തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാർ ഇടിച്ചു മരിച്ച മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിന്റെ ഫോൺ ഇതുവരെ കണ്ടെത്താനാകാത്തത് ദുരൂഹത വർദ്ദിക്കുന്നുഅതിനാൽ കാണാതായ മൊബൈൽ ഫോണിലെ കോൾ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിക്കും. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്നു സൈബർ പോലീസിന് ഇതിനുള്ള കത്തു നൽകും.അപകടത്തിനു മുന്പ് ബഷീർ ഫോൺവിളിച്ചത് ആരൊക്കെയാണെന്ന് കണ്ടെത്തുന്നതിനും ഫോൺ വിളിച്ചുകൊണ്ടിരുന്ന സമയത്താണോ അപകടമുണ്ടായതെന്നുമാണ് പോലീസ് പരിശോധിക്കുന്നത്.
അപകട സമയം കൃത്യമായി മനസിലാക്കുന്നതിനും ഇത് സഹായിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അപകടത്തിനു ശേഷം ബഷീർ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കണ്ടെത്താനായിരുന്നില്ല. അപകട സ്ഥലത്തു നിന്നു കിട്ടിയ വസ്തുക്കളിൽ ഫോൺ ഉൾപ്പെട്ടിരുന്നില്ല. അതിനാലാണ് കോൾ വിവരങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്.
കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ നർകോട്ടിക് എസി ഷീൻ തറയിലിന്റെ നേതൃത്വത്തിലുളള സംഘം വെള്ളിയാഴ്ച ശ്രീറാമിനെയും വഫാ ഫിറോസിനേയും ചോദ്യം ചെയ്തിരുന്നു. കോടതിയിൽ 164 പ്രകാരം നൽകിയ രഹസ്യമൊഴി തന്നെ വഫ അന്വേഷണ സംഘത്തോട് ആവർത്തിച്ചു. താൻ മദ്യപിച്ചല്ല വാഹനം ഓടിച്ചതെന്നാണ് ശ്രീറാം അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് നൽകിയ മറുപടി. അശ്രദ്ധകൊണ്ടാണ് അപകടം ഉണ്ടായതെന്നും അപകടത്തിൽപ്പെട്ടയാളെ അറിയില്ലെന്നും പരിക്കേറ്റു കിടന്ന ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചുവെന്നും ശ്രീറാം മൊഴി നൽകി.