![](https://dailyindianherald.com/wp-content/uploads/2015/12/INNOCENT-MP.jpg)
ന്യൂഡല്‍ഹി∙ വല്ലവന്റെയും അടുക്കളയില്‍ എന്തുണ്ടാക്കുന്നു, എന്തുകഴിക്കുന്നുവെന്ന് നോക്കലല്ല നമ്മുടെ ജോലിയെന്ന് ഇന്നസെന്റ് എംപി ലോക്സഭയില്‍. നമ്മുക്ക് ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ട്. നമ്മളെ വോട്ടു തന്ന് ഇങ്ങോട്ട് പറഞ്ഞുവിടുന്നത് ജനത്തിന് ഉപകാരമുള്ള എന്തെങ്കിലും ചെയ്യാനാണ്. അതിനു തന്നെയാകണം നമ്മള്‍ പ്രധാന്യം നല്‍കേണ്ടതെന്നും- ഇന്നസെന്റ് ലോക്സഭയില്‍ പറഞ്ഞു.
അവശ്യ മരുന്നുകളുടെ ആവശ്യകതയും ആശുപത്രികളില്‍ നടക്കുന്ന കൊള്ളയെയും പറ്റിയാണ് ഇന്നസെന്റ് പാര്‍ലമെന്റില്‍ പ്രധാനമായും സംസാരിച്ചത്. ഗ്രാമങ്ങളിലും മറ്റും താമസിക്കുന്ന പാവപ്പെട്ടവരുടെമേല്‍ നടത്തുന്ന ചൂഷണം നിര്‍ത്തണം. മരുന്നുകള്‍ക്ക് ആവശ്യമായ ഗുണനിലവാരമുണ്ടോയെന്ന് ഉറപ്പുവരുത്തണം. ക്യാന്‍സര്‍ മരുന്നുകള്‍ക്ക് അമിത വില ഇടാക്കുന്നു. എല്ലാവര്‍ക്കും ആവശ്യമായ ചികില്‍സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും എംപി ആവശ്യപ്പെട്ടു.
മലയാളത്തിലായിരുന്നു ഇന്നസെന്റിന്റെ പ്രസംഗം. ക്യാന്‍സറില്‍ നിന്നും പൂര്‍ണമായും മുക്തനായെന്ന് അറിയിച്ചതിന് പിന്നാലെയാണ് ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് ലോക്സഭയില്‍ ഇന്നസെന്റിന്റെ ശക്തമായ അഭിപ്രായ പ്രകടനം.