ന്യൂഡല്‍ഹി: ഇന്ത്യയിൽ എം പോക്‌സ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അടുത്തിടെ വിദേശത്ത് നിന്നെത്തിയ യുവാവിന് രോഗ ലക്ഷങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഇന്നലെയാണ് ഇന്ത്യയില്‍ ഒരാളില്‍ എം പോക്സ് സംശയിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിറക്കിയത്.
വിദേശത്ത് നിന്നെത്തിയ യുവാവിലാണ് രോഗലക്ഷണം കണ്ടത്. ഇയാളെ ആശുപത്രി നിരീക്ഷണത്തിലേക്ക് മാറ്റിയെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. എല്ലാ സജ്ജീകരണങ്ങളുമുള്ള ആശുപത്രിയില്‍ രോഗി നിരീക്ഷണത്തിലാണെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ എല്ലാ ക്രമീകരണങ്ങളും രാജ്യത്ത് സജ്ജമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
12 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വകഭേദം സ്ഥിരീകരിച്ച് മൂന്നാഴ്ചക്ക് ശേഷമാണ് ഇന്ത്യയില്‍ സംശയകരമായ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ദില്ലിയിലെ ആർഎംഎൽ, സഫ്ദർജംഗ്,ലേഡി ഹാർഡിങ് മുതലായ ആശുപത്രികളിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കടുത്ത പനി, തലവേദന, പേശികള്‍ക്ക് വേദന, ദേഹമാസകലം തിണര്‍പ്പ് ഇതൊക്കെയാണ് രോഗ ലക്ഷണങ്ങള്‍. വാക്സിനേഷനിലൂടെ രോഗം കുറയ്ക്കാനാകും.
ക്ലാസ് 2 എം പോക്‌സ് വൈറസാണ് ഇയാളില്‍ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യുവാവ് അടുത്തിടെ ഒരു ആഫ്രിക്കന്‍ രാജ്യം സന്ദര്‍ശിച്ചിരുന്നു. യുവാവ് നിലവില്‍ ഐസോലേഷനിലാണെന്നും നില തൃപ്തികരമാണന്നും മന്ത്രാലയം വ്യക്തമാക്കി.
എന്താണ് മങ്കി പോക്സ് ? മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗം,നിർമാർജനം ചെയ്ത വസൂരിയുടെ ലക്ഷണവുമായി സാമ്യം , ആദ്യമായി രോഗം തിരിച്ചറിഞ്ഞത് ഡെൻമാർക്കിൽ കുരങ്ങുകളിൽ ,മനുഷ്യരിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചത് 1970 ൽ ,രോഗം സാധാരണയായി കണ്ടുവരുന്നത് മധ്യ-പടിഞ്ഞാറൻ ആഫ്രിക്കയിൽ ,മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും, മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്കും രോഗം പകരും. അണ്ണാൻ, എലി, കുരങ്ങ് എന്നിവ രോഗവാഹകരാവും.
രോഗം പടരാനുള്ള സാധ്യത
ആറ് മുതൽ 13 ദിവസം വരെയാണ് ഇൻക്യുബേഷൻ കാലം. ചിലപ്പോൾ അഞ്ച് മുതൽ 21 ദിവസം വരെയും ആകാം. രണ്ട് മുതൽ നാല് ആഴ്ചവരെ ലക്ഷണങ്ങൾ നീണ്ട് നിൽക്കും. രോഗലക്ഷണങ്ങൾ ,പനി, നടുവേദന, ശക്തമായ തലവേദന, പേശിവേദന,പനി വന്ന് ദിവസങ്ങൾക്കുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടും ,കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചാൽ സങ്കീർണമാവും ,പ്രതിരോധത്തന് സ്വീകരിക്കേണ്ട മാർഗങ്ങൾ ,രോഗലക്ഷണം കണ്ടാൽ ഉടനെ ഡോക്ടറെ സമീപിക്കുക,മൃഗങ്ങളുമായുള്ള സംസർഗം കുറയ്ക്കുക,മാംസാഹാരം നന്നായി വേവിച്ച് മാത്രം ഉപയോഗിക്കുക ,പനിയോ മറ്റ് ലക്ഷണങ്ങളോ ഉള്ളവർ സ്വയം ചികിത്സ ഒഴിവാക്കുക