ജിതേഷ് ഏ വി
ഫോക്കസ് കേരള 2021–ഡിഐഎച്ച് സർവേ -1
കാസർഗോഡ് :ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കാസറഗോഡ് ജില്ലാ ചുവപ്പണിയും.കോൺഗ്രസും യുഡിഎഫും സമ്പൂർണ്ണ പരാജയത്തിലേക്ക് കൂപ്പുകുത്തും .ബിജെ പി സംസ്ഥാന പ്രസിഡിഡന്റ് കെ സുരേന്ദ്രൻ മത്സരിക്കുന്ന മഞ്ചേശ്വരത്ത് ബിജെപിക്ക് വിജയപ്രതീക്ഷ .അഞ്ചു നിയോജക മണ്ഡലങ്ങൾ മാത്രമുള്ള കാസർകോട് എന്നും സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും കരുത്തുറ്റ കോട്ടയാണ്. മുസ്ലീം ലീഗും കോൺഗ്രസും ആഞ്ഞു പിടിച്ചു ഇടയ്‌ക്കൊക്കെ ഇളക്കമുണ്ടാക്കാറുണ്ടെങ്കിലും സിപിഎമ്മിന്റെയും ഇടതിന്റെയും അടിത്തറയിളക്കാൻ ഇവർക്കും ഇനിയും ആയിട്ടില്ല. എല്ലാ തിരഞ്ഞെടുപ്പിലും ഒരു സീറ്റുറപ്പെന്ന വിശ്വാസത്തോടെയാണ് ബിജെപി അവസാന നിമിഷം വരെ മത്സര രംഗത്തിറങ്ങുന്നത്. എന്നാൽ അവസാനം ബിജെപി രണ്ടാം സ്ഥാനത്ത് ആകുന്നത് കാസർകോട്ടെ സ്ഥിരം കാഴ്ചയാണ്.ആ ചിത്രം ഇത്തവണ മാറും എന്ന് തന്നെയാണ് ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡ് നടത്തുന്ന ‘ഫോക്കസ് കേരള 2021 ‘ സർവേയിൽ നിന്നും മനസിലാവുന്നത് !.
വിപുലമായ കണ്ണൂർ ജില്ല വിഭജിച്ച് 1984 മേയ് 24 ന് രൂപംകൊണ്ട ജില്ലയാണ് കാസർഗോഡ്.കിഴക്ക് പശ്ചിമഘട്ട മലനിരകളും പടിഞ്ഞാറ് അറബിക്കടലും അതിരിടുന്ന; മലയാളം, കന്നഡ, തുളു, ബ്യാരി, മറാഠി, കൊങ്കണി, ഉർദ്ദു എന്നീ സപ്ത ഭാഷകളുടെ മഹാ സംഗമഭൂമി. പശ്ചിമഘട്ട മലനിരകളോടൊപ്പം കുടകിലെ പാട്ടി മലയിൽ നിന്നും ആരംഭിക്കുന്ന 105 കിലോമീറ്ററോളം നീളമുള്ള ചന്ദ്രഗിരിപ്പുഴ അടക്കം ചെറുതും വലുതുമായ 12 നദികൾ കാസർഗോഡിനെ തഴുകി ഒഴുകുന്നു.
കർണാടക സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന കാസർഗോഡ് പഴമയിൽ പതിയുന്ന പേര് കന്നഡയിൽ കാഞ്ഞിരകൂട്ടം എന്നർത്ഥമുള്ള കസറിക്കൂട്ട് കാലാന്തരേണ കാസർഗോഡ് ആയി മാറി എന്നാണ് പറയപ്പെടുന്നത്. മഞ്ചേശ്വരം, കാസർഗോഡ്, ഹോസ്ദുർഗ്, വെള്ളരിക്കുണ്ട്, എന്നീ നാല് താലുക്കുകൾ അടങ്ങുന്ന ജില്ലയിൽ മഞ്ചേശ്വരം, കാസർഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങളാണുള്ളത്.
