ഇസ്ലാമിക് സ്‌റ്റേറ്റിന് വേണ്ടി പോരാടാന്‍ സിറിയയിലേയ്ക്ക് കടന്ന മലയാളി യുവാവിന്റെ വിവരങ്ങള്‍ പുറത്ത്. ആള് പട്ടിണിയിലാണെന്നും തിരികെ വരാന്‍ ആഗ്രഹിക്കുന്നെന്നുമുള്ള സന്ദേശം വീട്ടില്‍ എത്തി എന്നാണ് പുതിയ റിപ്പോര്‍ട്ട്. സിറിയയില്‍ ഐഎസ് നാമാവശേഷമായതോടെയണ് കാര്യങ്ങള്‍ മാറി മറിഞ്ഞതെന്നാണ് വിവരം. യുവാവ് കുടുംബത്തെ ഫോണില്‍ വിളിച്ചാണ് കാര്യം അറിയിച്ചത്.
കാസര്‍കോട്ടെ എലമ്പാച്ചി സ്വദേശി ഫിറോസ് (25) എന്ന ഫിറോസ്ഖാനാണ് തിരിച്ചുവരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളത്. 2016 ജൂണിലാണ് ഫിറോസ് അടക്കമുള്ള സംഘം ഐഎസില്‍ ചേരാനായി നാടുവിട്ടത്. വലിയൊരു സംഘം അഫ്ഗാനിസ്ഥാനിലേക്കു കടന്നപ്പോള്‍ ഫിറോസ് സിറിയയിലേക്കു പോകുകയായിരുന്നു.
കഴിഞ്ഞ മാസമാണ് ഫിറോസ് വീട്ടിലേക്കു വിളിച്ചത്. അമ്മ ഹബീബയോടു സംസാരിച്ച അവന്‍, തിരികെ വന്നു കീഴടങ്ങാനുള്ള സന്നദ്ധത അറിയിച്ചു. സിറിയയില്‍ യുഎസിന്റെ ആക്രമണത്തില്‍ ഐഎസ് നാമാവശേഷമായതിനു പിന്നാലെയായിരുന്നു ഫോണ്‍ സന്ദേശം. തങ്ങള്‍ വല്ലാത്തൊരു അവസ്ഥയിലാണെന്നും പട്ടിണിയാല്‍ വലയുകയാണെന്നും ഫിറോസ് അമ്മയോട് പറഞ്ഞുവെന്ന് അടുത്ത ബന്ധു പറഞ്ഞു.
മലേഷ്യയില്‍നിന്നുള്ള ഒരു യുവതിയുമായി ഐഎസ് തന്റെ വിവാഹം നടത്തിയിരുന്നതായും പിന്നീട് അവര്‍ ഉപേക്ഷിച്ചു പോയതായും ഫിറോസ് പറഞ്ഞു. തിരികെ വീട്ടിലെത്തിയാല്‍ ഉണ്ടാകാവുന്ന കേസുകളെക്കുറിച്ചും അന്വേഷിച്ചിരുന്നു. കീഴടങ്ങണമെന്ന ആഗ്രഹം അവന്‍ പ്രകടിപ്പിച്ചെങ്കിലും എവിടെ, എങ്ങനെ എന്നുള്ള വിവരങ്ങളൊന്നും അറിയില്ല. അന്നത്തെ ഫോണ്‍ വിളിക്കുശേഷം മറ്റൊന്നും ഇതുവരെ കേട്ടിട്ടില്ലെന്നും ബന്ധു പറഞ്ഞു.
ഫിറോസിന്റെ ഫോണ്‍ വിളിയെക്കുറിച്ച് അറിയാമെന്നും അവര്‍ നിരീക്ഷണത്തിലാണെന്നും സുരക്ഷാ ഏജന്‍സി അറിയിച്ചു. തന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഐഎസില്‍ ചേരാനും ഭീകരപ്രവൃത്തികളില്‍ ഏര്‍പ്പെടാനും അയാള്‍ പ്രേരിപ്പിച്ചിരുന്നു. കാസര്‍കോട് ഐഎസ് മൊഡ്യൂള്‍ കേസിലെ പ്രതിയാണ് ഫിറോസെന്നും സുരക്ഷാ ഏജന്‍സി വ്യക്തമാക്കി. കണ്ണൂരില്‍നിന്ന് ഒട്ടേറെപ്പരാണ് ഐഎസില്‍ ചേരുന്നതിനായി സിറിയയിലേക്കു പോയത്. സ്ത്രീയടക്കം ഏകദേശം 35 ഓളം പേര്‍ പോയിട്ടുണ്ടെന്നും അവരില്‍ അധികം പേരും മരിച്ചിരിക്കാമെന്നും ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞു.