ഗാസ മുനമ്പിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ഇസ്രയേൽ സുരക്ഷാ മന്ത്രിസഭ അംഗീകാരം നൽകി. ഗാസയിലെ യുദ്ധത്തിലുടനീളം, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ച് പറഞ്ഞിട്ടുള്ളത് ഹമാസിനെ പരാജയപ്പെടുത്താൻ തനിക്ക് ഒരു സൈനിക നീക്കം കൂടി ആവശ്യമാണെനായിരുന്നു . ആ ആഗ്രഹം മന്ത്രിസഭാ സഫലീകരിക്കുകയായിരുന്നു .
കഴിഞ്ഞ വർഷം ഏപ്രിലിൽ, തെക്കൻ ഗാസയിലെ ഒരു നഗരമായ റഫ പിടിച്ചടക്കിയത് ഇസ്രായേൽ “വിജയത്തിൽ നിന്നുള്ള ഒരു പടി” മാത്രമാണെന്ന് നെതന്യാഹു പറഞ്ഞു. റഫ വളരെക്കാലമായി തകർന്നടിയുകയും ഹമാസ് ഇപ്പോഴും കീഴടങ്ങാൻ വിസമ്മതിക്കുകയും ചെയ്തതോടെ ഈ മാർച്ചിൽ നെതന്യാഹു ഒരു പ്രചാരണ പരിപാടി ആരംഭിച്ചു. ആ തീരുമാനത്തിന് അംഗീകാരം ആയി. അത് ഒടുവിൽ ഇസ്രായേലിന് വിജയം നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു.
ഈ പ്രഖ്യാപനം, ഗാസയിൽ ഇസ്രയേൽ നടത്തിവരുന്ന സൈനിക നടപടികളുടെ തീവ്രത വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന സൂചനയാണ് നൽകുന്നത്. എന്നാൽ, ഈ നീക്കം ആഭ്യന്തരമായും അന്താരാഷ്ട്രതലത്തിലും നിരവധി വെല്ലുവിളികൾക്ക് കാരണമാകുമെന്നതിൻ്റെ സൂചനകൾ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്.
ഓഗസ്റ്റ് 7 ന് രാത്രി മുഴുവൻ നീണ്ടുനിന്ന സുരക്ഷാ മന്ത്രിസഭാ യോഗത്തിലാണ് ഗാസ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. ഇതിനു മുന്നോടിയായി, നെതന്യാഹു തൻ്റെ ദീർഘകാല ലക്ഷ്യം വ്യക്തമാക്കുകയുണ്ടായി. ആദ്യം ഗാസയുടെ മുഴുവൻ നിയന്ത്രണവും ഇസ്രയേൽ ഏറ്റെടുക്കും, പിന്നീട് ഹമാസിനെ എതിർക്കുന്ന സൗഹൃദ അറബ് സേനകൾക്ക് ഭരണം കൈമാറും എന്നതാണ് ഈ പദ്ധതി. ഈ നീക്കം ഗാസയിലെ ഹമാസ് ഭരണം പൂർണമായി ഇല്ലാതാക്കാനുള്ള ഇസ്രയേലിന്റെ ശ്രമങ്ങളുടെ ഭാഗമാണ്. എന്നാൽ, ഇത് എത്രത്തോളം പ്രാവർത്തികമാകുമെന്ന് കണ്ട് തന്നെ അറിയണം.
ഇസ്രയേലിന്റെ ഈ പദ്ധതിക്കെതിരെ രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും ശക്തമായ എതിർപ്പുകൾ ആണ് നേരിടുന്നത്. ഇസ്രയേലിൻ്റെ ഉന്നത ജനറൽ ഈ പദ്ധതിക്കെതിരെ സംശയം പ്രകടിപ്പിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഹമാസിന്റെ പിടിയിലുള്ള 20-ഓളം ബന്ദികളുടെ ജീവൻ ഈ നീക്കം അപകടത്തിലാക്കുമെന്നും, കഴിഞ്ഞ രണ്ട് വർഷമായി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇസ്രയേൽ സൈന്യത്തിന് ഇത് കൂടുതൽ സമ്മർദ്ദമുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബന്ദികളുടെ കുടുംബങ്ങളും ഈ നീക്കത്തെ എതിർക്കുന്നുണ്ട്, കാരണം തങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷയെക്കുറിച്ച് അവർക്ക് വലിയ ആശങ്കയുണ്ട്.
നെതന്യാഹുവിൻ്റെ നിർദ്ദേശപ്രകാരം ഗാസ ഭരിക്കാൻ രൂപീകരിക്കുന്ന ഏതൊരു സേനയെയും ഒരു “അധിനിവേശ” സേനയായി കണക്കാക്കുമെന്ന് ഹമാസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇസ്രയേലുമായി ബന്ധമുള്ള ഏതൊരു ഭരണകൂടത്തിനും പലസ്തീനികൾക്കിടയിൽ വിശ്വാസം നേടാൻ കഴിയില്ലെന്നും ഇത് കൂടുതൽ സംഘർഷങ്ങൾക്ക് വഴിവയ്ക്കുമെന്നും അവർ വാദിക്കുന്നു.
നെതന്യാഹുവിന്റെ പ്രഖ്യാപനത്തോട് ഒരു പ്രധാന അറബ് അയൽക്കാരനായ ജോർദാൻ വ്യക്തമായ നിലപാട് അറിയിച്ചു. “പലസ്തീനികൾ സമ്മതിക്കുന്നതും തീരുമാനിക്കുന്നതും മാത്രമേ അറബികൾ പിന്തുണയ്ക്കൂ” എന്ന് ജോർദാനിയൻ ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഇത് അറബ് ലോകം ഈ വിഷയത്തിൽ ഇസ്രയേലിന് പൂർണ്ണ പിന്തുണ നൽകില്ല എന്നതിൻ്റെ വ്യക്തമായ സൂചനയാണ്. പലസ്തീൻ ജനതയുടെ താൽപര്യങ്ങൾ അവഗണിച്ചുള്ള ഒരു നീക്കവും അറബ് രാജ്യങ്ങൾ അംഗീകരിക്കില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രയേലിന്റെ തീരുമാനം, മേഖലയിലെ സംഘർഷങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കിയേക്കാം. ഹമാസ്, ബന്ദികളുടെ കുടുംബങ്ങൾ, ഇസ്രയേലിൻ്റെ സൈനിക നേതൃത്വം, അറബ് രാജ്യങ്ങൾ എന്നിവരുടെ എതിർപ്പുകൾ നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ, നെതന്യാഹുവിൻ്റെ പദ്ധതികൾ നടപ്പാക്കാൻ എളുപ്പമായിരിക്കില്ല. ഈ നീക്കം ഗാസയെ വീണ്ടുമൊരു അനിശ്ചിതത്വത്തിലേക്കാണ് തള്ളിവിടുന്നത്, ഇത് മേഖലയിലെ സമാധാനശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാകാനും സാധ്യതയുണ്ട്.


