എൻഎസ്എസിനെ ചാണകമെറിഞ്ഞ് പ്രതിഷേധം.. !! ജനങ്ങളുടെ വോട്ട് സമുദായനേതാക്കളുടെ പെട്ടിയിലല്ല

അഞ്ച് മണ്ഡലങ്ങളിൽ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ രണ്ടിടത്ത് എൽ.ഡി.എഫും മൂന്നിടത്ത് യു.ഡി.എഫും വിജയം നേടിയിരിക്കുകയാണ്. ഇലക്ഷൻ ഫലം പരിശോധിക്കുമ്പോൾ സാമുദായിക ശക്തികളുടെ പ്രഖ്യാപനങ്ങളാണ് തകർന്നടിഞ്ഞതെന്ന് നമുക്ക് മനസിലാകുന്നത്.  എൽഡിഎഫ് രണ്ടിടത്തും നേടിയത് അട്ടിമറി വിജയമാണ്. വട്ടിയൂർക്കാവിലും കോന്നിയിലുമാണ് എൽഡിഎഫ് മിന്നുന്ന വിജയം നേടിയത്. ഉപതിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 14465 വോട്ടോടെയാണ്  വി.കെ പ്രശാന്ത് വട്ടിയൂർക്കാവിൽ ഉജ്വല വിജയം നേടിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിടെ രണ്ടാം സ്ഥാനം ഉണ്ടായിരുന്ന ബി.ജെ.പി ഇത്തവണ മൂന്നാം സ്ഥാനത്തേയ്ക്ക് തകർന്നുവീഴുകയാണുണ്ടായത്.

യുഡിഎഫ് നേടിയ അട്ടിമറി വിജയമായിരുന്നു അരൂരിലേത്. ഷാനിമോൾ ഉസ്മാൻ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് എൽഡിഎഫിൻ്റെ മനു സി പുളിക്കലിനെ മറികടന്നത്. കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ രണ്ട് മണ്ഡലങ്ങളായിരുന്നു വട്ടിയൂർക്കാവും അരൂരും. പ്രത്യേകിച്ചും ജാതി മത ശക്തികളുടെ പരസ്യ ഇടപെടലാണ് ഇതിനി കാരണമായത്. എൻഎസ്എസ് സമദൂരം വെടിഞ്ഞ് ശരിദൂരത്തിലേക്ക് എത്തുകയും തങ്ങളുടെ ശരിദൂരം യുഡിഎഫിനൊപ്പമാണെന്ന് തുറന്നുപറയുകയും ചെയ്തതോടെയാണ് വട്ടിയൂർക്കാവിലെ മത്സരം ശ്രദ്ധയാകർഷിച്ചത്. നായർ വോട്ടുകളാണ് വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഗതി നിർണ്ണയിക്കുക എന്നതായിരുന്നു കണക്ക് കൂട്ടൽ. മണ്ഡലത്തിൽ 42 ശതമാനം നായർ വോട്ടുകളുണ്ടെന്നാണ് വയ്പ്പ്. എന്നാൽ ഈ കണക്കുകളാണ് വി.കെ പ്രശാന്തിൻ്റെ തെരഞ്ഞെടുപ്പ് വിജയത്തോടെ തകർന്നടിഞ്ഞത്.

ഇതേ അവസ്ഥയാണ് അരൂരിലും ഉണ്ടായിരുന്നത്. അരൂരിൽ ഹിന്ദു സ്ഥാനാർത്ഥിയാണ് വേണ്ടതെന്ന് വെള്ളാപ്പള്ളി നടേശൻ പ്രഖ്യാപിച്ചതുമുതലാണ് മണ്ഡലത്തിലെ ജാതി ശക്തികളുടെ ഇടപെടൽ ചർച്ചയായത്. മണ്ഡലത്തിലെ ജനസംഖ്യയിലെ വലിയൊരു ശതമാനവും പിന്നാക്ക ജാതിക്കാരാണെന്നത് എസ്എൻഡിപിയുടെ പ്രഖ്യാപനത്തിന് ആക്കംകൂട്ടി. എന്നാൽ യുഡിഎഫിൻ്റെ ഷാനിമോൾ ഉസ്മാൻ വിജയിച്ചത് സാമുദായ ശക്തികളുടെ അടിവേരിളക്കുന്ന ഒന്നായിമാറി.

