ജിഷയുടെ പിതാവിനെ അജ്ഞാത സംഘം മര്‍ദ്ദിച്ചു; ദുരൂഹതകള്‍ ഒഴിയാതെ ദലിത് വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം

കൊച്ചി: കൊല്ലപ്പെട്ട ജിഷയുടെ അച്ഛന്‍ ബാബുവിനെ ഒരു സംഘം ആളുകള്‍ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി. ഇതേത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ജീവനു ഭീഷണി നേരിട്ടതോടെ ബാബു ഞായറാഴ്ച അശമന്നൂരില്‍ നിന്നു പനിച്ചയത്തെ സഹോദരിയുടെ വീട്ടിലേക്കു താമസം മാറ്റിയിരുന്നു. അവിടെവച്ച് ദേഹാസ്വാസ്ഥ്യവും വിറയലും അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിലെത്തിച്ചത്. മഞ്ഞപ്പിത്തം ഉള്‍പ്പെടെ നിരവധി രോഗങ്ങളുള്ളതിനാല്‍ തീവ്രപരിചരണ വിഭാഗമുള്ള ആശുപത്രിയിലേക്കു മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.

ജോമോന്‍ പുത്തരയ്ക്കലിന് നല്‍കിയ പരാതിയുമായി തനിയ്ക്ക് ബന്ധമില്ലെന്ന് ബാബുവിന്റെ വെളിപ്പെടുത്തലാണ് ഭീഷണിക്കുപിന്നില്ലെന്നാണ് സൂചന

ജിഷയുടെ പിതൃത്വം സംബന്ധിച്ച് പ്രമുഖ നേതാവിനെതിരേ ആരോപണമുന്നയിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിന് എതിരേ പരാതി നല്‍കാന്‍ ചിലര്‍ പ്രേരിപ്പിച്ചെന്നും പരാതിയുടെ ഉള്ളടക്കം അറിയില്ലായിരുന്നുവെന്നും ബാബു വെളിപ്പെടുത്തിയിരുന്നു. അക്രമിസംഘം ബാബുവിനെ ബലമായി പിടിച്ചുവലിച്ചു.

രോഗിയാണെന്നും ഉപദ്രവിക്കരുതെന്നും പറഞ്ഞെങ്കിലും അക്രമികള്‍ പിടിവിട്ടില്ല. ബഹളംകേട്ട് എത്തിയ നാട്ടുകാരാണ് ബാബുവിനെ മോചിപ്പിച്ചത്. കുറുപ്പംപടി മുന്‍ സി.ഐയുടെ ഡ്രൈവര്‍ വിനോദും പഞ്ചായത്തംഗം സുനിലും ബാബുവിനെക്കൊണ്ട് വെള്ളപേപ്പറില്‍ ഒപ്പിടുവിച്ച് ഐ.ജിക്കു പരാതി നല്‍കിയതെന്ന ബാബുവിന്റെ വെളിപ്പെടുത്തലാണ് പ്രകോപനമെന്നാണ് സൂചന. ബാബുവിനെ ആക്രമിച്ചവരെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

Top