ഷാഫി പറമ്പിലിനെതിരെ ശങ്കരനാരായണന്റെ മകള്‍ അനുപമ !വോട്ടര്‍ സ്ലിപ്പ് നല്‍കിയത് ബിജെപി മണ്ഡലം പ്രസിഡന്റ്.ഷാഫിക്കെതിരെ അടിയൊഴുക്കുകൾ

പാലക്കാട് :ഷാഫി പറമ്പിലിനെതിരെ മുന്‍ മഹാരാഷ്ട്ര ഗവര്‍ണറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.ശങ്കരനാരായണന്റെ മകള്‍ അനുപമ രംഗത്ത് എത്തി . പത്രക്കാരെ വീട്ടിൽ വിളിച്ചു വരുത്തി ചില പരിഭവങ്ങൾ പറഞ്ഞു. ശാരീരിക അസ്വസ്ഥകൾ കാരണം വീട്ടിൽ വിശ്രമിക്കുന്ന ശങ്കരനാരായണനെ കാണാൻ ഷാഫി പറമ്പിൽ പോയിട്ടില്ല. സ്ലിപ്പുകൾ ആരും കൊണ്ടു കൊടുത്തിട്ടില്ല. സീനിയർ നേതാക്കളെ കോൺഗ്രസ്സ് അവഗണിക്കുകയാണ് എന്നും പറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ.ശ്രീധരനും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.പി. പ്രമോദും അച്ഛനെ കാണാന്‍ വീട്ടില്‍ വന്നെങ്കിലും ഷാഫി മാത്രം എത്തിയില്ലെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം വോട്ടര്‍ സ്ലിപ്പ് പോലും നല്‍കിയില്ല. മറുപടി കോണ്‍ഗ്രസുകാര്‍ പറയണം. ചിലപ്പോള്‍ ഒരു വീടായി വിട്ടു പോയതായിരിക്കാം. എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. ബിജെപി മണ്ഡലം പ്രസിഡന്റ് സ്മിതേഷാണ് സ്ലിപ്പ് നല്‍കിയതെന്നും അനുപമ പറഞ്ഞു. ആര്‍ക്കും അനുകൂലമായും പ്രതികൂലമായും പറയുന്നില്ലെന്നും അച്ഛനെ ഓര്‍മ്മിപ്പിക്കാനാണ് മാധ്യമങ്ങളെ കണ്ടതെന്നും അനുപമ അഭിപ്രായപ്പെട്ടു.

അകത്ത് നിന്ന് പത്രക്കാരോട് ഇതൊക്കെ പറയുമ്പോൾ പുറത്ത് മുറ്റത്ത് BJP പ്രാദേശിക നേതാക്കൾ ഉണ്ടായിരുന്നു എന്നാണ് പാലക്കാട്ട് നിന്നുള്ള വാർത്ത. ഷാഫിക്കെതിരായ അടിയൊഴുക്കുകളുടെ സൂചനയാണ് ഇത്. വോട്ടിംഗ് കഴിയുന്ന സമയം സ്ഥാനാർത്ഥിയും സിറ്റിംഗ് MLA യും യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റും എല്ലാം ആയ വ്യക്തിക്കെതിരെ ഇത്തരം പരോക്ഷ ആരോപണങ്ങൾ ശങ്കരനാരായണന്റെ മകൾ തന്നെ ഉയർത്തിയത് ഗൗരവകരം തന്നെയാണ്.

അതേസമയം, കേരളത്തില്‍ നടക്കുന്നത് ഇഞ്ചോടിഞ്ച് മത്സരമാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വളരെയധികം മുന്‍പോട്ട് പോകാന്‍ സാധിച്ചു. 85നും 90നും ഇടയില്‍ സീറ്റ് നേടി കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്നും ഷാഫി പറഞ്ഞു.

Top