തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതു മുന്നണിയ്ക്ക് നൂറിലേറെ സീറ്റു ലഭിച്ചാൽ മുഖ്യമന്ത്രിയാകാതെ പിണറായി വിജയൻ മാറി നിൽക്കുമെന്ന സൂചന. ആഭ്യന്തരമന്ത്രി സ്ഥാനം വഹിച്ച് മാറി നിൽക്കുന്ന പിണറായി വിജയൻ, മുഖ്യമന്ത്രി സ്ഥാനം കെ.കെ ഷൈജലയ്ക്കു കൈമാറിയേക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. റിപ്പോർട്ടർ ചാനലിന്റെ ക്ലോസ് എൻകൗണ്ടറിൽ നികേഷ്‌കുമാറിനോടു സംസാരിക്കുന്നതിനിടെ പാർട്ടിയുടെ നേതാവിനെ തീരുമാനിച്ചിട്ടില്ലെന്ന പ്രഖ്യാപനത്തിലൂടെ മുഖ്യമന്ത്രി നൽകുന്നത് ഒരു സൂചനയാണ്.
തിരഞ്ഞെടുപ്പിനു ശേഷം മാത്രമേ സംസ്ഥാനത്ത് മുന്നണി നേതാവിനെ തീരുമാനിക്കൂ എന്നു വ്യക്തമാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ക്ലോസ് എൻകൗണ്ടറിൽ സംസാരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയ്ക്കും മുന്നണിയ്ക്കും കൂട്ടായ നേതൃത്വമാണ് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളാണ് എല്ലാ കാലത്തും പാർട്ടിയ്ക്ക് കരുത്ത് പകരുന്നതെന്നും അദ്ദേഹം പകരുന്നുണ്ട്. പാർട്ടിയിലെ മാനദണ്ഡങ്ങൾ അനുസരിച്ച് അടുത്ത തവണ പിണറായി വിജയന് മത്സരിക്കാനാവുമോ എന്ന ചോദ്യത്തിനും കൃത്യമായ മറുപടി പിണറായിയുടെ പക്കലുണ്ട്. അതു പാർട്ടിയുടെ നയമാണെന്നും, തിരഞ്ഞെടുപ്പ് കാലത്ത് അത് ചർച്ച ചെയ്യുമെന്നുമാണ് അദ്ദേഹം പറയുന്നത്.
ഇത് തന്നെയാണ് ഇപ്പോൾ പിണറായി വിജയന് പകരം മറ്റൊരാൾ സംസ്ഥാനത്തെ മന്ത്രിസഭയെ നയിക്കാൻ എത്തുകയെന്ന സൂചന നൽകിയിരിക്കുന്നത്. പാർട്ടി പോളിറ്റ് ബ്യൂറോയിൽ വനിതയില്ലെന്നും, ഇതുവരെയും ഒരു വനിതയെ പോലും സി.പി.എം മുഖ്യമന്ത്രിയാക്കിയിട്ടില്ലെന്നുമാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്ന വിമർശനം. ഈ വിമർശനത്തെ മറികടക്കുക കൂടി ലക്ഷ്യമിട്ടാണ് ഭരണം കിട്ടിയാൽ കെ.കെ ഷൈലജ ടീച്ചറെ തന്നെ മുഖ്യമന്ത്രിയാകുന്നതിനു സി.പി.എം ആലോചിക്കുന്നതെന്നാണ് സൂചന.
നൂറ് സീറ്റിനു മുകളിൽ ഭൂരിപക്ഷമുണ്ടെങ്കിലാണ് ഷൈലജ ടീച്ചറിനെ മുഖ്യമന്ത്രിയാക്കുന്നതിനെപ്പറ്റിയുള്ള ചർച്ചകൾ ഉണ്ടാകുക. പിണറായി വിജയൻ ഇതേ സർക്കാരിൽ തന്നെ ആഭ്യന്തരമന്ത്രിയായി തുടർന്നു സർക്കാരിനെ നിയന്ത്രിക്കുന്ന രീതിയിലാണ് കാര്യങ്ങൾ വിഭാവനം ചെയ്യുന്നത്. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് പിണറായി ഇമേജിൽ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും, ഒരു വിഭാഗത്തിന് ഇപ്പോഴും പിണറായി ജന വിരുദ്ധൻ തന്നെയാണ്. ഇവരെ കൂടി ആകർഷിക്കുന്നതിനൊപ്പം സ്ത്രീകളെ കൂടുതലായി പാർട്ടിയിലേയ്ക്ക് ആകർഷിക്കുക കൂടിയാണ് ഷൈജല ടീച്ചറുടെ മന്ത്രി സ്ഥാനത്തിലൂടെ പാർട്ടി ലക്ഷ്യമിടുന്നത്.