ശസ്ത്രുരാജ്യത്തിന്റെ പേടി സ്വപ്നം ..അതിശക്തമായ ആക്രമണം നടത്താന്‍ ശേഷിയുള്ള സ്‌കോര്‍പീന്‍ ക്ലാസ് മുങ്ങി കപ്പൽ കൽവരി

ദില്ലി: ഇന്ത്യന്‍ നാവിക സേനയുടെ സബ്മറൈന്‍ ഓപ്പറേഷന്‍റെ അമ്പാതാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഐഎന്‍എസ് കല്‍വരിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. കടലിനടിയില്‍നിന്ന് എളുപ്പത്തില്‍ കണ്ടുപിടിക്കാനാവാതെ അതിശക്തമായ ആക്രമണം നടത്താന്‍ ശേഷിയുള്ള സ്‌കോര്‍പീന്‍ ക്ലാസ് മുങ്ങിക്കപ്പലാണ് ഐഎന്‍എസ് കല്‍വരി. ഫ്രാന്‍സിന്റെ സഹായത്തോടെ നിര്‍മിച്ച ‘ഐഎന്‍എസ് കല്‍വരി’പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം ആദ്യമാണ് രാജ്യത്തിനു സമര്‍പ്പിച്ചത്.

നാവികസേന കല്‍വരിയെ ‘മെരുക്കുന്ന’തിന്റെ  വീഡിയോ ദൃശ്യങ്ങളാണ് അധികൃതര്‍ പുറത്തുവിട്ടിരിക്കുന്നത്. മുംബൈയിലെ മസഗോണ്‍ ഡോക്കില്‍ കല്‍വരി നിര്‍മ്മിക്കുന്നത് മുതലുള്ള ദൃശ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. കല്‍വരി പ്രവര്‍ത്തിപ്പിക്കുന്നത്, സമുദ്രത്തിനടിയില്‍ ഡൈവ് ചെയ്യുന്നത്, എന്നിവ ഹോളിവുഡ് സിനിമയെ വെല്ലുന്ന രീതിയിലാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

ഐഎന്‍എസ് കല്‍വരിയുടെ സവിശേഷതകള്‍:

നീളം 61.7 മീറ്റര്‍.  ഭാരം: 1565 ടൺ വേഗം. കടലിനടിയില്‍ 20 നോട്ടിക്കല്‍മൈല്‍ വേഗം(മണിക്കൂറില്‍ 37 കിലോമീറ്റര്‍) ജലോപരിതലത്തില്‍ 12 നോട്ടിക്കല്‍മൈല്‍ വേഗം( മണിക്കൂറില്‍ 22 കിലോമീറ്റര്‍). കടലില്‍ 1150 അടി ആഴത്തില്‍ സഞ്ചരിക്കും. 18 ടോര്‍പിഡോകള്‍, 30 മൈനുകള്‍, 39 കപ്പല്‍വേധ മിസൈലുകള്‍ എന്നിവ വഹിക്കാന്‍ ശേഷി.  40 ദിവസം വരെ സമുദ്ര അടിത്തട്ടിൽ കഴിയാൻ സാധിക്കും. ശത്രുവിന്റെ നിരീക്ഷണ സംവിധാനത്തെ കബളിപ്പിക്കാന്‍ അതിസാമര്‍ഥ്യം. കുറഞ്ഞ ശബ്ദത്തില്‍ എന്‍ജിന്‍ പ്രവര്‍ത്തനം.

ഇന്ത്യൻ നാവികസേനയുടെ ആദ്യ കല്‍വരി കമ്മീഷന്‍ ചെയ്തത് 1967ലാണ്. ഇന്ത്യയുടെ ആദ്യ മുങ്ങിക്കപ്പലും  ഐഎന്‍എസ് കല്‍വരിയാണ്. 1967ൽ റഷ്യയിൽ നിന്നു വാങ്ങിയ ഇത് 1996 വരെ സേനയ്ക്ക് ഒപ്പമുണ്ടായിരുന്നു. ഈ ശ്രേണിയില്‍ ഒടുവിലായി കമ്മീഷന്‍ ചെയ്ത മുങ്ങിക്കപ്പലിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

Top