ബുദ്ധിയുള്ളവര്‍ ദൈവത്തില്‍ വിശ്വസിക്കില്ലേ? മനുഷ്യന്റെ സ്വാഭാവിക ചോദന വിശ്വാസിയായി തീരാനാണോ? പഠന റിപ്പോര്‍ട്ട് കൗതുകമുണര്‍ത്തുന്നത്

ലോകത്തെ പല പ്രമുഖ വ്യക്തികളും നിരീശ്വരവാദികളാണ്. അതീവ ബുദ്ധശാലികളെന്നറിയപ്പെടുന്നവരാണ് ഇക്കൂട്ടത്തില്‍ കൂടുതല്‍. ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ് മുതല്‍ അലന്‍ ടൂറിങ് വരെയുള്ള നിരവധി പേര്‍ നിരീശ്വരവാദികളാണ്. എന്തുകൊണ്ടായിരിക്കും അതിബുദ്ധിമാന്മാരായി ലോകം കരുതുന്നവര്‍ വിശ്വാസികളല്ലാതാകുന്നത് ? ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ് ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനം. മനുഷ്യന്റെ പ്രാഥമിക ചോദനകളെ മറികടക്കാന്‍ ബൗദ്ധികമായി മുന്നിലുള്ളവര്‍ക്ക് സാധിക്കുമെന്നും ഇതാണ് ഇത്തരക്കാര്‍ അവിശ്വാസികളാകുന്നതെന്നുമാണ് പഠനത്തിന്റെ കണ്ടെത്തല്‍.

ഉള്‍സ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ റിസര്‍ച്ച് ആന്‍ഡ് റൊട്ടേഡാം സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ബുദ്ധികൂടും തോറും വിശ്വാസങ്ങളെ അതിജീവിക്കാനുള്ള കഴിവ് മനുഷ്യന്‍ ആര്‍ജ്ജിക്കുന്നുവെന്നാണ് പഠനം പറയുന്നത്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പൂര്‍വ്വികര്‍ നിര്‍മിച്ച ശീലങ്ങളാണ് ഏറിയും കുറഞ്ഞും ഇപ്പോഴും മനുഷ്യരെ നയിക്കുന്നതും നിയന്ത്രിക്കുന്നതും.

മനുഷ്യന്റെ പ്രാഥമിക ചോദനകളിലൊന്നായാണ് വിശ്വാസത്തേയും അതുവഴിയുള്ള പ്രശ്‌നപരിഹാരങ്ങളേയും കണക്കാക്കുന്നത്. ബുദ്ധിമാന്മാരായ പലരും ഇത്തരത്തില്‍ ആത്മീയവും ഭൗതികവുമായ പ്രശ്‌നപരിഹാരങ്ങള്‍ വിശ്വാസത്തിലൂടെയല്ലാതെ മറ്റു മാര്‍ഗത്തിലൂടെ നേടുമെന്നതാണ് പ്രധാന വ്യത്യാസം. പ്രാഥമിക ചോദനകളെ അതിജീവക്കുന്നത് കൂടുതല്‍ മെച്ചപ്പെട്ട പ്രശ്‌ന പരിഹാരങ്ങള്‍ക്ക് സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അധികാരം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തിലുള്ളതാണ് പല വിശ്വാസങ്ങളും ഇത്തരത്തില്‍ നോക്കിയാല്‍ അത് മനുഷ്യന്റെ ആദ്യകാലം മുതല്‍ക്കുള്ള പ്രാഥമിക ചോദനയാണ്. ഇത്തരം രീതികളെ അതിജീവിക്കാന്‍ ബുദ്ധിമാന്മാര്‍ക്ക് മറ്റുമാര്‍ഗങ്ങള്‍ കണ്ടെത്താനാകും. പഠനത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളായ എഡ്വേഡ് ഡട്ടണ്‍ പറയുന്നു. റവല്യൂഷണറി സൈക്കൊളോജിക്കല്‍ സയന്‍സിലാണ് പഠനം പ്രസിദ്ധീകരിച്ചു വന്നിരിക്കുന്നത്.

പ്രാഥമിക ചോദനകളും സമ്മര്‍ദ്ദവും തമ്മിലുള്ള ബന്ധവും ഗവേഷകര്‍ പഠനവിധേയമാക്കിയിരുന്നു. ബുദ്ധിമാന്മാരായ വ്യക്തികള്‍ക്ക് സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ പുതുമാര്‍ഗങ്ങളുണ്ടാകുമെന്നാണ് ഈ പഠനം പറയുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇത്തരം പ്രാഥമിക ചോദനകളെ അതിജീവിക്കാന്‍ കഴിവുള്ളവര്‍ താരതമ്യേന ബുദ്ധികൂടുതലുള്ളവരായിരിക്കും. മാറിവരുന്ന സാഹചര്യങ്ങളില്‍ സംഭവിക്കുന്ന അപരിചിതങ്ങളായ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ കഴിയുന്നവര്‍ക്കുള്ള പ്രാധാന്യം വര്‍ധിച്ചുവരികയാണെന്നും പഠനത്തിന് നേതൃത്വം നല്‍കിയ മറ്റൊരു ഗവേഷകനായ ദിമിത്രി വാന്‍ഡെര്‍ ലിന്‍ഡെന്‍ പറയുന്നു.

Top