ആലപ്പുഴ: എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി. ജി സുധാകരന്റെ വസതിയിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. സൗഹൃദ സന്ദർശനമായിരുന്നുവെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു. രാഷ്ട്രീയമായ എതിർപ്പുണ്ടെങ്കിലും അദ്ദേഹവുമായി സൗഹൃദമുണ്ടെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
കെസി വേണുഗോപാലുമായി കൂടിക്കാഴ്ച തികച്ചും വ്യക്തിപരമായ സൗഹൃദ സന്ദര്‍ശനം മാത്രമാണെന്ന് ജി സുധാകരൻ പറഞ്ഞു. തന്നെ ഇടയ്ക്ക് ഇത്തരത്തിൽ പലരും കാണാൻ വരാറുണ്ട്. ആരോഗ്യപരമായ പല പ്രശ്നങ്ങളും നേരിടുന്നയാളാണ് താൻ. അതിനാൽ പലരും വന്ന് കാണാറുണ്ട്.കെ സി വേണുഗോപാലും അങ്ങനെയാണ് തന്റെ വീട്ടിൽ വന്നത്. തങ്ങൾ ദീർഘകാലം നിയമസഭയിൽ ഒരുമിച്ചുണ്ടായിരുന്നവരാണ്. തീര്‍ത്തും വ്യക്തിപരമായ സന്ദർശനമാണ്. തന്നെ കാണാൻ വന്നാൽ കെസി വേണുഗോപാൽ അദ്ദേഹം സിപിഎമ്മിൽ ചേരുമോയെന്നും ജി സുധാകരൻ ചോദിച്ചു.
രാഷ്ട്രീയം സംസാരിച്ചോ എന്ന ചോദ്യത്തിന്, കെ സിയുമായി എന്ത് രാഷ്ട്രീയം സംസാരിക്കാനാണെന്നും അദ്ദേഹം സിപിഐഎമ്മിലേക്ക് വരുമോ എന്നാണോ സംസാരിക്കേണ്ടത് എന്നുമായിരുന്നു മറുപടി. പാർട്ടിയിൽ താൻ അസംപ്തൃപ്തനല്ലെന്നും അദ്ദേഹം പ്രതികരിച്ചു. സ്ഥാനമാനങ്ങളില്ലാത്ത താൻ പ്രധാനിയെന്ന് എതിരാളികളും കരുതുന്നുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
പലഘട്ടങ്ങളിൽ സുധാകരൻ പാർട്ടിയെ വിമർശിച്ച് രംഗത്തെത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ സിപിഐഎംഅമ്പലപ്പുഴ ഏരിയാസമ്മേളനത്തിലേക്ക് ജി സുധാകരനെ ക്ഷണിക്കാത്തത് ചർച്ചയായിരുന്നു. ഉദ്ഘാടന സമ്മേളനത്തിലും ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ നിന്നും ജി സുധാകരനെ ഒഴിവാക്കിയിരുന്നു. സുധാകരന്റെ വീടിനടുത്താണ് ഇത്തവണ പൊതുസമ്മേളന വേദി. എന്നാൽ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ക്ഷണിക്കാതിരുന്നതെന്നായിരുന്നു ജില്ലാ സെക്രട്ടറി ആർ നാസറിന്റെ പ്രതികരണം. പാർട്ടി പരിപാടികളിൽ അദ്ദേഹം പങ്കെടുക്കാറുണ്ട്. നിലവിൽ പാർട്ടി അംഗം മാത്രമാണ് ജി സുധാകരനെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേർത്തിരുന്നു.
കെ സുരേന്ദ്രൻ പറയുന്നതിന് താൻ മറുപടി പറയണ്ട കാര്യമില്ലെന്നും ജി സുധാകരൻ പറഞ്ഞു. ബിപിൻ സി ബാബു തന്റെ സ്ഥിതി കഷ്ടമെന്ന് പറഞ്ഞത് നിങ്ങളും കേട്ടതല്ലേ എന്നും അതിന് അതിനു എന്ത് മറുപടി പറയാനാണെന്നും ജി സുധാകരൻ ചോദിച്ചു. ഏരിയാസമ്മേളനത്തിൽ പങ്കെടുപ്പിക്കാത്തതിനെ കുറിച്ച് ചോദിച്ചപ്പോൾ ചിരി മാത്രമായിരുന്നു മറുപടി. മാനദണ്ഡപ്രകാരം സ്ഥാനങ്ങൾ മാത്രമേ ഒഴിഞ്ഞിട്ടുള്ളു. താനിപ്പോഴും പൊതു പ്രവർത്തകൻ തന്നെയാണ്. മറ്റുള്ളവർ എന്നെ കുറിച്ച് സംസാരിക്കുന്നത് എനിക്ക് ഇപ്പോഴും പ്രസക്തിയുള്ളത് കൊണ്ടാണെന്നും ജി സുധാകരൻ പറഞ്ഞു. താൻ കൂടി അംഗീകരിച്ചതാണ് പാർട്ടിയിലെ പ്രായ നിബന്ധനയെന്നും അദ്ദേഹം പറഞ്ഞു.
ജി സുധാകരനെ കണ്ടത് തികച്ചും വ്യക്തിപരമാണെന്നും രാഷ്ട്രീയമില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തിൽ ലീഗ് പ്രവർത്തകർ പങ്കെടുക്കാത്തത് പ്രാദേശിക പ്രശ്നങ്ങൾ എന്തെങ്കിലും ആയിരിക്കും. അത് പരിശോധിക്കുമെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ജി. സുധകരനെ മാത്രമല്ല, സി.പി.എമ്മിലെ മറ്റുള്ളവരെയും സ്വാഗതം ചെയ്യുന്നുവെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് കൊച്ചിയിൽ പ്രതികരിച്ചത്. സി.പി.എമ്മിലെ അതൃപ്തരായ മറ്റുളളവരും ബിജെപിയിലേക്ക് വരുമെന്നും കള്ള വാർത്ത കൊടുത്താൽ മാധ്യമ സ്ഥാപനത്തിൽ കയറി ചോദിക്കുമെന്നും ഞങ്ങൾക്ക് അതിനുള്ള അവകാശമുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.