കൂട്ടക്കൊലയില്‍ ഇനിയും അഴിയാത്ത ചുരുളുകള്‍; പ്രതികള്‍ മൂന്ന് മണിക്കൂറോളം സ്ഥലത്ത് തങ്ങിയതിന് കാരണം കാണാനാകാതെ പോലീസ്

വണ്ണപ്പുറം: മന്ത്രവാദ കൂട്ടക്കൊലക്കേസില്‍ ചുരുളഴിയാന്‍ ഇനിയും നിറയെ സമസ്യകള്‍. കേസില്‍ പ്രതികളെ കൃത്യത്തിന് ഉപദേശിച്ച ജ്യോത്സ്യന്‍ പോലീസ് പിടിയിലായിട്ടുണ്ട്. എന്നാല്‍ കൃത്യം നടത്തിയതിന് ശേഷവും പ്രതികള്‍ മൂന്ന് മണിക്കൂറോളം കൃഷ്ണന്റെ വീട്ടില്‍ തങ്ങിയത് എന്തിനെന്ന ചോദ്യം പോലീസിനെ കുഴക്കുകയാണ്.

ഇന്നലെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കേസിലെ മുഖ്യപ്രതി അടിമാലി സ്വദേശി അനീഷ് വെളിപ്പെടുത്തിയ വിവരങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പൊലീസിനെയും ഞെട്ടിച്ചു. പിതാവ് കൃഷ്ണനെയും മാതാവ് സുശീലയെയും അടിച്ചുവീഴ്തിയ ശേഷം അനീഷ് മകള്‍ ആര്‍ഷയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ നിലത്തുവീണ ആയുധം കൈക്കലാക്കി യുവതി അനീഷിനെ തലയ്ക്കടിച്ചു. തുടര്‍ന്ന് വര്‍ദ്ധിത വീര്യത്തോടെ അനീഷ് ആര്‍ഷയെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. പിന്നാലെ സഹോദരന്‍ അര്‍ജ്ജുനെയും അടിച്ചുവീഴ്ത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആര്‍ഷ മരണപ്പെട്ടതിന് ശേഷം അനീഷ് അവള്‍ കന്യകയാണോ എന്ന് നോക്കാന്‍ നിര്‍ദ്ദേശിച്ചെന്നും ഇതനുസരിച്ച് താന്‍ പറഞ്ഞുകേട്ടിട്ടുള്ള അറിവുവച്ച് ഫിംഗര്‍ ടെസ്റ്റ് നടത്തിയെന്നുമാണ് കൂട്ടുപ്രതി ലിബീഷിന്റെ കുറ്റസമ്മതം. സുശീലയുടെ മൃതദ്ദേഹത്തെ അനീഷ് അപമാനിച്ചതായും ഇയാള്‍ പൊലീസില്‍ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ താന്‍ മൃതദ്ദേഹങ്ങളെ അപമാനിച്ചില്ലെന്നും ലിബീഷ് പറയുന്നത് കള്ളമാണെന്നുമായിരുന്നു അനീഷിന്റെ വാദം. കൊലയ്ക്കുപിന്നിലെ യഥാര്‍ത്ഥ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ലന്നാണ് അന്വേഷണ സംഘത്തിലെ ഒരു വിഭാഗത്തിന്റെ കണക്കുകൂട്ടല്‍.
പുലര്‍ച്ചെ 12.30 ഓടെ കൃത്യത്തിനെത്തിയെന്നും കമ്പകക്കാനത്തുനിന്നും തിരിച്ച് വീട്ടിലെത്തിയപ്പോള്‍ 5 മണി കഴിഞ്ഞെന്നുമാണ് ഇവര്‍ പൊലീസിനെ അറിയിച്ചിട്ടുള്ളത്. ഇവര്‍ വിവരിച്ച പ്രകാരമാണ് കാര്യങ്ങള്‍ നടന്നതെങ്കില്‍ കൃത്യം നടത്താന്‍ ഇവര്‍ ആകെ ചെലവഴിച്ചത് അരമണിക്കൂറോളം മാത്രമാണെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.

കൃത്യം നടത്താനുള്ള അര മണിക്കൂറും തിരിച്ച് തൊടുപുഴയെത്താനുള്ള ഒരു മണിക്കൂറും കഴിച്ച് മൂന്നുമണിക്കൂര്‍ ഇവര്‍ വീട്ടില്‍ ചെലവഴിച്ചത് എന്തിനുവേണ്ടിയായിരുന്നെന്ന കാര്യത്തില്‍ വ്യക്തത വരുത്താനാവാത്തതാണ് പൊലീസിനെ കുഴയ്ക്കുന്നത്. പൂജയ്ക്കായി കന്യകകളെ കിട്ടുമോ എന്ന് കൊല്ലപ്പെട്ട കൃഷ്ണന്‍ തന്നോട് ചോദിച്ചിരുന്നു എന്ന് അനീഷ് ചോദ്യം ചെയ്യലിനിടെ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതും ആര്‍ഷ കന്യകയാണോ എന്ന് നോക്കാന്‍ അനീഷ് നിര്‍ദ്ദേശിച്ചു എന്നതും കൂട്ടി വായിക്കുമ്പോള്‍ സംശയങ്ങള്‍ ഇരട്ടിച്ചിരിക്കുകയാണെന്നാണ് അന്വേഷക സംഘാംഗത്തിന്റെ വെളിപ്പെടുത്തല്‍.

കന്യക പൂജയ്‌ക്കോ, ബലി നടത്തുന്നതിനോ ഇവര്‍ ശ്രമിച്ചിരുന്നോ എന്നാണ് പൊലീസിന്റെ പ്രധാന സംശയം. കൃഷ്ണന്റെ ശിഷ്യന്‍ എന്ന നിലയില്‍ ഇയാള്‍ക്കറിയാവുന്ന പൂജാവിധികള്‍ അനീഷും പഠിച്ചിരിക്കാമെന്നും ഗുരു അവസരം കാത്തിരുന്ന കന്യകാ പൂജ ജോത്സ്യന്റെ നിര്‍ദ്ദേശാനുസരണം അനീഷ് നടപ്പിലാക്കിയോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരുന്നതായിട്ടാണ് ലഭ്യമായ വിവരം.

Top