തെക്ക് വടക്കായി നീണ്ടു കിടക്കുന്ന കേരളത്തിൽ തെക്കേ അറ്റത്തുള്ള തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് സമാപിക്കുന്ന ചെറുതും വലുതുമായ എല്ലാ രാഷ്ട്രിയ പാർട്ടികളുടെയും മുന്നണികളുടെയും എല്ലാ തരം സംസ്ഥാന വ്യാപകമായ പ്രചരണ ജാഥകളും ആരംഭിക്കുന്നത് കാസർഗോഡ് നിന്നാണ്. അതു കൊണ്ട് തന്നെ രാഷ്ട്രീയപരമായ ഒഴുക്കും അടിഒഴുക്കും, കാറ്റും കൊടുംകാറ്റും എല്ലാം കാസർഗോഡിന് സുപരിചിതമാണ്.
എല്ലാം തികഞ്ഞ രാഷ്ട്രീയ പശ്ചാത്തലമുള്ള മണ്ണ്.
കേരളപ്പിറവിയെ തുടർന്ന് 1957 ൽ നിലവിൽ വന്ന മഞ്ചേശ്വരം ഈ കഴിഞ്ഞ ഏതാനും കാലം മുൻപ് വരെ UDF ന് ഏറെ അനുകൂലമായ ഒരു മണ്ഡലമായിരുന്നു. UDF മുസ്ലിംലീഗിന് നൽകിയ മണ്ഡലത്തിൽ 2016ൽ കേവലം 89 വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ചു കയറിയ പി വി അബ്ദ്ദുൾ റസാഖിന്റെ അകാലമരണത്തെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ 7293 വോട്ട് ഭൂരിപക്ഷത്തിന് എം സി കമറുദ്ദീൻ തിരഞ്ഞെടുക്കപ്പെട്ടു.
UDFന് അടുത്ത കാലത്തൊന്നും പരിഹരിക്കപ്പെടാനാകാത്ത തരത്തിൽ പറ്റിയ നിരവധി അഴിമതി കഥകളാലുള്ള കേടുപാടുകളിൽ ഒരെണ്ണത്തിന്റെ കാരണക്കാരനായ മഞ്ചേശ്വരത്തെ പുത്തൻ MLA കമറുദ്ദീനുമായി ബന്ധപ്പെട്ട സ്വർണ്ണ തട്ടിപ്പ് കേസ്സ് UDFന്റെ അടിവേരറുക്കാൻ കാരണമാകും എന്നതുറപ്പാണ്.
UDF നോട് മുസ്ലിംലീഗിന്റെയും കോൺഗ്രസ്സിന്റെയും ഒരു വിഭാഗം പ്രവർത്തകർക്കും നിഷ്പക്ഷമതികളായ ആളുകൾക്കും ശക്തമായ പ്രതിഷേധമാണ് ഇപ്പോൾ മഞ്ചേശ്വരത്ത് കാണാനാകുന്നത്. മുസ്ലിം സമുദായത്തിൽ നിന്നും മഹല്ല് കമ്മിറ്റികളിൽ നിന്നും വരെ രോഷം ആളിപ്പടരുമ്പോൾ ആടി ഉലയുന്നത് UDF ന്റെ വിജയപ്രതീക്ഷകളാണ്.
CPM വർഷങ്ങളായി മുന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട ഈ മണ്ഡലത്തിൽ 1987 തൊട്ട് BJP യുടെ ക്രമാനുഗതമായ വളർച്ച ഒരു യാഥാർത്ഥ്യമാണ്. 1982ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ CPI ലെ സുബ്ബറാവു വിജയിയായപ്പോൾ തൊട്ടടുത്ത എതിരാളി കോൺഗ്രസ്സിലെ കരുത്തനായ എൻ രാമകൃഷണനായിരുന്നു.
UDF 1987 മുതൽ മണ്ഡലം മുസ്ലിംലീഗിന് നൽകിയ ശേഷം തൊട്ടാണ് BJP ഇവിടെ കൂടുതൽ ശക്തി പ്രാപിക്കാൻ തുടങ്ങിയത്.
