ജി. സുധാകരനെതിരെ കലിപ്പ് തീരാതെ സിപിഎം.സ്കൂൾ കെട്ടിടോ​ദ്ഘാടന നോട്ടീസിൽ നിന്ന് ജി സുധാകരനെ വെട്ടിമാറ്റി

ആലപ്പുഴ: ജി. സുധാകരനെതിരെ അച്ചടക്ക നടപടിയെടുത്ത ശേഷവും പാർട്ടിയ്‌ക്കുള്ളിലെ പോരും മുറുകുകയാണ് . പുന്നപ്ര ജെ.ബി സർക്കാർ സ്‌കൂളിന്റെ ഉദ്ഘാടന നോട്ടീസിൽ നിന്ന് ജി. സുധാകരന്റെ പേര് വെട്ടി. ജി സുധാകരൻ എം എൽ എ ആയിരിക്കെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടമാണിത്. ഇതര രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് ക്ഷണമുള്ളപ്പോഴാണ് ജി സുധാകരനെ ഒഴിവാക്കിയത് . ഫോട്ടോഷോപ്പ് ഉപയോഗിച്ച് ജി സുധാകരന്റെ പേരുൾപ്പെടുന്ന ഭാഗം മായ്‌ക്കുകയായിരുന്നു.

ഇതര രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾക്ക് വരെ ക്ഷണമുള്ളപ്പോഴാണ് ജി സുധാകരനെ ഒഴിവാക്കിയത്. സുധാകരൻ താമസിക്കുന്നതിന്റെ തൊട്ടടുത്താണ് സ്‌കൂൾ. എന്നാൽ പരിപാടിയ്‌ക്ക് സുധാകരന് ക്ഷണമില്ല. എച്ച് സലാം എംഎൽഎയുടെ ഓഫീസാണ് നോട്ടീസ് അച്ചടിച്ചതെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു. എന്നാൽ സുധാകരന്റെ പേര് ഒഴിവാക്കിയതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് എംഎൽഎ പ്രതികരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാർട്ടിക്കുള്ളിലും സംഭവം വലിയ ചർച്ചയായതോടെ എച്ച് സലാം എംഎൽഎയുടെ ഓഫീസ് ഇടപെട്ട് പുതിയ നോട്ടീസ് പുറത്തിറക്കി. സുധാകരന്റെ പേരുള്ള കെട്ടിടത്തിന്റെ ചിത്രമാണ് പുതിയ നോട്ടീസിൽ കൊടുത്തിരിക്കുന്നത്. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്‌ച്ച കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാന സമിതി അംഗമായ ജി. സുധാകരനെതിരെ പാർട്ടി നടപടിയെടുത്തിരുന്നു.

അമ്പലപ്പുഴയിലെ ഇടത് സ്ഥാനാർത്ഥിയായിരുന്ന എച്ച് സലാമിന്റെ വിജയം ഉറപ്പിക്കുന്ന വിധത്തിൽ പ്രചാരണം നടത്തുന്നതിൽ സുധാകരന് വീഴ്‌ച്ച വന്നുവെന്നാണ് കണ്ടെത്തൽ. സ്ഥാനാർത്ഥിത്വം കിട്ടാതായപ്പോൾ ആത്മാർത്ഥമായി പ്രവർത്തിച്ചില്ലെന്നായിരുന്നു വിമർശനം. തുടർന്നാണ് സുധാകരനെ പരസ്യമായി ശാസിക്കാൻ തീരുമാനിച്ചത്.

ഇക്കഴിഞ്ഞ ആറാം തിയതിയാണ് ജി സുധാകരനെതിരെ സി പി എം അച്ചടക്ക നടപടി സ്വീകരിച്ചത്. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജി സുധാകരനെതിരെ ഉയർന്ന പരാതികളിൽ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് അനുസരിച്ച് പരസ്യ ശാസ‌ന ആയിരുന്നു നടപടി. സുധാകരനെതിരെ പരാതി ഉന്നയിച്ച എച്ച് സലാമിനെതിരെയും റിപ്പോർട്ടിൽ കണ്ടെത്തലുകളുണ്ട്. ഇതിനിടയിലാണ് ഇപ്പോൾ എം എൽ എയുടെ ഓഫിസ് തന്നെ ഇടപെട്ടിറക്കിയ നോട്ടീസിൽ സുധാകരനെ വെട്ടിയതെന്ന വിവാദം ശക്തമാകുന്നത്.

Top