കേവിന്‍ വധക്കേസിലെ പ്രതികള്‍ കൊടും ക്രൂരന്മാരും പ്രൊഫഷണല്‍ കൊലയാളികളും തന്നെയെന്ന് തെളിയിക്കുന്ന രംഗങ്ങളാണ് ഇന്ന് കോടതിയില്‍ അരങ്ങേറിയത്. കേസിന്റെ വിചാരണ വേളയില്‍ 26 ാം സാക്ഷിയായ ലിജോയെ കോടതിയില്‍ വച്ചു പ്രതികള്‍ ഭീഷണിപ്പെടുത്തി. പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ സാക്ഷിക്കൂട്ടില്‍ നിന്ന ലിജോയെ കഴുത്തറക്കുമെന്നു കൈ കൊണ്ടു കാണിച്ചു. ലിജോയുടെ പരാതിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കി.
കെവിന്‍ വധക്കേസില്‍ ഒന്നാം പ്രതി ഷാനു ചാക്കോയ്‌ക്കെതിരെ സുഹൃത്ത് നിര്‍ണായക മൊഴി നല്‍കിയ അവസരത്തിലാണ് സംഭവം. കെവിന്‍ കൊല്ലപ്പെട്ടെന്നു മുഖ്യ പ്രതി ഷാനു പറഞ്ഞതായി ഷാനുവിന്റെ അയല്‍ക്കാരന്‍ കൂടിയായ ലിജോയാണു മൊഴി നല്‍കിയത്. അതിനിടെയാണ് വിചാരണ വേളയില്‍ 26 -ാം സാക്ഷിയായ ലിജോയെ കോടതിയില്‍ വച്ചു പ്രതികള്‍ ഭീഷണിപ്പെടുത്തിയത്.
കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ തുടരുന്നതിനിടെയാണു ലിജോ മൊഴി നല്‍കിയത്. കെവിന്‍ കൊല്ലപ്പെട്ടശേഷം ഷാനു ഫോണില്‍ വിളിച്ചാണു ലിജോയെ വിവരം അറിയിച്ചത്. ഷാനുവിനോട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങാന്‍ നിര്‍ദേശിച്ചതായും ലിജോ കോടതിയില്‍ പറഞ്ഞു.
കെവിന്‍ കൊല്ലപ്പെടുന്നതിന് രണ്ടു ദിവസം മുമ്പ് നീനുവിന്റെ പിതാവ് ചാക്കോ കോട്ടയത്തെത്തിയതു ലിജോയോടൊപ്പമാണ്. കേസിലെ മുഖ്യപ്രതി ഷാനു, രണ്ടാം പ്രതി നിയാസ്, നാലാം പ്രതി റിയാസ് എന്നിവരെ ലിജോ തിരിച്ചറിഞ്ഞു. അതേസമയം, കേസിലെ മുഖ്യസാക്ഷി അനീഷിന്റെ വിസ്താരം പൂര്‍ത്തിയായി. പ്രതികള്‍ കെവിനെ തട്ടിക്കൊണ്ടു പോകാനുപയോഗിച്ച മൂന്ന് വാഹനങ്ങളും അനീഷ് തിരിച്ചറിഞ്ഞു.