
മുംബൈ: സാധാരണക്കാരുടെ പണത്തിന് മുകളില്‍ അനാവശ്യ ചാര്‍ജുകള്‍ ചുമത്തി കോടികള്‍ കൊയ്യുന്ന ഇന്ത്യയിലെ ബാങ്കുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എഴുതി തളളിയത് ഒന്നര ലക്ഷം കോടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കിനെ അപേക്ഷിച്ച് 61.8 ശതമാനം അധിക തുകയാണ് ഇക്കുറി എഴുതി തളളിയത്.
2009 ഏപ്രില്‍ മുതല്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച നീണ്ട പത്ത് വര്‍ഷം കൊണ്ട് 4,80,093 കോടി രൂപയാണ് ഇന്ത്യയിലെ ബാങ്കുകള്‍ എഴുതി തളളിയത്. ഇതില്‍ 83.04 ശതമാനവും ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളാണ് എഴുതി തളളിയത്. ഇക്കുറി എഴുതി തളളിയ 1.44 ലക്ഷം കോടി രൂപയില്‍ 1.20 ലക്ഷം കോടിയും പൊതുമേഖലാ ബാങ്കുകളാണ് എഴുതി തളളിയത്. തിരിച്ചടവുണ്ടാവില്ലെന്ന് ഉറപ്പാകുന്ന വിഭാഗങ്ങളിലാണ് ബാങ്കുകള്‍ സാധാരണ വായ്പകള്‍ എഴുതി തളളിയത്.
അതേസമയം വായ്പകള്‍ എഴുതി തളളുന്നത് സാങ്കേതികമായ ഭാഗമാണെന്നും, ഇതിലൂടെ നികുതി ഇളവ് ലഭിക്കുമെന്നും കോര്‍പ്പറേഷന്‍ ബാങ്ക് മുന്‍ ചെയര്‍മാന്‍ പ്രദീപ് രാംനാഥ് പറഞ്ഞു. ‘വായ്പ എഴുതി തളളിയാലും ആസ്തികള്‍ വസൂലാക്കാനുളള നടപടികള്‍ തുടരും.’ അദ്ദേഹം വിശദീകരിച്ചു.
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 40281 കോടി രൂപയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രം ഒഴിവാക്കിയത്. നീരവ് മോദിയുടെ സാമ്പത്തിക തട്ടിപ്പിന് പിന്നാലെ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന പഞ്ചാബ് നാഷണല്‍ ബാങ്ക് 7207 കോടി രൂപയാണ് എഴുതി തളളിയത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രം 1,23,137 കോടി രൂപ എഴുതി തളളി. ബാങ്ക് ഓഫ് ഇന്ത്യ 28068 കോടിയും കാനറ ബാങ്ക് 25505 കോടിയും എഴുതി തളളി. പഞ്ചാബ് നാഷണല്‍ ബാങ്ക് 25811 കോടിയും ഈ കാലയളവില്‍ എഴുതി തളളി.
മാര്‍ച്ച് 2018 ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ സ്വകാര്യ ബാങ്കുകള്‍ 23928 കോടിയാണ് എഴുതി തളളിയത്. 2017 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇത് 13119 കോടിയായിരുന്നു. ആക്‌സിസ് ബാങ്ക് 11688 കോടിയും ഐസിഐസിഐ ബാങ്ക് 9110 കോടിയും എഴുതി തളളി. പത്ത് വര്‍ഷം കൊണ്ട് 79400 കോടിയാണ് ഇത്തരത്തില്‍ എഴുതി തളളിയത്.
വായ്പയെടുത്തവരോട് അവരുടെ വായ്പ എഴുതി തളളിയ കാര്യം സാധാരണ അറിയിക്കാറില്ലെന്നാണ് ബാങ്കുകള്‍ വിശദീകരിച്ചത്. റിക്കവറി നടന്നാല്‍ ഇത് ബാങ്കുകളുടെ ലാഭത്തിന്റെ ഭാഗമാകും. ഇതിന് പുറമെ നികുതി ഇളവും നേടാനാകുമെന്നാണ് ഒരു സ്വകാര്യ ബാങ്കിന്റെ സിഇഒ വിശദീകരിച്ചത്.
എന്നാല്‍ സാങ്കേതികമായ ഇത്തരം നീക്കങ്ങള്‍ സുതാര്യമല്ലെന്ന് ആര്‍ബിഐ മുന്‍ ഡപ്യൂട്ടി ഗവര്‍ണര്‍ കെസി ചക്രബര്‍ത്തി പറഞ്ഞു. ‘പൊതുജനങ്ങളുടെ പണമാണ് ഇത്തരത്തില്‍ എഴുതി തളളുന്നത്. എത്ര തുക, ആരുടേത് എഴുതി തളളുന്നുവെന്ന് വ്യക്തമാക്കേണ്ട ബാധ്യത ബാങ്കുകള്‍ക്കുണ്ട്. അല്ലാത്ത പക്ഷം അതൊരു കുംഭകോണമാണ്’ കെസി ചക്രബര്‍ത്തി പറഞ്ഞു.