യുവ കവി ജിനേഷ് മടപ്പളളി ആത്മഹത്യ ചെയ്ത നിലയിൽ ,വിഷാദവും വേദനകളും എന്നും വാക്കുകളിൽ നിറച്ച കവി ഒടുവിൽ വിടപറയാൻ തിരഞ്ഞെടുത്തതും ആത്മഹത്യയുടെ വഴി.കവിയുടെ ആകസ്മിക വേർപാട് വിശ്വസിക്കാനാകാതെ സോഷ്യൽമീഡിയ

കോഴിക്കോട്: കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജിനേഷ് മടപ്പളളി (36)യെ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് ഒഞ്ചിയം യുപി സ്‌കൂള്‍ ജീവനക്കാരനായിരുന്ന ജിനേഷിനെ ഇതേ സ്‌കൂളിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.അദ്ദേഹം ജോലിചെയ്തിരുന്ന വടകര ഒഞ്ചിയം യുപി സ്‌കൂളിൽ തൂങ്ങിമരിച്ച നിലയിൽ ആണ് മൃതദേഹം കണ്ടത്. തന്റെ മുപ്പത്തഞ്ചാം വയസ്സിലാണ് ജിനേഷ് ഈ ലോകത്തോട് വിടപറയുന്നത്.ഒഞ്ചിയം യുപി സ്‌കൂളിൽ പ്യൂൺ ആയിരുന്നു ജിനേഷ്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് മൃതദേഹം കണ്ടെത്തിയത്. സ്‌കൂളിലെ കോണിപ്പടിക്ക് മുകളിലെ കമ്പിയിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം.അവിവാഹിതനാണ്. ജിനേഷിന്റെ അമ്മ രണ്ടാഴ്‌ച്ച മുമ്പാണ് നിര്യാതയായത്. അമ്മ നഷ്ടപ്പെട്ട വേദനയും അദ്ദേഹത്തെ അലട്ടിയിരുന്നതായി അടുപ്പമുള്ളവർ പറയുന്നു. വടകര രയരങ്ങോത്ത് സുകൂട്ടിയാണ് പിതാവ്. അരക്ഷിത യൗവനത്തെയും സമൂഹത്തിലെ അമർത്തിയ നിലവിളികളേയും തന്റെ കവിതകളിലേക്ക് തീക്ഷ്ണമായി ആവാഹിച്ച കവിയായിരുന്നു ജിനേഷ്.

കച്ചിത്തുരുമ്പ്, ഏറ്റവും പ്രിയപ്പെട്ട അവയവം, ഇടങ്ങള്‍, രോഗാതുരമായ സ്‌നേഹത്തിന്റെ 225 കവിതകള്‍ എന്നിവയാണ് ജിനേഷിന്റെ കവിതാ സമാഹരങ്ങള്‍. കവിതകള്‍ ഹിന്ദി, തമിഴ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.പല വിഷയങ്ങളിലും ആത്മഹത്യയെന്ന വിഷയം ഒരു മർമ്മംപോലെ ഒളിഞ്ഞും തെളിഞ്ഞും നിന്നിരുന്നു. വിഷാദത്തെ പ്രണയിച്ച കവിയെന്ന നിലയിൽ ആസ്വാദകർക്കിടയിൽ ഇടംപിടിച്ച ജിനേഷ് ഒടുവിൽ എല്ലാവരോടും വിടപറയാൻ ആത്മഹത്യയിൽ തന്നെ അഭയംപ്രാപിച്ചു.2009ൽ പുറത്തിറങ്ങിയ കച്ചിത്തുരുമ്പാണ് ആദ്യ കവിതാസമാഹാരം. ഏറ്റവും പ്രിയപ്പെട്ട അവയവം, രോഗാതുരമായ സ്നേഹത്തിന്റെ 225 കവിതകൾ തുടങ്ങിയവയാണ് മറ്റു കവിതാസമാഹാരങ്ങൾ.

