
കണ്ണൂർ: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. എഡിഎമ്മിനെതിരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഇന്നലെ ഗുരുതരാരോപണം ഉന്നയിച്ചിരുന്നു. ഇന്നലെ നടന്ന യാത്രയപ്പ് ചടങ്ങിനിടെയായിരുന്നു അപ്രതീക്ഷിതമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വേദിയിലെത്തിയത്. പെട്രോള്‍ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണമാണ് ദിവ്യ വേദിയില്‍ ഉയർത്തിയത്. ഉദ്യോഗസ്ഥർ സത്യസന്ധരായിരിക്കണമെന്നും നവീന്‍ ബാബു കണ്ണൂരില്‍ പ്രവർത്തിച്ചതുപോലെ മറ്റിടങ്ങളില്‍ പ്രവർത്തിക്കരുതെന്നും പി പി ദിവ്യ വേദിയിൽ പറഞ്ഞിരുന്നു.
യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെയാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ. കണ്ണൂർ എഡിഎം നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചാണ് വേദി വിട്ടത്. ചെങ്ങളായിയിൽ ഒരു സംരംഭകന്‍റെ പെട്രോൾ പമ്പിന് അനുമതി നൽകുന്നത് മാസങ്ങളോളം വൈകിപ്പിച്ചെന്നാണ് ആരോപണം ഉന്നയിച്ചത്. സ്ഥലം മാറ്റ ഉത്തരവ് വന്നതിന് പിന്നാലെ അനുമതി നൽകിയെന്നും അത് എങ്ങനെയെന്ന് തനിക്കറിയാമെന്നും പറഞ്ഞ ദിവ്യ, രണ്ട് ദിവസത്തിനുള്ളിൽ വിവരങ്ങൾ പുറത്തുവിടുമെന്നും പറഞ്ഞു. കളക്ടറുടെ സാന്നിധ്യത്തിലായിരുന്നു പി പി ദിവ്യയുടെ പ്രസംഗം. ഉപഹാരം നൽകുമ്പോൾ നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് വേദി വിട്ടു.
പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ
“ബഹുമാനപ്പെട്ട കേരളത്തിന്‍റെ മുഖ്യമന്ത്രി ചുമതലയേറ്റ ശേഷം പറഞ്ഞ, ഏറ്റവും ഹൃദയത്തിൽ തറച്ച വാചകം ഒരു ഫയൽ എന്നാൽ ഒരു മനുഷ്യന്‍റെ ജീവിതമാണെന്നാണ്. മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിട്ട് പോലും എന്‍റെ കയ്യിലെ ഒരു ഫയൽ ഒരു ജീവിതമാണെന്ന് എത്ര പേർക്ക് തോന്നിയിട്ടുണ്ട്? പത്തും പതിനഞ്ചും പ്രാവശ്യം ഓഫീസ് കയറിയിറങ്ങുന്ന മനുഷ്യർ. അവരെ കാണുമ്പോൾ അവരുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ എന്ന് എല്ലാ ഉദ്യോഗസ്ഥരും ഒരു തവണയെങ്കിലും ചിന്തിക്കണം. ഒരു തവണ ഞാൻ എഡിഎമ്മിനെ വിളിച്ചിട്ടുണ്ട്. ഒരു സംരംഭകന്‍റെ ചെങ്ങളായിയിലെ ഒരു പെട്രോൾ പമ്പിന്‍റെ എൻഒസിയുമായി ബന്ധപ്പെട്ട്. സൈറ്റ് പോയി നോക്കണമെന്ന് പറഞ്ഞു. ആ സംരംഭകൻ ഒരു തീരുമാനവുമായില്ലല്ലോ എന്ന് പറഞ്ഞ് പല തവണ എന്നെ കാണാൻ വന്നു. കഴിഞ്ഞ ദിവസം എൻഒസി കിട്ടിയെന്ന് പറഞ്ഞു. ഏതായാലും നന്നായി. ആ എൻഒസി എങ്ങനെയാണ് കിട്ടിയതെന്ന് എനിക്ക് അറിയാം. ആ എൻഒസി കൊടുത്തതിൽ പ്രത്യേക നന്ദി പറയാനാണ് ഞാനീ പരിപാടിക്ക് എത്തിയത്. ജീവിതത്തിൽ സത്യസന്ധത വേണം. കണ്ണൂരിൽ നടത്തിയത് പോലെയായിരിക്കരുത്, പുതിയ സ്ഥലത്ത്. മെച്ചപ്പെട്ട രീതിയിൽ നിങ്ങൾ ആളുകളെ സഹായിക്കണം. ചുറ്റുമുള്ള ആളുകളെ പരിഗണിക്കണം. സർക്കാർ സർവ്വീസാണെന്ന് ഓർക്കണം. ഉപഹാരം സമർപ്പിക്കുമ്പോൾ ഞാനിവിടെ ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുന്നു. അതിന് പ്രത്യേക കാരണങ്ങളുണ്ട്. ആ കാരണങ്ങൾ രണ്ട് ദിവസം കൊണ്ട് നിങ്ങളെല്ലാം അറിയും.”
എഡിഎം നവീൻ ബാബുവിനെ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ച അദ്ദേഹം ഇന്ന് പത്തനംതിട്ടയിലേക്ക് ട്രെയിനിൽ പോകാനിരുന്നതാണ്. എന്നാൽ ഇന്ന് രാവിലത്തെ ട്രെയിനിൽ കയറിയില്ലെന്ന് കണ്ട് ബന്ധുക്കൾ കണ്ണൂരിൽ വിവരമറിയിക്കുകയായിരുന്നു. താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.