ലൈസന്‍സില്ലാത്ത എഎസ്‌ഐ ഓടിച്ച ജീപ്പ് ഇടിച്ച് ഒരു ജീവന്‍ പൊലിഞ്ഞു; കേസ് അന്വേഷണം കുറ്റക്കാരന്‍ തന്നെ നടത്തി തെളിവില്ലെന്ന് പറഞ്ഞ് അവസാനിപ്പിച്ചു; ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പോലീസിന്റെ കള്ളക്കളി തെളിഞ്ഞു

ലൈസന്‍സില്ലാതെ ജീപ്പ് ഓടിച്ച് ഒരാളെ ഇടിച്ച് കൊല്ലുക. കേസായപ്പോള്‍ സ്വയം അത് അന്വേഷിച്ച് തെളിയിക്കാനായില്ലെന്ന് പറഞ്ഞ് തള്ളുക. ഇതെല്ലാം നടത്തിയിട്ടും വകുപ്പില്‍ സ്ഥാനക്കയറ്റം കിട്ടുക. കേരള പോലീസിന്റെ ചില ഇടപെടലുകള്‍ അതും പോലീസുകാര്‍ക്ക് വേണ്ടിയാണെങ്കില്‍ തികച്ചും അസാധരാണമായി തോന്നാം.

ലൈസന്‍സില്ലാത്ത എഎസ്ഐ ഓടിച്ച ജീപ്പ് ഓട്ടോറിക്ഷയില്‍ ഇടിച്ച് യാത്രക്കാരന്‍ മരിക്കുന്നു. ഈ കേസിന്റെ അന്വേഷണം ഏല്‍പിച്ചതാകട്ടെ അപകടത്തിന് കാരണക്കാരനായ എഎസ്ഐയെ തന്നെ. ഇടിച്ച വാഹനവും ഡ്രൈവറെയും കണ്ടെത്താനായില്ലെന്ന് പറഞ്ഞ് അയാള്‍ കേസ് അവസാനിപ്പിച്ചു. മരിച്ചയാളുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ക്രൈം ബ്രാഞ്ച് കേസെടുത്തു. എഎസ്ഐ ഓടിച്ച ജീപ്പ് ഇടിച്ചാണ് യാത്രക്കാരന്‍ മരിച്ചതെന്ന് അവര്‍ കണ്ടെത്തി. എഎസ്ഐക്കെതിരേ കോടതിയില്‍ കുറ്റപത്രവും നല്‍കി. വിചാരണയ്ക്കിടെ എഎസ്ഐ മരിച്ചു. കോടതി അപകടത്തില്‍ മരിച്ചയാളുടെ ആശ്രിതര്‍ക്ക് 27 ലക്ഷം നഷ്ടപരിഹാരം വിധിച്ചു. ലൈസന്‍സില്ലാത്തയാള്‍ വാഹനമോടിച്ചെന്ന കാരണം പറഞ്ഞ ഇന്‍ഷ്വറന്‍സ് കമ്പനി ക്ലെയിം നിഷേധിച്ചു. നഷ്ടപരിഹാരത്തുക പ്രതിയുടെ ബന്ധുക്കളില്‍ നിന്ന് ഈടാക്കാന്‍ കോടതി ഉത്തരവുമിട്ടു. കേസ് അന്വേഷണത്തില്‍ ഇത്രയുമധികം വീഴ്ച കാണിച്ച എഎസ്ഐയ്ക്കെതിരേ ഒരു നടപടിയുമെടുക്കാത്ത പൊലീസ് വകുപ്പ് അയാള്‍ക്ക് എസ്ഐയായി സ്ഥാനക്കയറ്റവും നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2002 ഓഗസ്റ്റ് അഞ്ചിന് രാത്രി 10.30് റാന്നി ബ്ലോക്ക് പടിയിലുണ്ടായ അപകടത്തില്‍ വടശേരിക്കര പുത്തന്‍പറമ്പില്‍ ജോസഫ് ജോണാണ് മരിച്ചത്. ആ സമയം റാന്നി സ്റ്റേഷനില്‍ എഎസ്ഐ ആയിരുന്ന തിരുവനന്തപുരം പനങ്ങപ്പാറ സ്വദേശിയുമായ സൈനുലബ്ദീനാണ് അപകടമുണ്ടാക്കിയ ജീപ്പ് ഓടിച്ചിരുന്നത്. റാന്നി പഴവങ്ങാടി മേപ്പുറത്തു വീട്ടില്‍ എം വിസാമുവേലിന്റെ ഉടമസ്ഥതയിലുള്ള ജീപ്പ് ഡ്രൈവറില്‍ നിന്നും ബലമായി പിടിച്ചു വാങ്ങി ഓടിച്ചു വരുമ്പോഴായിരുന്നു അപകടം.

