കൊച്ചി: ലഹിക്കടിമപ്പെട്ട് ഗുണ്ടാ സംഘത്തിനൊപ്പമെത്തിയ പതിനാറുകാരിയെ പോലീസ് രക്ഷപ്പെടുത്തി. ശനിയാഴ്ച്ച പുലര്‍ച്ചെയാണ് ഒമ്പതാം ക്ലാസുകാരിക്കൊപ്പം മയക്കുമരുന്നടിച്ച ക്വട്ടേഷന്‍ സംഘത്തെ പോലീസ് പൊക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആലുവ പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ പെണ്‍കുട്ടിയുള്‍പ്പെട്ട സംഘം യാദൃശ്ചികമായാണ് സ്‌പൈഡര്‍ പൊലീസിന്റെ മുന്നില്‍പ്പെട്ടത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; സ്‌പൈഡര്‍ പൊലീസിന്റെ രാത്രി പട്രോളിംഗിനിടെ ആലുവയില്‍ നിന്ന് ഒരു യുവാവിനെ പിടികൂടിയതോടെയാണ് സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. യുവാവ് മയക്കുമരുന്ന് ലഹരിയിലാണെന്ന് സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടിയും മറ്റു പ്രതികളും ഭക്ഷണം കഴിക്കാന്‍ പോയതാണെന്ന് അറിഞ്ഞത്. .
തുടര്‍ന്ന്, ഫെഡറല്‍ ബാങ്ക് ജംഗ്ഷന് സമീപത്തെ തട്ടുകടയിലെത്തിയ പൊലീസ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കൊപ്പം മൂന്നു യുവാക്കളെ കണ്ടെത്തുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടി കാമുകിയാണെന്നും തുടങ്ങിയ പരസ്പര വിരുദ്ധമായ മറുപടികള്‍ പൊലീസിന് ലഭിച്ചത്. എന്നാല്‍ പെണ്‍കുട്ടി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണെന്ന് അറിഞ്ഞതോടെ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടര്‍ന്ന് പെണ്‍കുട്ടിയെയും യുവാക്കളെയും സ്‌പൈഡര്‍ പൊലീസ് ആലുവ പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. പിന്നീട് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പെണ്‍കുട്ടിയെ രാവിലെ മുതല്‍ കാണാനില്ലായിരുന്നെന്ന് രക്ഷിതാക്കള്‍ പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായിട്ടുണ്ടെന്ന് പൊലീസിനെ ഉദ്ധരിച്ച് മംഗളം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനിടെ തങ്ങള്‍ കൊച്ചിയിലെ ഗുണ്ടാ നേതാവ് ഭായി നസീറിന്റെ സംഘാംഗങ്ങളാണെന്ന് പറഞ്ഞ് പ്രതികളിലൊരാളായ ആലുവ വാഴക്കുളം സ്വദേശി നസിറുദ്ദീന്‍ പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്തു.