നിരവധി കവിതാപുരസ്‌കാരങ്ങൾ നേടിയ ജിനേഷിന് വലിയൊരു സുഹൃദ് വൃന്ദവുമുണ്ട്. 1982 ൽ കോഴിക്കോട് ജില്ലയിലെ കെടി ബസാറിൽ ജനിച്ച ജിനേഷ് ഊരാളുങ്കൽ വിവി എൽപി സ്‌കൂൾ, ജിവിഎച്ച്എസ്എസ് മടപ്പള്ളി, ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, മടപ്പള്ളി ഗവൺമെന്റ് കോളെജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം നേടി.

കവിതാലോകത്തെ പുത്തൻതലമുറക്കാർക്കിടയിൽ സുപരിചിതനായ ജിനേഷിന് നവകവിതാലോകത്ത് ആയിരക്കണക്കിന് ആസ്വാദകരുമുണ്ട്. സാഹിത്യവേദികളിലെ സ്ഥിരം സാന്നിധ്യവുമായിരുന്നു ജിനേഷ്. നല്ലൊരു കവിയെന്ന നിലയിൽ ഏറെ ആരാധകരുണ്ടായിരുന്ന ജിനേഷിന് ആയിരക്കണക്കിന് ഫോളോവേഴ്‌സ് ഉണ്ട് സോഷ്യൽ മീഡിയയിൽ. ജിനേഷിന്റെ ആകസ്മികമായ വേർപാട് വലിയ വേദനയോടെയാണ് സോഷ്യൽമീഡിയ ഉൾക്കൊള്ളുന്നത്. ജിനേഷിന്റെ ആസ്വാദകരിൽ പലരും അദ്ദേഹത്തെയും കവിതകളേയും അനുസ്മരിച്ച് സോഷ്യൽമീഡിയയിൽ കുറിപ്പുകളും നൽകി.തന്റെ ഫേസ്‌ബുക്ക് ടൈംലൈനിൽ ഇക്കഴിഞ്ഞ മാർച്ച് 13ന് ജിനേഷ് പോസ്റ്റ് ചെയ്തത് ‘ആദികവിത ചോരതുപ്പുമ്പോൾ’ എന്ന കവിതയാണ്. അട്ടപ്പാടിയിൽ മധു എന്ന ആദിവാസി യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തെ അധികരിച്ചുള്ള ഈ കവിതയും ഏറെ ചർച്ചചെയ്യപ്പെട്ടു.

ജിനേഷ് നിഷ്‌കളങ്കനായ കവി ആണെന്നും ആ ആത്മാർത്ഥ തന്നെ അത്ഭുതപെടുത്തി എന്നും ഉണ്ണി. ആർ അഭിപ്രായപെട്ടതായ് വായിച്ചു. ‘ഉടലിന് പ്രാധാന്യം നൽക്കുന്ന തന്നെ പോലെ ഉള്ളവർക്ക് ഇങ്ങനെ എഴുതാൻ സാധിക്കില്ല. ജിനേഷിന്റെ കവിതകൾ ഹൃദയം ഹൃദയത്തോട് സംസാരിക്കുന്നതാണ്’ എന്നാണ് ഉണ്ണി ആർ പറഞ്ഞത്. അദ്ദേഹത്തിന്റെ സത്യസന്ധമായ അഭിപ്രായത്തെ മാനിക്കുന്നു.ഇന്നിപ്പോൾ മറ്റൊരു ലോകത്തേക്ക് പോയ, കവിതകളിൽ കൂടി മാത്രമറിയുന്ന ജിനേഷ് എന്ന മനുഷ്യന് എവിടെയായിരുന്നാലും വേദനകളിൽ നിന്ന് മുക്തിയും മനസ്സിന് സമാധാനവും ലഭിക്കട്ടെ എന്ന് മനസ്സ് കൊണ്ട് ആഗ്രഹിക്കാൻ മാത്രമേ കഴിയൂ. അതല്ലെങ്കിൽ എല്ലാം പൂർണ്ണവിരാമത്തിലെത്തിച്ച് അദ്ദേഹം വേദനകളിൽ നിന്ന് രക്ഷപെട്ടു എന്ന് ആശ്വസിക്കാനേ കഴിയൂ.

