തിരുവനന്തപുരം: ലിഗയുടെ ദുരൂഹമരണം ക്രൂരമായ കൊലപാതകം തന്നെയാണെന്ന് ഉറപ്പായിരിക്കുന്നു.കൊലപാതകമാണെന്നു വ്യക്‌തമാക്കുന്ന റിപ്പോര്‍ട്ട് ഫോറന്‍സിക് വിഭാഗം പോലീസിനു കൈമാറി. പ്രത്യേകസംഘത്തലവന്‍ തിരുവനന്തപുരം കമ്മിഷണര്‍ പി. പ്രകാശ് ഇക്കാര്യം സ്‌ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ പോലീസ് കസ്‌റ്റഡിയില്‍.കഴുത്തില്‍നിന്നു തല വേര്‍പെട്ട നിലയിലാണു ലിഗയുടെ മൃതദേഹം കണ്ടെത്തിയത്. മരണം ശ്വാസംമുട്ടിയാകാമെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിദഗ്‌ധര്‍ തയാറാക്കിയ ഫൊറന്‍സിക് പരിശോധനാഫലം സൂചിപ്പിക്കുന്നത് ആര്, എന്തിന് എന്നീ ചോദ്യങ്ങൾക്കാണ് ഇനി ഉത്തരം ലഭിക്കേണ്ടത്. ലിഗയുടെ മൃതദേഹം പരിശോധിച്ച ഡോക്ടര്‍മാരുടെ വിലയിരുത്തലും പോലീസ് അന്വേഷണത്തിലൂടെ പുറത്ത് വന്നുകൊണ്ടിരിക്കുന്ന കണ്ടെത്തലുകളും ലിഗയ്ക്ക് സംഭവിച്ചത് ഒരു സാധാരണ മരണമല്ല എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടുകയാണ്.
കോവളത്തെ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയത് ലിഗയുടെ മൃതദേഹം തന്നെയാണ് എന്ന് ഡിഎന്‍എ പരിശോധന വഴി തിരിച്ചറിഞ്ഞ് കഴിഞ്ഞ സ്ഥിതിക്ക് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. അതിനിടെ കണ്ടല്‍ക്കാടുകള്‍ക്കുള്ളിലേക്ക് ലിഗ പോയത് ഒരു യുവാവിനൊപ്പമാണ് എന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നു.
ആളൊഴിഞ്ഞ പ്രദേശമായ കണ്ടല്‍ക്കാടുകള്‍ക്കുള്ളില്‍ വിദേശ വനിതയായ ലിഗ തനിച്ച് എങ്ങനെയെത്തിയെന്നതും ലിഗയുടേതല്ലാത്ത ഓവര്‍കോട്ട് മൃതദേഹത്തിലെങ്ങനെ വന്നുവെന്നതുമാണ് സഹോദരി ഇല്‍സ അടക്കമുള്ളവര്‍ തുടക്കം മുതല്‍ ചോദിച്ച് കൊണ്ടിരിക്കുന്നത്. ഇക്കാര്യങ്ങളില്‍ പോലീസ് ആദ്യഘട്ടത്തില്‍ നടത്തിയ വാദങ്ങളെയെല്ലാം തകിടം മറിക്കുന്നതാണ് പുറത്ത് വരുന്ന പുതിയ വിവരങ്ങള്‍. വാഴമുട്ടത്തെ കണ്ടല്‍ക്കാടുകളിലേക്ക് പോകുമ്പോള്‍ ലിഗയ്‌ക്കൊപ്പം ഒരു യുവാവ് ഉണ്ടായിരുന്നുവെന്ന സൂചനയാണ് പോലീസ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇയാള്‍ കോവളത്തെ അനധികൃത ഗൈഡുകളില്‍ ഉള്‍പ്പെട്ട ആളാണോ എന്നത് പോലീസ് പരിശോധിച്ച് വരികയാണ്. ഇയാളുടെ പങ്ക് അറിയാന്‍ സ്ഥലത്തെ അനധികൃത ഗൈഡുകളിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ലിഗയുടെ മരണത്തിന് ശേഷം കോവളത്ത് നിന്നും മുങ്ങിയവരെക്കുറിച്ചാണ് പ്രത്യേകമായും പോലീസ് അന്വേഷിക്കുന്നത്. ലിഗയ്‌ക്കൊപ്പം കണ്ടുവെന്ന് പറയപ്പെടുന്ന യുവാവാണ് ജീന്‍സ്, സിസേര്‍സ്, എന്നീ സിഗരറ്റ് ബ്രാന്‍ഡുകള്‍ ലിഗയ്ക്ക് വേണ്ടി വാങ്ങിയത് എന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടത്രേ.ഇയാളെ ലിഗ എങ്ങനെ പരിചയപ്പെട്ടു എന്ന വിവരവും പോലീസ് അന്വേഷിക്കുന്നുണ്ട്.
