജയ് യുടെ അറുപത്തിരണ്ടാമത്തെ ചിത്രമാണ് സര്‍ക്കാര്‍. എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ആഡിയോ റിലീസ് കഴിഞ്ഞ ദിവസമായിരുന്നു. ചടങ്ങിലേക്കെത്തിയ വിജയിനെ ഹര്‍ഷാരവത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.
ചടങ്ങില്‍ അവതാരകന്‍ വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങി, മുഖ്യമന്ത്രിയായാല്‍ എന്ത് ചെയ്യുമെന്ന് ചോദിച്ചപ്പോള്‍ ഉത്തരമായി നീണ്ട പ്രസംഗമാണ് അദ്ദേഹം നടത്തിയത്. മുഖ്യമന്ത്രിയായാല്‍ അഭിനയിക്കില്ല എന്നായിരുന്നു ആദ്യ മറുപടി, പിന്നാലെ സമൂഹത്തില്‍ വ്യാപകമായ അഴിമതിയെ തുടച്ച് മാറ്റാനുള്ള വഴിയും അദ്ദേഹം പറഞ്ഞു, ഉയര്‍ന്ന സ്ഥാനത്ത് ഇരിക്കുന്ന ഉദ്യോഗസ്ഥന്‍ അഴിമതിക്കറ പുരളാത്ത, കൈക്കൂലി വാങ്ങാത്തയാളാണെങ്കില്‍ താഴെ സ്ഥാനത്തുള്ളവരും നല്ലവരാകുമെന്നും അത് പോലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് നല്ല വഴിയിലൂടെ സഞ്ചരിച്ചാല്‍ പാര്‍ട്ടി മൊത്തത്തില്‍ നന്നാവുമെന്നും അദ്ദേഹം പറഞ്ഞു. വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങും എന്ന അഭ്യൂഹം കുറച്ച് നാളായി തമിഴകത്ത് ശക്തമാണ്, അദ്ദേഹത്തിന്റെ ഇപ്പോഴത്തെ വാക്കുകള്‍ ഈ വാദത്തിന് ശക്തി പകരുന്നതുമാണ്.