കൊച്ചി: കേരളത്തെ വിറപ്പിച്ച കൊച്ചിയിലെ തുടര്‍ച്ചയായ കവര്‍ച്ച നടത്തിയത് മഹാരാഷ്ട്രയില്‍ നിന്നുള്ള കവര്‍ച്ചാ സംഘമാണെന്ന് സൂചന. മഹാരാഷ്ട്രയിലെ കുപ്രസിദ്ധ കവര്‍ച്ചാ സംഘമായ ചൗഹാന്‍ ഗ്യാങ്ങാണെന്ന് കൊച്ചിയിലെ സംഭവത്തിന് പിന്നിലെന്നാണ് വിവരം. സൂചനയെ തുടര്‍ന്ന് കൊച്ചിയില്‍ നിന്നുള്ള മൂന്ന് അന്വേഷണസംഘം മഹാരാഷ്ട്രയിലെത്തിയിട്ടുണ്ട്.
വലിയ മോഷണം നടത്തിയ ശേഷമേ മഹാരാഷ്ട്ര സംഘം മടങ്ങാറുള്ളൂ. കൊച്ചിയിലെ രണ്ടു മോഷണങ്ങളിലായി 55 പവന്‍ സ്വര്‍ണം മാത്രമാണ് ലഭിച്ചത്. ഈ സാഹചര്യത്തില്‍ സംഘം സംസ്ഥാനം വിട്ടിട്ടില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. തൃപ്പൂണിത്തുറ ഏരൂരില്‍ ആനന്ദകുമാറിന്റെ വീട്ടില്‍ അഞ്ചു പേരെ കെട്ടിയിട്ട ശേഷമാണ് 50 പവന്‍ സ്വണാഭരണങ്ങളും 20, 000 രൂപയും കവര്‍ന്നത്. കൊച്ചി നഗരത്തില്‍ പുല്ലേപ്പടിയില്‍ ഇസ്മായില്‍ – സൈനബ ദമ്പതികളെ ആക്രമിച്ച് അഞ്ചു പവനും കവര്‍ന്നു.
വീട്ടുകാരെ കെട്ടിയിട്ട് മര്‍ദ്ദിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കൊച്ചിയിലെ രണ്ടു സംഭവങ്ങളിലെ തസ്‌കര സംഘങ്ങളുടെ സാന്നിദ്ധ്യം കൂടുതല്‍ സ്ഥലങ്ങളിലെ സി.സി ടിവി ദൃശ്യങ്ങളില്‍ നിന്ന് അന്വേഷണസംഘത്തിന് ലഭിച്ചു. ഇത് എവിടെയാണെന്ന് പൊലീസ് വെളിപ്പെടുത്തിയില്ല. ദൃശ്യങ്ങളുടെ വിശകലനവും സൈബര്‍ സെല്ലിന്റെ നീക്കങ്ങളും വിജയിച്ചാല്‍ രണ്ടു ദിവസത്തിനുള്ളില്‍ പ്രതികളെ പിടികൂടാന്‍ കഴിയുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
എരൂരിലെ മാേഷണത്തിന് മുമ്പാണ് തൃപ്പൂണിത്തുറ സെന്‍ട്രല്‍ തിയേറ്ററില്‍ സെക്കന്‍ഡ് ഷോയ്ക്ക് ഹിന്ദി സംസാരിക്കുന്ന 11 അംഗ സംഘമെത്തിയത്. തമിഴ് സിനിമയാണ് തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചത്. 40 ല്‍ താഴെ പേരേ തിയേറ്ററിലുണ്ടായിരുന്നുള്ളൂ. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയില്‍ സമയക്രമം പാലിക്കാനാണ് ഇവര്‍ സിനിമയ്ക്ക് എത്തിയതെന്ന് പൊലീസ് പറയുന്നു. മോഷണം നടന്ന ആനന്ദകുമാറിന്റെ വീട്ടിന്റെ ഭാഗത്തേക്ക് നാലു പേര്‍ പോകുന്നതും പിന്നീട് എട്ടു പേര്‍ തിരികെ ഓടുന്നതും തൊട്ടടുത്ത വീട്ടിലെ സി.സി ടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. തിയേറ്ററില്‍ നിന്ന് കിട്ടിയ ദൃശ്യങ്ങളിലെ ചിലരുമായി ഇവര്‍ക്ക് സാമ്യമുണ്ട്. ദൃശ്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത ലഭിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.