തുന്നല്‍ ടീച്ചര്‍ എന്താ ടീച്ചര്‍ അല്ലേ, അങ്ങനെ അങ്ങ് അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യല്ലേ’; ചാനല്‍ ചര്‍ച്ചയില്‍ ബി. ഗോപാലകൃഷ്ണന് ശൈലജ ടീച്ചറുടെ മറുപടി

തിരുവനന്തപുരം: തുന്നല്‍ ടീച്ചര്‍ എന്താ ടീച്ചര്‍ അല്ലേ, അങ്ങനെ അങ്ങ് അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യല്ലേ ,എന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ .കൊവിഡ് പ്രതിരോധനപ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിപക്ഷത്തെ സഹകരിപ്പിക്കുന്നില്ലെന്നും സര്‍ക്കാര്‍ പി.ആര്‍ വര്‍ക്ക് നടത്തുകയാണെന്നും ആരെങ്കിലും എഴുതിത്തരുന്ന കാര്യങ്ങള്‍ നോക്കിവായിക്കുന്ന ആളാണ് ആരോഗ്യമന്ത്രിയെന്നുമുള്ള ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്റെ വിമര്‍ശനത്തിന് ചാനല്‍ ചര്‍ച്ചയില്‍ മറുപടി നല്‍കി ആരോഗ്യമന്ത്രി കെ.കെ ശൈലജ.

തന്നെ അങ്ങനെ അങ്ങ് അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യേണ്ടതില്ലെന്നും എഴുതിത്തന്നത് വായിക്കാന്‍ മാത്രമുള്ള ധാരണാ പിശകൊന്നും തനിക്കില്ലെന്നുമായിരുന്നു ശൈലജ ടീച്ചര്‍ മീഡിയാ ചര്‍ച്ചയില്‍ പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുന്നല്‍ ടീച്ചര്‍ എന്നൊക്കെ പറഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍ പോസ്റ്റിട്ടത് കണ്ടെന്നും തുന്നല്‍ ടീച്ചര്‍ എന്താ ടീച്ചര്‍ അല്ലേയേന്നും അങ്ങനെയൊന്നും പരിഹസിക്കാന്‍ നോക്കേണ്ടെന്നുമായിരുന്നു ഹയര്‍ സെക്കണ്ടറി വിഭാഗം ഫിസിക്‌സ് അധ്യാപിക കൂടിയായ ശൈലജ ടീച്ചര്‍ ചര്‍ച്ചയില്‍ പറഞ്ഞത്.

‘ഗോപാലകൃഷ്ണാ, ഞാന്‍ ഒന്നുമില്ലെങ്കിലും ഒരു ടീച്ചറാണല്ലോ, എനിക്ക് അക്ഷരം എഴുതാനും വായിക്കാനുമൊക്കെ അറിയാം. ഈ കാര്യത്തെ കുറിച്ച് നന്നായി പഠിച്ചിട്ട് തന്നെയാണ് ഇടപെടുന്നത്.പഠിക്കാന്‍ കഴിയാത്ത ബുദ്ധിമോശമൊന്നും എനിക്ക് ഇല്ല. ഈ ലോകത്തേക്ക് വെച്ച് എല്ലാം അറിയുന്ന ആളാണ് ഞാനെന്ന് നടിക്കാറില്ല. പക്ഷേ ഇത്തരം കാര്യങ്ങളൊക്കെ നേരിടാനും നിയന്ത്രിക്കാനും അറിയാനും പഠിക്കാനുമൊക്കെയുള്ള കഴിവില്‍ ഞാന്‍ എന്നെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യുന്നില്ല.

ഗോപാലകൃഷ്ണന് പറയേണ്ടത് പറയാം. ഗോപാലകൃഷ്ണന് എന്നോട് വ്യക്തിപരമായ സ്‌നേഹം ഉള്ള ആളൊന്നും അല്ലല്ലോ. പിന്നെ എന്നെ അധിക്ഷേപിക്കാന്‍, ഞാന്‍ മറ്റൊരു പാര്‍ട്ടിക്കാരിയുമാണ്. പിന്നെ ബി.ജെ.പിക്കാര്‍ പോലും ഗോപാലകൃഷ്ണന്‍ പറയുന്നത് വിശ്വസിക്കില്ലെന്നതാണ് മറ്റൊരു കാര്യം

പിന്നെ ഗോപാലകൃഷ്ണന്‍ ഇടയ്ക്കിടയ്ക്ക് പി.ആര്‍ വര്‍ക്ക് പി.ആര്‍ വര്‍ക്ക് എന്ന് പറയുന്നുണ്ട്. ഈ നാട്ടിലെ ജനങ്ങള്‍ വിവരമുള്ളവരാണ്. എന്ത് പി.ആര്‍ വര്‍ക്കാണ് നിങ്ങള്‍ പറയുന്നത്. പി.ആര്‍ വര്‍ക്ക് നടത്തിയിട്ട് ആരെങ്കിലും ഒരു ഇമേജ് ഉണ്ടാക്കാന്‍ നോക്കിയാല്‍ അത് നിലനില്‍ക്കില്ല.

അതേസമയം ജാഗ്രതക്കുറവുണ്ടായാല്‍ സംസ്ഥാനത്ത് കോവിഡ‍് 19ന്‍റെ സമൂഹവ്യാപനമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. ആശങ്കയുണ്ടെങ്കിലും രോഗത്തെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കെ. കെ ശൈലജ പറഞ്ഞു. വിവിധ വിമാനത്താവളങ്ങളില്‍ എത്തുന്ന കൂടുതല്‍ പ്രവാസികളില്‍ രോഗലക്ഷണം കാണിക്കുന്നുണ്ട്. രണ്ടാംഘട്ടത്തെക്കാള്‍ കൂടുതല്‍ രോഗികള്‍ സംസ്ഥാനത്തുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കുന്നത്. ജാഗ്രതയില്‍ വീഴ്ചയുണ്ടായാല്‍ വലിയ വിപത്തിനെ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും കെ കെ ശൈലജ നല്‍കി.

അതേസമയം നാട്ടിലേക്ക് തിരികെയെത്തുന്ന കൂടുതല്‍ പ്രവാസികള്‍ക്ക് രോഗലക്ഷണം കാണിച്ച് തുടങ്ങിയിട്ടുണ്ട്. സലാലയില്‍ നിന്നും കുവൈത്തില്‍ നിന്നുമായി എത്തിയ ആറു പേര്‍ക്ക് കൂടി കോവിഡ് ലക്ഷണം. ഇന്നലെ രാത്രി സലാലയില്‍ നിന്നുള്ള വിമാനത്തില്‍ കരിപ്പൂരിലെത്തിയ പാലക്കാട് സ്വദേശികളായ രണ്ട് പേര്‍ക്ക് കോവിഡ് ലക്ഷണം കാണിച്ചതിനെ തുടര്‍ന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദുബൈ-കൊച്ചി വിമാനത്തില്‍ വന്ന രണ്ട് പേരെയും കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാക്കി. കുവൈറ്റില്‍ നിന്നും എത്തിയ തിരുവനന്തപുരം സ്വദേശികളായ നാലുപേരെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡൽഹിയിൽ നിന്നുള്ള രാജധാനി എക്സ്പ്രസിൽ വന്ന ഒരാളെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Top