സ്വന്തം ലേഖകൻ
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മകളാണെന്ന അവകാശ വാദവുമായി ബെംഗളൂരു യുവതി രംഗത്ത്.
37 കാരിയായ അമൃതയാണ് താൻ ജയലളിതയുടെ മകളാണെന്നും, തെളിയിക്കുന്നതിനായി ഡിഎൻഎ ടെസ്റ്റ് നടത്തണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
ജയലളിതയുടെ സഹോദരിയാണ് തന്നെ ദത്തെടുത്ത് വളർത്തിയതെന്നും, കഴിഞ്ഞ വർഷം ഡിസംബർ അഞ്ചിന് ജയലളിതയുടെ മരണശേഷമാണ് ജയലളിതയാണ് തന്റെ അമ്മയെന്ന് അറിയുന്നതെന്നും നവംബർ 22 ന് സമർപ്പിച്ച പരാതിയിൽ പറയുന്നു.
എന്നാൽ അറുപത്തിയെട്ടാം വയസിൽ രോഗങ്ങൾക്ക് കീഴടങ്ങി മരണപ്പെട്ട ജയലളിത ഒരിക്കലും വിവാഹം കഴിച്ചിരുന്നില്ല.
സംഭവത്തിൽ പരാതിക്കാരി പറയുന്നത് ഒന്നും വ്യക്തമല്ലെന്നും ഇതിനെ സംബന്ധിച്ച് ഞങ്ങൾക്ക് യാതൊരു അറിവും ഇല്ലെന്നും എഐഎഡിഎംകെ വക്താവ് സത്യൻ രാജൻ അഭിപ്രായപ്പെട്ടു.
തിങ്കളാഴ്ച സുപ്രീംകോടതി ഹർജി പരിഗണിക്കും.
1980 ആഗസ്ത് 14 ന് ജയലളിതയുടെ മൈലാപ്പൂരിലെ വസതിയിലാണ് തനിക്ക് ജന്മം നൽകിയതെന്നും ബ്രാഹ്മണ കുടുംബത്തിന്റെ അന്തസ്സ് നശിക്കാതിരിക്കാൻ രഹസ്യമായി വെയ്ക്കുകയായിരുന്നുവെന്നും അമൃത പരാതിയിൽ സൂചിപ്പിക്കുന്നു.
അമൃതയുടെ അമ്മായിമാരായ എൽ.എസ്. ലളിതയും രഞ്ജിനി രവീന്ദ്രനാഥും കേസിൽ കക്ഷികളാണ്. ജയലളിതയുടെ അർധ സഹോദരിമാരായ ഇരുവരും അമൃതയുടെ അവകാശവാദം അംഗീകരിച്ചിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജയലളിതയുടെ മൂത്ത സഹോദരി ശൈലജയുടെ വളർത്തുപുത്രിയാണ് അമൃത. 2015ലാണ് ശൈലജ മരിച്ചത്. വൈകാതെ ഇവരുടെ ഭർത്താവ് സാരഥിയും മരിച്ചു. മരണക്കിടക്കയിൽ വെച്ച് സാരഥിയാണ് ജയലളിതയുടെ മകളാണ് അമൃത എന്ന സത്യം വെളിപ്പെടുത്തിയതെന്നും ഹർജിയിൽ പറയുന്നു.
രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുൻപ് തമിഴകത്തെ തിളങ്ങുന്ന താരമായിരുന്ന ജയലളിതക്ക് ഭൂമിയായും വീടുകളായും ആഭരണങ്ങളായും കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ട്.
2016ൽ തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ 113 കോടിയുടെ സ്വത്തുണ്ടെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.


