കോട്ടയത്ത് എൽ.ഡി.എഫിൽ കൂട്ടയടി: ഇടതു വിദ്യാർത്ഥി സംഘടനകൾ തമ്മിലടിച്ചതിന് പിന്നാലെ കേരള കോൺഗ്രസും സി.പി.എമ്മും തമ്മിൽ കൊടിമരത്തർക്കം; വിവാദം കത്തിപ്പടർന്ന് കോട്ടയം

കോട്ടയം: എം.ജി സർവകലാശാലയിൽ എ.സ്.എഫ്.ഐ – എ.ഐ.എസ്.എഫ് സംഘർഷത്തിന് പിന്നാലെ കേരള കോൺഗ്രസും സി.പി.എമ്മും തമ്മിൽ കോട്ടയത്ത് കൊടിമരത്തർക്കം. സംസ്ഥാനത്തെമ്പാടും കൊടിമരം സ്ഥാപിച്ച് കേരള കോൺഗ്രസ് പ്രവർത്തനം കേഡർ സ്വഭാവത്തിൽ കൂടുതൽ സജീവമാക്കുന്നതിനിടെയാണ് ഇപ്പോൾ കേരള കോൺഗ്രസിനെതിരെ സി.പി.എം രംഗത്ത് എത്തിയിരിക്കുന്നത്. കോട്ടയം പുത്തനങ്ങാടിയിലെ സി.പി.എം ലോക്കൽ കമ്മിറ്റിയിൽ കേരള കോൺഗ്രസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ജില്ലയിൽ കേരള കോൺഗ്രസ് മിക്ക സ്ഥലത്തും കൊടിമരം സ്ഥാപിച്ചിരുന്നു. ഇത്തരത്തിൽ പുത്തനങ്ങാടിയും കേരള കോൺഗ്രസ് എമ്മിന്റെ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടിമരം സ്ഥാപിച്ചു. ഇവിടെ കൊടിമരം സ്ഥാപിച്ചത് സി.പി.എമ്മിന്റെ കൊടിമരത്തിന് സമീപത്തായായിരുന്നു. മുൻ നഗരസഭ അംഗവും, സി.പി.എമ്മിന്റെ ജില്ലാ കമ്മിറ്റി അംഗവുമായ നേതാവ് കൊടിമരം സ്ഥാപിച്ചതിന് എതിരെ അതിരൂക്ഷമായ വിമർശനവുമായി രംഗത്ത് എത്തുകയായിരുന്നു. കൊടിമരം പ്രദേശത്തു നിന്നും മാറ്റിയില്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന ഭീഷണിയായിരുന്നു ഈ നേതാവ് മുഴക്കിയത്.

തുടർന്നു ചേർന്ന സി.പി.എം ലോക്കൽ കമ്മിറ്റി വിഷയം ചർച്ച ചെയ്തു. തുടർന്നു, കൊടിമരം എത്രയും വേഗം ഇവിടെ നിന്നു നീക്കണമെന്ന് അന്ത്യശാസനം നൽകുകയും ചെയ്തു. ഇതേ തുടർന്നു കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ഇടപെട്ട് സംഘർഷം ഒഴിവാക്കുന്നതിനായി ഇപ്പോൾ കൊടിമരം നീക്കം ചെയ്തിട്ടുണ്ട്. ജില്ലാ കമ്മിറ്റി അംഗമായ ഇതേ നേതാവിന്റെ പിടിവാശിയാണ് ഇപ്പോൾ സി.പി.എം കേരള കോൺഗ്രസ് സംഘർഷത്തിലേയ്ക്ക് എത്തി നിൽക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന. ഈ നേതാവിന്റെ പിടിവാശി ഒന്ന് കൊണ്ട് മാത്രമാണ് എൽ.ഡി.എഫിന് കോട്ടയം നഗരസഭ ഭരണം നഷ്ടമായത് എന്നും ആരോപണം ഉയർന്നിട്ടുണ്ട്. യുഡിഎഫിനൊപ്പം നിന്നു കേരള കോൺഗ്രസ് വിജയിച്ച സീറ്റുകൾ പോലും നൽകാൻ ഇദ്ദേഹത്തിന്റെ പിടിവാശി മൂലം സാധിച്ചില്ലെന്നും ആരോപണം ഉണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ കേരള കോൺഗ്രസിന്റെ കൊടിമരം ഇളക്കിമാറ്റാൻ സി.പി.എം നിർദേശം നൽകിയത് വിവാദമായത്.

എൽ.ഡി.എഫിൽ സി.പി.എമ്മിന്റെ വല്യേട്ടൻ സമീപനം തുടരുകയാണ് എന്നും, ഇത് കേരള കോൺഗ്രസ് ഇനി അനുഭവിക്കാൻ പോകുന്നതേയുള്ളു എന്നും പുത്തനങ്ങാടിയിലെ കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നു. കേരള കോൺഗ്രസ് നേതൃത്വം സി.പി.എം നിർദേശം അനുസരിച്ച് കൊടിമരം അഴിച്ച് മാറ്റിയതിനെതിരെ കേരള കോൺഗ്രസിൽ പ്രവർത്തകരുടെ അമർഷം ഉയരുന്നുണ്ട്. നട്ടെല്ലില്ലാത്ത നേതൃത്വം പാർട്ടിയെ സി.പി.എമ്മിന് പണയം വച്ചതായും ഒരു വിഭാഗം പ്രവർത്തകർ ആരോപിക്കുന്നു.

Top