മൂന്നര പതിറ്റാണ്ടിനടുത്ത കാലമായി മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തി നിൽക്കുന്ന BJP ക്ക് ഇത്തവണയും നിയമസഭാഗത്തിനെ കിട്ടുമെങ്കിൽ അത് കേരളത്തിലെ ഒന്നാമത്തെ മണ്ഡലമായ മഞ്ചേശ്വരത്ത് നിന്ന് ആകാനുള്ള സാദ്ധ്യത ഏറെയാണ്. വർഗ്ഗീയ കക്ഷികളെ മാറ്റിനിർത്താൻ വോട്ടർമാർ ഉറച്ച തീരുമാനം കൈകൊണ്ടാൽ, വട്ടിയൂർകാവ് ഉപതിരഞ്ഞെടുപ്പിൽ സംഭവിച്ചതു പോലൊരു അത്ഭുതം സംഭവിച്ചാൽ, മുന്നാംസ്ഥാനത്ത് തള്ളപ്പെട്ടിട്ടുള്ള LDF ന് സമ്പന്നമായ ഗതകാല സ്മൃതികളുടെ വിജയഗാഥ മഞ്ചേശ്വരം മണ്ഡലത്തിൽ രചിക്കാം.
ജില്ലയിൽ ഇത്തവണ UDFന് കുറച്ചു കൂടി അധികം പ്രതീക്ഷ വച്ചു പുലർത്താനാവുക 1957 ൽ തന്നെ നിലവിൽ വന്ന കാസർഗോഡ് മണ്ഡലത്തിലാണ്. പതിറ്റാണ്ടുകളായി മുസ്ലിംലീഗ് തങ്ങളുടെ പൊന്നാപുരം കോട്ടയായി ജില്ലയിൽ കാക്കുന്ന മണ്ഡലമാണ് കാസർഗോഡ്. 8607 വോട്ട് ഭൂരിപക്ഷമാണ് ഇവിടെ മുസ്ലിംലീഗിന് കഴിഞ്ഞ തവണ ഉണ്ടായിരുന്നത്. ഇവിടെയും രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് BJP യാണ്. 1982 മുതൽ BJP യുടെ കാസർഗോഡ് മണ്ഡലത്തിലെ വളർച്ച ശ്രദ്ദേയമാണ്.
മുസ്ലിംലീഗിലെ നേതാക്കളുടെ നിരവധിയായ അഴിമതികൾ പൊതു സമൂഹത്തിൽ ആഴത്തിൽ ചർച്ച ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ കേവലം അഞ്ചായിരം UDF വോട്ട് BJP ക്ക് അനുകൂലമായി മറിഞ്ഞാൽ BJP ക്ക് ജില്ലയിൽ നിന്ന് രണ്ടാമതൊരു നിയമസഭാഗത്തിനെ കിട്ടും. BJP വരാതിരിക്കാൻ ബഹുഭൂരിപക്ഷം ന്യൂനപക്ഷങ്ങളും മതേതരവാദികളും LDF നെ സഹായിച്ചാൽ മാത്രം LDF ന് വിജയിക്കാം. ഇതിൽ ഏതുകാര്യം നടന്നാലും പിന്നെ ഇത്തവണ കാസർഗോഡ് ജില്ലയിൽ നിന്ന് UDF ന് MLA മാരുണ്ടാകുകയില്ല.
You May Like :കേരളം ആര് നേടും.വോട്ടർ അറിയാത്ത തിരഞ്ഞെടുപ്പ് സർവ്വേ; വ്യത്യസ്തമായ സർവ്വേയുമായി ഹെറാൾഡ്
1977ൽ നിലവിൽ വന്ന ഉദുമ മണ്ഡലം കോൺഗ്രസ്സിന് അപ്രാപ്യമായിരുന്നില്ല. കോൺഗ്രസ്സ് നേതാവ് KP കുഞ്ഞിക്കണ്ണനടക്കമുളളവർ ഒരു കാലത്ത് ജയിച്ച മണ്ഡലമാണ്. എന്നാൽ 1991 മുതൽ മണ്ഡലത്തിൽ LDF ഒഴികെ മറ്റാർക്കും വിജയം കൈവരിക്കാൻ സാധിച്ചിട്ടില്ല.
എന്തു വില കൊടുത്തും മണ്ഡലം പിടിച്ചെടുക്കണമെന്ന UDF തീരുമാനത്തിന്റെ ഭാഗമായി സർവ്വ സന്നാഹങ്ങളുമായി, അതിലേറെ വിജയപ്രതീക്ഷയുമായി വന്ന കോൺഗ്രസ്സിലെ കരുത്തനായ കെ സുധാകരനെ മലർത്തിയടിച്ചു വിജയം വീണ്ടും LDF നോടൊപ്പം ഉറപ്പിച്ച പാരമ്പര്യമാണ് ഉദുമക്കുള്ളത്.
