തിരുവനന്തപുരം: കോൺഗ്രസിനെ പ്രതിരോധത്തിലാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന് പുതിയ കുരുക്ക് ! വി ഡി സതീശനെതിരായ പുനര്‍ജനി കേസില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് വിജിലന്‍സ്. സതീശന്‍ വിദേശ ഫണ്ട് പിരിച്ചതില്‍ ക്രമക്കേടെന്നാണ് വിജിലൻസിൻ്റെ കണ്ടെത്തല്‍. വിദേശ ഫണ്ട് പിരിവ് കേന്ദ്ര നിയമത്തിന്റെ ലംഘനമാണെന്നും വിജിലന്‍സ് പറയുന്നു. വിജിലൻസിന്റെ ശുപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
കേസിൽ വിജിലൻസിന്റെ അന്വേഷണം നടന്നുവരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തെളിവ് ശേഖരണം നടത്തിയെന്നാണ് അന്വേഷണ റിപ്പോർട്ടിൽ വിജിലൻസ് പറയുന്നത്. സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി വാങ്ങിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചു. അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം അടക്കം ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന് വിജിലൻസ് ശിപാർശ ചെയ്തിരിക്കുന്നത്.
അതേസമയം പുനര്‍ജനി ക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വിജിലന്‍സ് ശുപാര്‍ശയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിജിലന്‍സ് ശിപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെങ്കില്‍ അതില്‍ അന്വേഷണം പ്രഖ്യാപിക്കണം എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. തീര്‍ത്തും കോണ്‍ഫിഡന്‍സിലാണ് സതീശന്‍. സതീശനെതിരെ സിബിഐ അന്വേഷണം എന്ന ആവശ്യം വിജിലന്‍സ് തള്ളിയതാണ്.തിരഞ്ഞെടുപ്പ് അടുത്ത വേളയിലാണ് ഇത്തരമൊരു വാര്‍ത്ത വരുന്നത്. വാര്‍ത്തയുടെ ടൈമിങ് ശ്രദ്ധിക്കണം.ഇപ്പോള്‍ ഈ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയവരോട് ‘ഞാന്‍ പേടിച്ചെന്ന് പറയണം’ എന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
വിജിലന്‍സ് നേരത്തെ ഉപേക്ഷിച്ച കേസാണ് പുനര്‍ജനിയുമായി ബന്ധപ്പെട്ടുള്ളത്. അതില്‍ വീണ്ടും പരാതി എഴുതിവാങ്ങിയാണ് ഇപ്പോഴത്തെ നടപടി. അന്വേഷണം വന്നാല്‍ പ്രശ്‌നമില്ല. ഏഴ് വര്‍ഷം മുന്‍പ് തന്നെ അന്വേഷണത്തെ താന്‍ സ്വാഗതം ചെയ്തിട്ടുണ്ട്. നാലഞ്ച് കൊല്ലമായി അന്വേഷണം നടക്കുന്നു. പുനര്‍ജനിയുമായുള്ള എല്ലാകാര്യങ്ങളും കൃത്യമാണ്, നിയമപരമായി കേസ് നിലനില്‍ക്കില്ല. എഫ്‌സിആര്‍എ നിയമം ലംഘിച്ചെന്നാണ് ആക്ഷേപം. ഈ കേസ് സിബിഐക്ക് വിടട്ടെ, അന്വേഷണം നേരിടാന്‍ താന്‍ റെഡിയാണ് എന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
വിഡി സതീശനെതിരെ സ്പീക്കർ നടപടി സ്വീകരിക്കണമെന്നും വിജിലൻസ് ശിപാർശയിൽ പറയുന്നു. മണപ്പാട് ഫൗണ്ടേഷൻ എന്ന പേരിൽ പുനർജനി പദ്ധതിയ്ക്കായി ഫൗണ്ടേഷൻ രൂപീകരിച്ച് വിദേശത്ത് പോയി പണം സ്വീകരിച്ചുവെന്നാണ് വിജിലൻസ് അന്വേഷണത്തിലെ കണ്ടെത്തൽ. ഈ കണ്ടെത്തലാണ് റിപ്പോർട്ടായി മുഖ്യമന്ത്രിക്ക് കൈമാറിയിരിക്കുന്നത്. യുകെയിൽ നിന്ന് 19,95,850 രൂപ വിവിധ വ്യക്തികളിൽ നിന്ന് സ്വീകരിച്ച് മണപ്പാട് ഫൗണ്ടേഷന്റെ പേരിൽ അയച്ചുവെന്ന് കണ്ടെത്തിയെന്ന് വിജിലൻസ് വ്യക്തമാക്കുന്നു. യുകെയിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രളയബാധിതരായ സ്ത്രീകൾക്ക് പുനരധിവാസത്തിന്റെ ഭാഗമായി നെയ്ത്ത് യന്ത്രം വാങ്ങാൻ 500 പൗണ്ട് വീതം നൽകണമെന്ന് വിഡി സതീശൻ അഭ്യർഥിക്കുന്ന വീഡിയോ തെളിവായി വിജിലൻസ് പരിശോധിച്ചിട്ടുണ്ട്.