 

ഒരാളെപ്പോലെയാണ്ഞാ ൻ നിന്നെ സ്‌നേഹിക്കുന്നത്.എല്ലാം തകർന്നിട്ടും .ഇഷ്ടം തുടരുന്നു’.പ്രണയം പ്രഹരമാകുന്നു. വേദനിക്കിലും വേദനിപ്പിക്കിലും വേണമീ സ്‌നേഹ ബന്ധങ്ങളുഴിയിൽ എന്നറിയാം കവിക്ക്. അതാണ് അതിജീവന തന്ത്രം.’ശസ്ത്രക്രിയക്കിടക്കോർമ്മ തെളിയുന്ന മസ്തിഷ്‌ക രോഗി തൻ ഞെട്ടിക്കരച്ചിൽ പോൽ വന്നതെന്തിനെൻ നിദ്രയിലേക്കു നീ’എന്ന വരിയിൽ തടഞ്ഞാണ് ആദ്യമായി വീണ് മുറിവേറ്റത് എന്ന് ഓർക്കുന്നു. ചങ്ങമ്പുഴയോ പി.യോ എന്നെ മുറിവേല്പിച്ചിരുന്നില്ല. ഇപ്പോൾ, രോഗാതുരമായ സ്‌നേഹത്തിന്റെ 225 കവിതകൾ എന്റെ മജ്ജയിൽ ഈയമായി ഉരുകി വീഴുന്നു. ഈ പ്രണയത്തിന്റെ ബൈബിൾ എഴുതാൻ നീ എത്ര തവണ കുരിശേറിയിട്ടുണ്ടാവും ജിനേഷ് ? പ്രണയത്തിന്റെ പ്രഹരത്തിൽ ചുട്ടുപഴുത്ത ഒരു ഹൃദയമുണ്ട് ഓരോ അക്ഷരത്തിലും. എത്രവട്ടം ബലിയായി മാറണം സ്‌നേഹത്തിന്റെ മൂന്നാം നാളിൽ ഉയിർക്കാൻ?

നഷ്ടപ്രണയത്തിന്റെ തീവ്രവേദനയിൽ നിന്നുള്ള കണ്ണീരിനാൽ ഓരോ പേജിലും ബുക്മാർക്ക് വെച്ച ഈ പുസ്തകം ഞാനാർക്കും കൊടുക്കില്ല….എന്ന് പി. സുരേഷ് പറഞ്ഞ് നിർത്തുമ്പോൾ ആ പുസ്തകം വാങ്ങി വായിക്കുക എന്നതേ എനിക്ക് ചെയ്യാനുള്ളൂ. ഒരിക്കലും അറിയാത്ത ഒരു മനുഷ്യന്, അദ്ദേഹത്തിന്റെ കവിതകൾ വായിച്ചിരുന്നു എന്നതുകൊണ്ട് മാത്രം ഇങ്ങനെയൊരു മരണാനന്തര കുറിപ്പെഴുതുക എന്നത് മാതമെ ചെയ്യാനുള്ളു..നാദാപുരം റോഡ് കെ.ടി. ബസാറില്‍ പാണക്കുളം കുനിയില്‍ പരേതരായ സുകൂട്ടി, പത്മിനി ദമ്പതികളുടെ മകനാണ്. ഏപ്രില്‍ 16ന് ജിനേഷിന്റെ മാതാവ് പത്മിനി മരണപ്പെട്ടത്. സഹോദരി: ജസില. മൃതദേഹം ഞായറാഴ്ച വടകര ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനുവച്ചശേഷം സംസ്‌കരിക്കും.

Top