പേരിൽ മാത്രമൊതുങ്ങുന്ന ജനമൈത്രി. മാറണം നമ്മുടെ പോലീസ് സ്റ്റേഷനുകൾ.

അഭ്രപാളികളിൽ അതാണെടാ പോലീസ്, അതാകണമെടാ പോലീസ് എന്നുറക്കെപ്പറഞ്ഞു സ്റ്റാർഡം സൃഷ്ടിച്ച മമ്മുക്കയുടെയും സുരേഷ് ഗോപിയുടെയും നന്മ നിറഞ്ഞ, ചങ്കുറപ്പുള്ള പോലീസ് വേഷങ്ങൾ കണ്ടു വളർന്ന മലയാളിയുടെ മുന്നിൽ അലോസരം സൃഷ്ടിക്കുന്ന കത്തിവേഷങ്ങളായി മാറുകയാണ് ഈയിടെയായി ഇവുടുള്ള ചില പോലീസുകാരന്മാർ. താഥ്വികമായി POLICE എന്ന ആറക്ഷരങ്ങളുടെ ലിറ്ററൽ നിർവചനം P for polite , O for Obedient, L for Liable , I for Intelligent , C for Courageous , E for Energetic എന്നാണ് പറയപ്പെടുന്നത്.

പോലീസിംഗ് എന്നത് ഒരു ജനതയുടെ ജീവനും സ്വത്തിനും കാവൽ നിൽക്കുന്ന ഒരു സംവിധാനമാണ്, പലപ്പോഴും പല പോലീസ് സ്റ്റേഷനുകളിലും ഇന്നും ജനങ്ങൾ അടിമകളെപ്പോലെ സ്റ്റേഷൻ്റെ പുറത്ത് നിൽക്കുന്നതും പോലീസുകാർ അവരെ വിരട്ടിയും തെറി വിളിച്ചും പേടിപ്പിക്കുന്നതും നാം ചിലരെങ്കിലും നേരിട്ട് കണ്ടിട്ടുണ്ട്. സ്വാതന്ത്ര്യം കിട്ടി ഇത്രയും വർഷം കഴിഞ്ഞിട്ടും നമ്മുടെ പോലീസിംഗ് പഴയ ബ്രിട്ടീഷ് രാജിനെ വെല്ലുന്ന രീതിയിൽ തുടരുകയാണ്. സ്റ്റേഷനിൽ പരാതി കൊടുത്താൽ രശീതി കൈപ്പറ്റണം എന്നതാണ് നിയമം എന്നത് എത്ര സാധാരണക്കാർക്കറിയാം? പരാതി കൊടുത്തിട്ട് രശീതിയും വാങ്ങിയേ വരാവൂ എന്ന് കക്ഷികൾക്ക് മിക്ക വക്കീലന്മാരും നിർദ്ദേശം കൊടുക്കാറുണ്ടെങ്കിലും പലപ്പോഴും അത് പറയാൻ പോലും പേടിച്ച് പല കക്ഷികളും സ്റ്റേഷൻ്റെ പുറത്തിറങ്ങി വരാറാണ്‌ പതിവ്. ജനമൈത്രി എന്ന് വെണ്ടയ്ക്ക അക്ഷരത്തിലെഴുതി വെച്ചിട്ടും യഥാർത്ഥ ജനമൈത്രി പേരിൽ മാത്രമൊതുക്കി ആഭ്യന്തരവകുപ്പിനെത്തന്നെ നോക്കുകുത്തിയാക്കുകയാണ് പല പോലീസ് സ്റ്റേഷനുകളും. കഴിഞ്ഞ ദിവസം പരാതിയുമായി നെയ്യാർഡാം പോലീസ് സ്റ്റേഷനിലെത്തിയ അച്ഛനും മകൾക്കും നേരെ സിവിൽ പോലീസ് ഓഫീസർ ഗോപൻ ആക്രോശവും അസഭ്യവർഷവുമായി വന്നത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പരാതിക്കാർ മൊെബെലിൽ ചിത്രീകരിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വന്നതോടെ കേരള പോലീസിനു നേരെ വലിയ വിമർശനമാണ് ഉയർന്നിട്ടുള്ളത്. മുൻ മന്ത്രി എ പി അനിൽ കുമാറിന്റെ ഗൺമാൻ ആയിരുന്ന സി പി ഒ ഗോപകുമാർ നിരുത്തരവാദപരമായും അസഭ്യ വർഷവും നടത്തിയ പെരുമാറ്റത്തെത്തുടർന്ന് പരാതി ഉയർന്ന സാഹചര്യത്തിൽ ഡി ജി പി നടപടിയെടുത്തുവെങ്കിലും ജനരോഷം ഇതുവരെ കെട്ടടങ്ങിയിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സത്യത്തിൽ ഇനിയും ഏറെ മാറാനുണ്ട് നമ്മുടെ പോലീസ് സ്റ്റേഷനുകൾ… കാക്കിയിട്ടാൽ പിന്നെ കണ്ണുകാണാത്ത ചില പോലീസ് ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടം ഇന്നും കേരള പൊലീസിന് ഏറെ തലവേദന സൃഷ്ടിക്കുന്ന ഒന്നാണ്. അനീതിയിലും അക്രമത്തിലും അരക്ഷിതരാകുന്ന സാധാരണക്കാരന്റെ ആദ്യത്തെ പിടിവള്ളിയായ പോലീസ് സ്റ്റേഷനുകൾ തന്നെ അവരെ ആദ്യ നേർക്കാഴ്ചയിൽ തന്നെ പടിയടച്ചു പിണ്ഡം വെക്കുമ്പോൾ അവർ പിന്നെന്തു ചെയ്യണം?. ആഭ്യന്തിര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി തുടർച്ചയായി കണ്ടുവരുന്ന ഇത്തരം പോലീസ് ഗുണ്ടായിസങ്ങൾക്കു നേരെ മൗനം പാലിക്കുന്നതെന്തുകൊണ്ട്.? അദ്ദേഹം ആരെയാണ് പേടിക്കുന്നത്? എന്നും പാർട്ടിയുടെ കാവലാളായി തുടരുമെന്ന് അങ്ങയെപ്പോലുള്ളവർ മൂഢമായി കരുതുന്ന സർവീസ് സംഘടനകളുടെ തലതൊട്ടപ്പന്മാരെയും അവരുടെ അഴിഞ്ഞാട്ടക്കാരായ ചില ശിങ്കിടികളെയും ഭയന്ന് ഇങ്ങനെ എത്രനാൾ മുന്നോട്ട് പോകും? തല മൂത്ത IPS ഉദോഗസ്ഥരെ വരെ പലപേരും പറഞ്ഞു മൂലയ്ക്കൊതുക്കിയ മുഖ്യമന്ത്രിക്ക് പൊലീസിനെ ഭയം എന്ന് പറഞ്ഞാൽ അരിയാഹാരം കഴിക്കുന്നവർക്ക് വിശ്വസിക്കാൻ അല്പം പ്രയാസമുണ്ട് സർ..

നല്ല ഉത്തരവാദിത്വത്തോടെ കേസ് അന്വേഷിച്ച് തെളിയിക്കാനും ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ടെങ്കിലും പൊതുവിൽ ജനമൈത്രി പോലീസ്സ്റ്റേഷനുകൾ ഇന്നും പൊതു ജനത്തിന് ഒരു ബാലികേറാമലയായി ഈ കാലത്തും തുടരുന്നു എന്നത് നഗ്ന സത്യമാണ്! ഇതിനു പിന്നിലെ യഥാർത്ഥ വസ്തുത മനസ്സിലാക്കി ജുഡിഷ്യറികൂടി ഇടപെട്ട് സർവീസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിട്ടായാലും പൊതുജനത്തിനുതകും വിധം എത്രയും പെട്ടന്ന് കൂടുതൽ അനുകൂല നിയമ നടപടികൾ ഉണ്ടാകേണ്ടിയിരിക്കുന്നു.

Top