പത്തനാപുരം: ഗണേഷ് കുമാറിനെ നേരിടാന്‍ സിനിമാ താരം ജഗദീഷ് തന്നെ എത്തുമെന്ന് ഏകദേശം ഉറപ്പായി.മണ്ഡലത്തിലെ പരിപാടികളില്‍ സ്ഥാനാര്‍ത്ഥിപ്രഖ്യാപനത്തിനു മുന്നേ സജീവമാവുവകയാണ് ജഗദീഷ്.
ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി കെ ബി ഗണേശ് കുമാറും എത്തുന്നതോടെ ഇവിടെ പോരാട്ടം കടുക്കുമെന്നത് ഉറപ്പാണ്. എന്തായാലും ഔദ്യോഗിക പ്രഖ്യാപനവും നോമിനേഷനും ഒന്നും തീരുമാനം ആകും മുമ്പ് ജഗദീഷ് പോരിന് തയ്യാറായി നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കെ ബി ഗണേശ്കുമാറിനെതിരെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് ജഗദീഷ് പ്രവര്‍ത്തരം തുടങ്ങിയത്.
വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവര്‍ക്ക് സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ കഴിയില്ല. നാടിന് അപമാനകരമായ യാതൊരു കാര്യവും നേതാക്കന്മാരായവര്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും ജഗദീഷ് പറഞ്ഞു. പത്തനാപുരം സ്‌കൂളിലെ പൊതുപരിപാടിയിലായിരുന്നു ജഗദീഷിന്റെ പ്രസംഗം. കെ ബി ഗണേശ്കുമാറിനെതിരെ ജഗദീഷ് തന്നെയാകും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന് ഉറപ്പായതോടെയാണ് പൊതുപരിപാടികളില്‍ പങ്കെടുത്ത് ജഗദീഷ് മണ്ഡലത്തില്‍ സാന്നിധ്യമറിയിക്കുന്നത്. രാഷ്ട്രീയ വേദികളിലേക്ക് എത്തും മുമ്പ് പത്തനാപുരത്തെ പൊതുപരിപാടികളിലും സ്‌കൂള്‍ വാര്‍ഷികങ്ങളിലും മുഖ്യാതിഥിയാണ് ജഗദീഷ്.
പൊതുപരിപാടികളിലെ പ്രസംഗങ്ങള്‍ക്കിടെ എതിരാളിയായ കെ ബി ഗണേശ്കുമാറിനെതിരെ ഒളിയമ്പുകളും ജഗദീഷ് തൊടുക്കുന്നുണ്ട്. രാഷ്ട്രീയ പരിപാടിയില്ലങ്കിലും ജഗദീഷെത്തുന്ന വേദികളിലെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും തിരക്കാണ്. താരത്തിനൊപ്പം നിന്ന് സെല്‍ഫിയെടുക്കാനും മറ്റുമായി തിരക്കു കൂട്ടുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
കോണ്‍ഗ്രസുമായി അടുത്തുനില്‍ക്കുന്ന സിനിമാക്കാരനായതു കൊണ്ടാ ജഗദീഷിന് മത്സരിക്കാന്‍ അവസരം ഒരുക്കിയത്. അതിനപ്പുറത്തേക്ക് ഒന്നും സംഭവിച്ചില്ല. ഇതില്‍ ജഗദീഷിന് നീരസവും ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ എല്ലാം ജഗദീഷിന് അനുകൂലമായി മാറുകയായിരുന്നു. പത്താനാപുരത്ത് മൂന്ന് തവണയായി ഗണേശാണ് എംഎല്‍എ. മൂന്ന് തെരഞ്ഞെടുപ്പിലും സിനിമാക്കാരുടെ പട തന്നെ പ്രചരണത്തിനായി എത്തി. ഈ ഗ്ലാമറും ഗണേശ് കുമാറിന്റെ വിജയത്തെ സ്വാധീനിച്ചിട്ടുണ്ട്. ഇത്തവണയും ഈ കളിക്ക് ഗണേശ് തയ്യാറാകും. ഇടതു പക്ഷമാകുമ്പോള്‍ കൂടുതല്‍ പേരെത്തും. ഇതിന് തടയാന്‍ ജഗദീഷാണ് മികച്ച സ്ഥാനാര്‍ത്ഥിയെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം.
ജഗദീഷ് സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ ഗണേശിനായി വോട്ട് ചോദിച്ച് വെള്ളിത്തിരയിലെ പ്രധാനികള്‍ ആരും എത്തില്ല. ഇത് ഗണേശിന്റെ ജനപ്രിയത കുറയ്ക്കും. സിനിമാക്കാര്‍ക്ക് പോലും ഗണേശിനെ താല്‍പ്പര്യമില്ലെന്ന് വരുത്താനാണ് നീക്കം. പ്രചരണ യോഗത്തിലേക്ക് സിനിമാ നടന്മാരുടെ ഗ്ലാമര്‍ കാട്ടി ആളെ കൂട്ടാനുള്ള ഗണേശിന്റെ തന്ത്രം പൊളിയും. ജഗദീഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെ മണ്ഡലത്തില്‍ ചില പോസ്റ്ററുകളെല്ലാം പ്രത്യക്ഷപ്പെട്ടെങ്കിലും പിന്നീട് വിവാദം കെട്ടടങ്ങുകയായിരുന്നു.