ഇത്തവണയും ഫലം അങ്ങിനെ തന്നെ ആകാനെ തരമുള്ളൂ. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലങ്ങളുടെ വിജയവും ചൂണ്ടുന്നത് അതു തന്നെയാണ്.
2008 ലെ നിയമസഭാ മണ്ഡല പുനർനിർണ്ണയത്തോടെ 2011ൽ നിലവിൽ വന്ന മണ്ഡലമാണ് കാഞ്ഞങ്ങാട്. LDF, ഘടകകക്ഷിയായ CPIക്ക് നൽകിയ മണ്ഡലത്തിൽ 2011ലും 20l6 ലും മികച്ച ഭൂരിപക്ഷത്തിലാണ് ഇടതുപക്ഷം വിജയിച്ചിട്ടുള്ളത്. എടുത്തു പറയാൻ മാത്രമുള്ള ഭരണവിരുദ്ധ വികാരങ്ങൾ ഒന്നുമില്ലാത്ത, സർക്കാറിനെതിരെ ആരോപിക്കുന്ന ആരോപണങ്ങളിൽ ഉറച്ചു നിൽക്കാനാകാതെ ക്രിയാത്മക പ്രതിപക്ഷ ധർമ്മം പാലിക്കാനാകാതെ ഇപ്പോഴും ഇരുട്ടിൽ തപ്പുന്ന പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാൻ മണ്ഡലത്തിലെ ബഹു ഭൂരിപക്ഷം തയ്യാറല്ല എന്നത് അവരുടെ അഭിപ്രായപ്രകടനങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇനി ഒരു മാറ്റം ഇത്തവണ കാഞ്ഞങ്ങാടിന് ഉണ്ടാകില്ല എന്നുറപ്പിച്ച് പറയാം.
1977 ൽ രൂപം കൊണ്ടതിന് ശേഷം ഇന്നോളം LDF നെ വിശിഷ്യ CPM നെ പുൽകി പുണർന്ന മണ്ഡലമാണ് തൃക്കരിപ്പൂർ. പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷം ഇടതുപക്ഷത്തിന് അറിഞ്ഞു നൽകുന്ന തൃക്കരിപ്പൂർ മണ്ഡലത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇ കെ നായനാരെന്ന ജനകീയ മുഖ്യമന്ത്രിയുടെ വിജയഗാഥയും ഉണ്ട്. സമ്പന്നമായ ഇടതുപക്ഷ ചരിത്രം പേറുന്ന മണ്ഡലത്തിൽ മറ്റൊരു മാറ്റം എന്നത് മഹാത്ഭുതം സംഭവിച്ചാൽ മാത്രം.
കാസർഗോഡ് ജില്ലയിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ മൂന്നെണ്ണം ഉറപ്പായും ഇടതുമുന്നണിക്കൊപ്പമാണ്. വർഗ്ഗീയ കക്ഷികളെ മാറ്റിനിർത്താൻ ഇടതുപക്ഷമെന്ന വോട്ടർമാരുടെ അഭിപ്രായം അവർ നടപ്പിലാക്കാൻ തീരുമാനിച്ചാൽ സീറ്റുകളുടെ എണ്ണം നാലാകും. UDF ഒരു സീറ്റ് കൊണ്ട് ഇത്തവണ ജില്ലയിൽ തൃപ്തിപ്പെടേണ്ടി വരും. അങ്ങിനെ വന്നാൽ അത് BJP യുടെ സാദ്ധ്യതയാണ് ഇല്ലാതാക്കുക.
NDA ക്കും BJP ക്കും തിരഞ്ഞെടുപ്പ് വേളയിൽ അല്പം ആഹ്ലാദിക്കാൻ കേരളത്തിന്റെ വടക്കേ അറ്റത്ത് അവരുടെ വിജയസാദ്ധ്യതപട്ടികയിൽ ഒരു മണ്ഡലം തെളിഞ്ഞു നിൽക്കുന്നുമുണ്ട്.