ജോസഫ് ജോണ്‍ വടശേരിക്കരയില്‍ നിന്നും റാന്നി ഇട്ടിയപ്പാറയിലേക്ക് ഓട്ടോറിക്ഷയില്‍ വരികയായിരുന്നു. ബ്ലോക്കുപടിയില്‍ വെച്ച് എതിരേ വന്ന ജീപ്പ് ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ജോസഫ് ജോണ്‍ പിന്നീട് മരിച്ചു. റാന്നി സ്റ്റേഷനില്‍ അഡീഷണല്‍ എസ്.ഐ ആയിരുന്ന സൈനുലബ്ദീന്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇടിച്ച ജീപ്പിനെയോ ഓടിച്ച ഡ്രൈവറേയോ സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചില്ലെന്ന് പറഞ്ഞ് ഇയാള്‍ കേസ് ഫയല്‍ അടച്ചു. തുടര്‍ന്ന് ജോസഫ് ജോണിന്റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസന്വേഷണം സിബിസിഐഡിയെ ഏല്‍പ്പിച്ചു.

ഇവര്‍ നടത്തിയ അന്വേഷണത്തില്‍ അപകടമുണ്ടാക്കിയ ജീപ്പ് ഓടിച്ചിരുന്നത് സൈനുലബ്ദീന്‍ തന്നെയാണെന്ന് കണ്ടെത്തി. ലൈസന്‍സില്ലാതിരുന്ന ഇയാള്‍ ജീപ്പ് അശ്രദ്ധമായിട്ടാണ് ഓടിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായി. താനാണ് കുറ്റക്കാരനെന്ന കാര്യം എസ്.ഐ മനഃപൂര്‍വം മറച്ചു വയ്ക്കുകയും കേസ് സംബന്ധിച്ച തെളിവുകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ സി.ബി.സിഐഡി റാന്നി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

അപകടമരണ നഷ്ടപരിഹാരം അനുവദിച്ചു കിട്ടുന്നതിനായി ജോസഫ് ജോണിന്റെ ആശ്രിതര്‍ പത്തനംതിട്ട മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലില്‍ എഎസ്‌ഐ സൈനുലബ്ദീന്‍, ജീപ്പുടമ സാമുവല്‍, ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനി, ഡി.ജി.പി, ജില്ലാ കലക്ടര്‍ എന്നിവരെ എതിര്‍കക്ഷികളാക്കി അഡ്വ. സാബു ഐ. കോശി മുഖേനെ കേസ് ഫയല്‍ ചെയ്തു. വിചാരണ വേളയില്‍ എസ്.ഐ. സൈനുലബ്ദീന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളായ നസീന, ജാസ്മിന്‍, ജാസിം, ജുബിന എന്നിവരെക്കൂടി എതിര്‍കക്ഷികളയായി ചേര്‍ത്തു.

അപകടം നടന്ന ദിവസം വൈകിട്ട് ആറിന് എഎസ്ഐ ഉടമസ്ഥന്റെ അനുവാദം കൂടാതെ ജീപ്പ്, ഡ്രൈവറില്‍ നിന്നും ബലമായി തട്ടിയെടുക്കുകയായിരുന്നുവെന്നാണ് കേസ്. സ്റ്റേഷന്‍ ഡ്യൂട്ടിയിലായിരുന്നപ്പോഴാണ് എഎസ്ഐ ജീപ്പ് ഓടിച്ചിരുന്നത്. ഡ്യൂട്ടിയിലായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ അനാസ്ഥ മൂലമുണ്ടായ മരണത്തിന് സര്‍ക്കാര്‍ ബാധ്യസ്ഥനാണെന്ന് വാഹനം ഉടമ എം വി സാമുവല്‍ അഡ്വ. ഏബ്രഹാം മാത്യു പനച്ചമൂട്ടില്‍ മുഖേനെ കോടതിയില്‍ ബോധിപ്പിച്ചു. ലൈസന്‍സില്ലാതെ ജീപ്പോടിച്ച് എഎസ്ഐ ഉണ്ടാക്കിയ അപകടമരണത്തിന്റെ നഷ്ടപരിഹാരം സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്ന് ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനി അഡ്വ. മധു പി. സാം മുഖേന കോടതിയില്‍ വാദിച്ചു.

ജോസഫ് ജോണിന്റെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്നു എന്ന വ്യാജേന കേസ് ഇല്ലാതാക്കാനാണ് എഎസ്ഐ ശ്രമിച്ചതെന്നും കോടതി നിരീക്ഷിച്ചു. വകുപ്പുതലത്തില്‍ ശിക്ഷ ലഭിക്കാതെ സൈനുലബ്ദീന് എസ്ഐയായി സ്ഥാനക്കയറ്റം നല്‍കി എന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി. അതുവഴി എഎസ്ഐയുടെ തെറ്റായ നടപടി വകുപ്പ് അംഗീകരിക്കുകയായിരുന്നു. ജോസഫ് ജോണിന്റെ അവകാശികള്‍ക്ക് 27 ലക്ഷം രൂപ നഷ്ടപരിഹാരം സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. അതിനു ശേഷം സൈനുലബ്ദീന്റെ സ്വത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാറിന് തുക ഈടാക്കാവുന്നതാണെന്നും കോടതി വിധിച്ചു. മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ജഡ്ജി എസ്. ജയകുമാറിന്റേതാണ് വിധി.

Top