അതിനിടെ കോവളത്ത് തന്നെയുള്ള യോഗ അധ്യാപകനെയും ലിഗയുടെ മരണത്തില്‍ പോലീസ് സംശയിക്കുന്നുണ്ട്. ഇയാള്‍ വിദേശികളെ യോഗ പഠിപ്പിക്കുന്ന വ്യക്തിയാണ്. ഇയാള്‍ സ്ഥിരമായി ഓവര്‍കോട്ട് ഉപയോഗിക്കുന്ന ആളാണെന്നും വിവരമുണ്ട്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇയാള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോവളത്ത് ഇല്ലായിരുന്നു. ലിഗ സ്ഥിരമായ യോഗ അഭ്യസിച്ചിരുന്നു. എന്നാല്‍ കാണാതായ ദിവസം ലിഗ യോഗ ക്ലാസിന് പോയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൃതദേഹത്തില്‍ നിന്നും കണ്ടെത്തിയ ഓവര്‍ കോട്ട് ലിഗയുടേത് അല്ലെന്ന് സഹോദരി ഇല്‍സ മൊഴി നല്‍കിയിരുന്നു. ഇത് വിദേശ നിര്‍മ്മിത ബ്രാന്‍ഡിലുള്ള ഓവര്‍കോട്ടാണ്. എന്നാല്‍ കോവളത്തോ പരിസരത്തോ ഉള്ള കടകളില്‍ വാങ്ങാന്‍ കിട്ടുന്ന കോട്ടല്ല ഇത്. അത് മാത്രമല്ല കാണാതാകുമ്പോള്‍ ലിഗയുടെ കയ്യില്‍ കോട്ട് വാങ്ങാന്‍ മാത്രമുള്ള പണവും ഇല്ലായിരുന്നു. ലിഗ കോവളത്ത് ഓട്ടോയില്‍ എത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പിന്നീട് എന്ത് സംഭവിച്ചു എന്ന ചോദ്യത്തിനാണ് ഇനി ഉത്തരം വേണ്ടത്
കോവളത്ത് നിന്നും കഴിഞ്ഞ ഒരു മാസത്തിനിടെ കാണാതായവരെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ലിഗയെ കണ്ടെത്തിയ കണ്ടല്‍ക്കാടിന് സമീപപ്രദേശത്തുള്ള ചിലരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ലിഗ കണ്ടല്‍ക്കാടുകള്‍ക്കുള്ളിലേക്ക് പോകുന്നത് കണ്ടെന്ന് മൊഴി നല്‍കിയ സ്ത്രീകളുടെ വാക്കുകളില്‍ പൊരുത്തക്കേടുണ്ടെന്നത് പോലീസിനെ കുഴക്കുന്നുണ്ട്. മൃതദേഹം കണ്ടെത്തിയ ഇടം ചീട്ടുകളി സംഘങ്ങളുടേയും കഞ്ചാവ് അടക്കമുള്ള ലഹരി മരുന്ന് ഉപയോഗിക്കുന്നവരുടേയും സ്ഥിരം കേന്ദ്രമാണെന്ന് പോലീസ് പറയുന്നു.
ഈ പ്രദേശത്തെ കഞ്ചാവ്, ചീട്ടുകളി സംഘങ്ങള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. മയക്കുമരുന്ന് മാഫിയയുടെ ആളുകള്‍ വിദേശികളെ ഇവിടേക്ക് കൊണ്ടുവരാറുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലും ഒരു വശത്ത് അന്വേഷണം നടക്കുന്നുണ്ട്. കോവളത്തെ ആയുര്‍വേദ കേന്ദ്രത്തില്‍ നിന്നും മാര്‍ച്ച് 14ന് കാണാതായ ലിഗയുടെ മരണം തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ സംഭവിച്ചിട്ടുണ്ട് എന്നാണ് പോലീസ് കരുതുന്നത്. മൃതദേഹം ലഭിച്ചത് 38 ദിവസങ്ങള്‍ക്ക് ശേഷമാണ്.
മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞുവെങ്കിലും സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധനാഫലം കാത്തിരിക്കുകയായിരുന്നു പോലീസ്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ നടത്തിയ പരിശോധനയിലാണ് അത് ലിഗ തന്നെയാണ് എന്നുറപ്പിച്ചത്. മൃതദേഹം അത്രയേറെ പഴകിയിരുന്നത് കൊണ്ടാണ് പരിശോധനാഫലം ഇത്രയും വൈകിയത്. ലിഗയുടെ ശരീരത്തിലെ സാമ്പിളുകളും ഇല്‍സയുടെ രക്തസാമ്പിളുകളുമാണ് പരിശോധന നടത്തിയത്. പരിശോധനാ ഫലം പോലീസിന് കൈമാറിയിട്ടുണ്ട്.