ഇതിനിടെ ശാസ്തമംഗലത്തുള്ള എൻഎസ്എസ് കരയോഗം ഓഫീസിന് നേരെ കോൺഗ്രസ് പ്രവർത്തകൻ ചാണകമെറിഞ്ഞു. ചാണകമെറിഞ്ഞ കോൺഗ്രസ് പ്രവർത്തകനായ മധുസൂദനനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വട്ടിയൂർകാവിൽ കോൺഗ്രസ് നേരിട്ട പരാജയത്തിൽ പ്രതിഷേധമായാണ് ഇയാൾ ചാണകമെറിഞ്ഞതെന്ന് പൊലീസ് പറയുന്നു. 2016 ലെ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായിരുന്ന ഇടതുപക്ഷം 2019 ലേക്ക് എത്തിയപ്പോള്‍ വലിയ തിരിച്ചുവരവാണു നടത്തിയത്. മണ്ഡലത്തിൽ യുഡിഎഫിന് പരസ്യ പിന്തുണയുമായി എൻഎസ്എസ് രംഗത്തെത്തിയിരുന്നതാണ് പരാജയകാരണമെന്നും ചിലർ വിലയിരുത്തുന്നു. എൻഎസ്എസിനെതിരെ നിലപാടടുത്ത മറ്റു സമുദായങ്ങൾ എഷഡിഎഫിനെ കൂറ്റൻ ഭൂരിപ്ക്ഷത്തിൽ വിജയിപ്പിക്കുകയായിരുന്നു

എന്നാൽ വട്ടിയൂർകാവ് ഉപതിരഞ്ഞെടുപ്പിൽ എൻഎസ്എസ് ഒരു പാർട്ടിയെയും പിന്തുണച്ചിട്ടില്ലെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പ്രതികരിച്ചു. ശരിദൂര നിലപാടാണ് സ്വീകരിച്ചതെന്നും എൽഡിഎഫിനോ യുഡിഎഫിനോ ബിജെപിക്കോ വോട്ട് ചെയ്യണമെന്നോ ചെയ്യരുതെന്നോ എൻഎസ്എസ് പറഞ്ഞിട്ടില്ലെന്നും തങ്ങളുടെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും സുകുമാരൻ നായർ ഇലക്ഷൻ ഫലം വന്നതിന് ശേഷം പറഞ്ഞു. “എൻഎസ്എസ് പരസ്യമായി ആർക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ശരിദൂരമായിരുന്നു ഞങ്ങളുടെ നിലപാട്. കോൺഗ്രസിനോ കമ്മ്യൂണിസ്റ്റിനോ ബിജെപിക്കോ ഏതെങ്കിലും സമുദായത്തിൽപ്പെട്ടവർക്കോ വോട്ട് ചെയ്യണമെന്നോ അല്ലെങ്കിൽ ഏതെങ്കിലും സമുദായത്തിൽപ്പെട്ടവർക്ക് വോട്ട് ചെയ്യാൻ പാടില്ലെന്നോ എന്റെ ഒരു പ്രസ്താവനയും എൻഎസ്എസിന്റ പേരിൽ വന്നിട്ടില്ല. ഒരു അവകാശവാദവുമില്ല, ഒരു ആശങ്കയുമില്ല, ഒരു പ്രത്യേക നേട്ടവും ഇതിൽ ഞങ്ങൾ കാണുന്നുമില്ല,” സുകുമാരൻ നായർ പറഞ്ഞു.

അതേസമയം എൻഎസ്എസിന്റെ നിലപാട് മറ്റൊരു രീതിയിൽ തിരിച്ചടിയായോ എന്ന് സംശയിക്കുന്നതായി വട്ടിയൂർകാവിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.മോഹൻകുമാർ പ്രതികരിച്ചു. കേരളത്തിലെ രണ്ട് പ്രബല സമുദായങ്ങളുടെ ആഹ്വാനങ്ങളാണ് ജനങ്ങൾ പാടെ തള്ളിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന പ്രതികരണങ്ങളിലൂടെയും ഇലക്ഷൻ റിസൾട്ടിലൂടെയും മനസിലാകുന്നത്. കേരളതതിൽ ഈഴവ വോട്ട് നായർ വോട്ട് എന്നിങ്ങനെ തരംതിച്ച വോട്ടുകളുണ്ടോ എന്ന ചർച്ചയും ഇതോടെ ഉയരുകയാണ്. ഇതെല്ലാം രണ്ട് സമുദായ നേതാക്കന്മാരുടെ പെട്ടിക്കകത്തിരിക്കുകയാണോ എന്നും ജനം ചോദിച്ച് തുടങ്ങുകയാണ്.

Top