മുഖ്യമന്ത്രിയുടെ കണ്ടക ശനി തുടങ്ങിയെന്ന് മുരളീധരൻ! മുഖ്യമന്ത്രിയുടെ ഓഫീസിലെ ‘ഇടനിലക്കാരൻ’ ആരോപണം, ഐജി ലക്ഷ്മണനെതിരെ നടപടിക്ക് സർക്കാർ നീക്കം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ ഓഫീസിനെതിരായ ഗുരുതര ആരോപണവുമായി ഹൈക്കോടതിയിൽ ഹർജി നൽകിയ ഐജി ലക്ഷ്മണനെതിരെ നടപടിക്ക് സർക്കാർ നീക്കം. സർവ്വീസിലുള്ള ഉയർന്ന ഉദ്യോഗസ്ഥന്റെ നടപടി ഗുരുതര ചട്ടലംഘനമായാണ് ആഭ്യന്തരവകുപ്പ് കാണുന്നത്.

അതേസമയം മു ഖ്യമന്ത്രി പിണറായി വിജയന്റെ കണ്ടക ശനി തുടങ്ങിയതിന്റെ ആദ്യ സൂചനയാണ് ഐജി ജി.ലക്ഷ്മണിന്റെ വെളിപ്പെടുത്തലെന്ന് കെ.മുരളീധരൻ എംപി. പൊലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കി മുഖ്യമന്ത്രിയും മന്ത്രിമാരും രക്ഷപ്പെടുന്നതിന്റെ തിരിച്ചടിയുടെ ആദ്യ സൂചനയാണിത്. 1–2 മാസത്തിനുള്ളിൽ ജാമ്യം കിട്ടിയില്ലെങ്കിൽ ശിവശങ്കറും ഇതിനേക്കാൾ ഭീകരമായിട്ടുള്ള പലതും തുറന്നുപറയുമെന്ന് മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസിൽ ഭരണഘടനാബാഹ്യ അധികാരകേന്ദ്രം പ്രവർത്തിക്കുന്നതായി പൊലീസ് ഐജി ജി. ലക്ഷ്മൺ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ആരോപിച്ചത്. മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ സാമ്പത്തിക തട്ടിപ്പു കേസിൽ ഉൾപ്പെടുത്തിയതിനെതിരെയായിരുന്നു ലക്ഷ്മണിന്റെ ഹർജി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്ന ഒരു അധികാര കേന്ദ്രം ആ ഓഫിസിലുണ്ട് എന്ന കാര്യത്തിൽ ഇപ്പോൾ യാതൊരു സംശയവുമില്ല. ഞങ്ങൾക്കൊന്നും ഇക്കാര്യത്തിൽ നേരത്തെ സംശയമില്ല. മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ സെക്രട്ടറി ആ സ്ഥാനത്തിരുന്ന് പലതും ചെയ്തു. അതൊന്നും കണ്ടുപിടിക്കാൻ കഴിയില്ലെങ്കിൽ അദ്ദേഹം ആ സ്ഥാനത്തിരിക്കാൻ യോഗ്യനാണോ?. ഞാൻ മുൻപു ചോദിച്ച ചോദ്യമാണിത്. ഇപ്പോൾ ആ അധികാര കേന്ദ്രത്തെക്കുറിച്ച് ഒരു ഐജി കോടതിയിൽത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. അധികം വൈകാതെ ശിവശങ്കറും പലതും പുറത്തുപറയും. അപ്പോഴാണ് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട പല വിശദാംശങ്ങളും പുറത്തുവരാൻ പോകുന്നത്. എന്തായാലും ആദ്യ വെടി പൊട്ടിക്കഴിഞ്ഞു. ഇനി വെടികൾ പലതും പൊട്ടാനിരിക്കുന്നു.

‘‘ഇതു തൊഴിലാളികളുടെ സർക്കാരല്ല എന്ന് ഗോവിന്ദൻ മാഷ് ഇന്നലെ സമ്മതിച്ചു. മുതലാളിത്ത വ്യവസ്ഥിതിയിലുള്ള സർക്കാരുകളുടെ ഒരു ഭാഗം തന്നെയാണ് ഇത്. അല്ലാതെ ഇന്ത്യൻ ജനാധിപത്യത്തിൽ കേരളത്തിൽ ഒരു തൊഴിലാളി ഭരണകൂടം സാധ്യമല്ല എന്നും അദ്ദേഹം പറഞ്ഞു. ആ സ്ഥിതിക്ക് ഇനി കാറൽ മാർക്സിന്റെയും ഏംഗൽസിന്റെയും സൂക്തങ്ങൾക്ക് ഇനി പ്രസക്തിയുണ്ടോ? കമ്യൂണിസവും കേരളത്തിൽ ഇല്ല എന്നാണ് അദ്ദേഹത്തിന്റെ ഇന്നലത്തെ പ്രസ്താവനയിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലായത്. ഇന്ത്യയിലുമില്ല.’’

‘‘അപ്പോൾ ഇനി ഇതിനെ തൊഴിലാളി വർഗ പാർട്ടി എന്നു പറയണോ? അതിലും നല്ലത് മുതലാളിത്ത വ്യവസ്ഥിതിയോടു ആഭിമുഖ്യം പുലർത്തുന്ന രാഷ്ട്രീയ പാർട്ടി എന്ന് പറയുന്നതല്ലേ? തൊഴിലാളി വർഗ പാർട്ടി എന്ന് പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. അതിന് മാധ്യമങ്ങളെയും കുറ്റം പറയുന്നുണ്ട്. ഞങ്ങൾ തൊഴിലാളി വർഗ പാർട്ടിയല്ല, മാധ്യമങ്ങളാണ് അങ്ങനെയാക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിൽ വളരെ രസകരമായ സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അതിന്റെ പരിസമാപ്തി എന്താണെന്ന് അന്നു മാത്രമേ പറയാൻ കഴിയൂ.’’ – മുരളീധരൻ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിൽ, ഭരണഘടനാ ബാഹ്യ അധികാര കേന്ദ്രം പ്രവർത്തിക്കുന്നുവെന്ന അതീവ ഗുരുതര ആരോപണമാണ് ഐ ജി ലക്ഷ്മണന്റെ ഹൈക്കോടതിയിലെ ഹർജിയിൽ ഉന്നയിക്കുന്നത്. ഈ അധികാരകേന്ദ്രം സാമ്പത്തിക ഇടപാടുകളിൽ മധ്യസ്ഥത വഹിക്കുന്നുണ്ടെന്നാണ് ആക്ഷേപം. ഹൈക്കോടതി ആർബിട്രേറ്റർമാർക്ക് അയച്ച തർക്കം പോലും തീർപ്പാക്കുന്നുണ്ടെന്നും ആരോപണമുണ്ട്. മോൻസൻ മാവുങ്കൽ കേസിൽ പ്രതിസ്ഥാനത്തുള്ള ഐജിയുടെ വിടുതൽ ഹർജിയിലെ ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസിനെ കടുത്ത സമ്മർദ്ദത്തിലാക്കുന്നു.

Top